മലപ്പുറം: മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്‌ണന്റെയും ദിവ്യയുടെയും മകൾ നിരഞ്ജന വിവാഹിതയാകുന്നു. ശ്രീരാമകൃഷ്ണനും കുടുംബവും സ്ഥിരം സന്ദർശകരായ തവനൂരിലെ വൃദ്ധമന്ദിരത്തിൽ വച്ചാണ് വിവാഹം. തിരുവനന്തപുരം പി.ടി.പി. നഗർ വൈറ്റ്‌പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ. ഈ മാസം 22 നാണ് വിവാഹം.
തന്റെ വിവാഹം അമ്പലത്തിൽ വേണ്ട, വൃദ്ധമന്ദിരത്തിലെ അമ്മമാരുടെ മുന്നിൽവച്ചു മതിയെന്ന നിരഞ്ജനയുടെ തീരുമാനത്തെ തുടർന്നാണ് വിവാഹം ഇവിടെ നടത്താൻ തീരുമാനിച്ചത് എന്നാണ് വിവരം. ഓണം ഉൾപ്പെടെ പ്രധാനപ്പെട്ട ആഘോഷങ്ങളെല്ലാം സാമൂഹികനീതി വകുപ്പിനു കീഴിലുള്ള ഈ വൃദ്ധമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പമാണ് ഇവർ ആഘോഷിക്കാറുള്ളത്. അവിടെയുള്ളവരുമായുള്ള മാനസിക അടുപ്പമാണ് അവർക്കുമുന്നിൽ വിവാഹിതയാവാമെന്ന തീരുമാനത്തിലേക്ക് നിരഞ്ജനയെ എത്തിച്ചത്.
ഞായറാഴ്ച രാവിലെ ഒമ്പതിനാണ് വിവാഹം. വൃദ്ധസദനത്തിൽ ഉള്ളവർക്ക് പുറമെ കുടുംബാംഗങ്ങങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും.
കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്ആർ വിഭാഗത്തിലാണ് നിരഞ്ജന ജോലി ചെയ്യുന്നത്. എംബിഎയ്ക്ക് പഠിക്കുമ്പോൾ നിരഞ്ജനയുടെ സീനിയർ ആയിരുന്നു സംഗീത്. വീട്ടുകാർ തമ്മിൽ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹം.