കറാച്ചി വിമാനാപകടത്തിൽ പാകിസ്താനി മോഡൽ മോഡൽ സാറ ആബിദ് മരണപ്പെട്ടതായി സുഹൃത്തുക്കൾ. കറാച്ചി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ചാണ് പാകിസ്താൻ ഇൻറർനാഷനൽ എയർലൈൻസിന്റെ (പിഐഎ) വിമാനം അപകടത്തിൽ പെട്ടത്. 91 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 98 പേരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്.
അപകട വാർത്ത പുറത്തുവന്നതിനു പിറകേ വിമാനത്തിലെ യാത്രികരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സാറയും മരണപ്പെട്ടതായി അവരുടെ സുഹൃത്തുക്കള്‍ ട്വീറ്റ് ചെയ്തു. അമ്മാവൻ മരിച്ചതിനെത്തുടർന്ന് ലാഹോറിൽ പോയി തിരിച്ചുവരുമ്പാഴായിരുന്നു സാറ വിമാനാപകടത്തിൽപെട്ട് മരിച്ചതെന്ന് നടിയും ആക്റ്റിവിസ്റ്റുമായ ഫ്രീഹ അല്‍ത്താഫ് ട്വീറ്റ് ചെയ്തു. അതിനിടെ സാറ ഈ മാസം 19ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയുടെ അടിക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നുണ്ട്. “ഉയരെ പറക്കുക, അത് നല്ലതാണ്” എന്നായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പ്. നിരവധി പേർ സാറയ്ക്ക് അനുശോചനമറിയിച്ചു.
ലാൻഡ് ചെയ്യാൻ ഒരുമിനുറ്റ് ശേഷിക്കേയാണ് ലാഹോറിൽനിന്ന് കറാച്ചിയിലേക്കുള്ള നമ്പർ 8303 പിഐഎ വിമാനം അപകടത്തിൽപെട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അപകട സ്ഥലത്തുനിന്ന് നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു. തിരക്കേറിയ റെസിഡൻഷ്യൽ ഏരിയയായ ജിന്നാ ഗാർഡന് സമീപമാണ് വിമാനം തകർന്നുവീണത്.
PIA Plane Crash Audio Recording: Last conversation b/w Pilots & the ATC !!
We Have Lost Engine ~ Last Words From PILOT #planecrash pic.twitter.com/ajrrPvdnYE
— Ahmed Shehwar (@AhmedShehwar1) May 22, 2020
വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പിഐഎ സിഇഒ അർഷാദ് മാലിക് പറഞ്ഞിരുന്നു.വിമാനത്തിന്റെ പൈലറ്റ് അപകടമുന്നറിയിപ്പ് നൽകിയിരുന്നതായി എയർ ട്രാഫിക് മോണിറ്ററിങ്ങ് സൈറ്റായ ‘ലൈവ്എടിസി.നെറ്റ്’ റിപോർട്ട് ചെയ്തു. വിമാനത്തിലെ എഞ്ചിനുകളിലെ പവർ നിലച്ചെന്നായിരുന്നു പൈലറ്റ് സന്ദേശം നൽകിയത്. “മെയ്ഡേ, മെയ്ഡേ” എന്ന് വിളിച്ച് തുടർന്ന് അപായ സൂചന നൽകി. 12 സെകൻഡിനുള്ളിൽ വിമാനത്തിൽനിന്നുള്ള ആശയ വിനിമയം നിലച്ചെന്നും വെബ്സൈറ്റിൽ പറയുന്നു. വയർലെസ് ഉപയോഗ ചട്ടം പ്രകാരം അപകട സൂചന നൽകുന്നതിനുള്ള കോഡ് നാമങ്ങളിലൊന്നാണ് മെയ്ഡേ.
Read More: കറാച്ചി വിമാനാപകടം: 60 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
വിമാനാപകടത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ സ്ഥലത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇന്റർനാഷനൽ എയർലൈൻസിന്റെ എടിആർ-42 വിമാനം ചിത്രലിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പറക്കുന്നതിനിടെ തകർന്നിരുന്നു. 48 യാതക്കാരും വിമാന ജീവനക്കാരും അന്ന് മരിച്ചിരുന്നു.