മരണം പത്മരാജനെ പ്രലോഭിപ്പിക്കുകയും വിഹ്വലപ്പെടുത്തുകയും ചെയ്‌തിരുന്നു!

“ജീവിതം ഒരു ആഘോഷമാക്കിയിരുന്ന പത്മരാജന്റെ ജീവിതത്തിന്റെ പ്രതിഫലങ്ങൾ നായകനായ ഹരികൃഷ്ണനിലും ഒരു പരിധി വരെ കാണാം. ഇത്രയും മനോഹരമായി ഒരാൾ മരിച്ചു കിടക്കുന്നത് വേറൊരു ചിത്രത്തിലും കണ്ടിട്ടില്ല”

Padmarajan Memory Padmarajan Films Padmarajan and Death

തിരക്കഥാകൃത്തും സംവിധായകനുമായ പി.പത്മരാജൻ മൺമറഞ്ഞിട്ട് 29 വർഷം പിന്നിട്ടു. പത്മരാജൻ സിനിമകളിൽ മരണത്തിന് പ്രത്യേക സ്ഥാനമുണ്ട്. മരണം പത്മരാജനെ പ്രലോഭിപ്പിക്കുകയും വിഹ്വലപ്പെടുത്തുകയും ചെയ്‌തിരുന്നു. പത്മരാജൻ സിനിമകളിലെ മരണത്തെ കുറിച്ച് സിനിമാ നിരൂപകനായ സനൂജ് സുശീലൻ എഴുതിയ കുറിപ്പ് വായിക്കാം

മരണത്തിന് പിറകെ നടന്ന ഗന്ധർവ്വൻ

നിങ്ങളെല്ലാവരെയും പോലെ ഞാനും പത്മരാജന്റെ ഒരു ആരാധകനാണ്. ഒരു സിനിമാക്കാരൻ എന്നതിലുപരി പ്രതിഭാശാലിയായ ഒരു കഥാകൃത്തായിരുന്നു അദ്ദേഹം. സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ നിരയിൽ തന്നെ കാണുമായിരുന്നു ആ പേര്. വെറും നാൽപ്പത്തഞ്ചാം വയസ്സിൽ അങ്ങേലോകത്തേയ്ക്കു പറന്നു പോയ പത്മരാജൻ ഒരു നൂറു വർഷത്തേക്കുള്ള ഓർമകൾ ബാക്കിയാക്കിയാണ് പോയത്.

Read Also: The Kung Fu Master Movie Review: മഞ്ഞു പൊതിഞ്ഞ താഴ്‌വരയിലെ ഇടി പൂരം; ‘ദി കുങ് ഫു മാസ്റ്റർ’ റിവ്യൂ

നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? മരണം എന്ന വിഷയത്തോട് ഒരുതരം ഭയം കലർന്ന ആസക്തിയുണ്ടായിരുന്ന ഒരാളാണ് അദ്ദേഹം. പത്മരാജൻ എഴുതിയ ചില കഥകളിലും സിനിമകളിലും മരണം കരിമ്പടം പുതച്ച ഒരു കഥാപാത്രമായിഎവിടെയെങ്കിലുമുണ്ടായിരുന്നു. സ്വന്തം സഹോദരങ്ങൾ വളരെ ചെറിയ പ്രായത്തിൽ തന്നെ നഷ്ടപ്പെട്ടത് കൺമുന്നിൽ കാണേണ്ടി വന്നയൊരാളാണ് അദ്ദേഹം. താനും അധികനാൾ ജീവിച്ചിരിക്കുമോ എന്നൊരു ഭയം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് ചിലയിടത്തൊക്കെ വായിച്ചിട്ടുണ്ട്. അധികമാർക്കും എഴുതാൻ താൽപര്യമില്ലാത്ത ഒരു വിഷയമാണ് മരണം. ഏറ്റവും കാവ്യാത്മകമായി അതിനെ സമീപിച്ച അദ്ദേഹത്തിന്റെ ചില സിനിമകൾ ഓർത്തെടുക്കുമ്പോൾ…

മൂന്നാംപക്കം

മനോഹരമായ ഒരു ഗ്രാമത്തിൽ, സ്വന്തം കൊച്ചു മകനെയും കാത്തിരിക്കുന്ന ഒരു മുത്തച്ഛനാണല്ലോ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. പക്ഷെ കഥ പകുതിയാകുമ്പോൾ ആ കാത്തിരിപ്പിന്റെ സ്വഭാവം മാറുകയാണ്. കടൽ കൊണ്ടുപോയ മകനെ മൂന്നാം നാൾ കടൽ തന്നെ തിരികെ വരുന്നതും കാത്തിരിക്കുന്ന ഒരാളായിത്തീരുന്നു ആ മുത്തച്ഛൻ. ആ മൂന്നു ദിവസം ചിത്രീകരിച്ചിരിക്കുന്നത് അതിഭയാനകമായിട്ടാണ്. തീരത്തടുക്കുന്ന എന്ത് വസ്‌തുവും പ്രേക്ഷകനിൽ ഒരു ഞെട്ടലാണ് സൃഷ്ടിക്കുന്നത്. ഒടുവിൽ മൂന്നാം നാൾ ഭാസിയുടെ മൃതശരീരം കടൽ തിരികെ കൊണ്ടുവരുമ്പോൾ നിലവിളിച്ചു കൊണ്ട് അത് പറയാൻ ഓടുന്ന കവല സത്യത്തിൽ ഒരു ആശ്വാസമാണ് നൽകിയത്. മൂന്നു ദിവസം പെയ്യാതെ കെട്ടി നിന്ന ഒരു മഴ പെയ്തു തീർന്നത് പോലെ…!

കരിയിലക്കാറ്റുപോലെ 

പിത്തളയിൽ തീർത്ത സൂചി പോലുള്ള അലുക്കുകൾ അലങ്കരിച്ച ഒരു സപ്രമഞ്ചകട്ടിലിൽ, അതിലൊരു സൂചി കഴുത്തിൽ കുത്തികയറി ചോര വാർന്നു മരിച്ചു കിടക്കുന്ന ഒരു കഥാകാരനിൽ നിന്നാണ് ഈ സിനിമയുടെ തുടക്കം. ജീവിതം ഒരു ആഘോഷമാക്കിയിരുന്ന പത്മരാജന്റെ ജീവിതത്തിന്റെ പ്രതിഫലങ്ങൾ നായകനായ ഹരികൃഷ്ണനിലും ഒരു പരിധി വരെ കാണാം. ഇത്രയും മനോഹരമായി ഒരാൾ മരിച്ചു കിടക്കുന്നത് വേറൊരു ചിത്രത്തിലും കണ്ടിട്ടില്ല. വേറെയുമുണ്ട് ഇതിലെ കൗതുകങ്ങൾ.

ഹരികൃഷ്ണൻ മരിക്കുന്നതിന് മുമ്പ് അവസാനമായി എഴുതിക്കൊണ്ടിരുന്ന നോവലിലും ഒരു മരണം നടക്കുന്നുണ്ട്. എന്നാൽ ആരാണ് കൊലപാതകി എന്ന് പറയാതെ ആ കഥ അവസാനിക്കുകയാണ്. ആ കഥ അറം പറ്റിയത് പോലെ ഹരികൃഷ്ണന്റെ കൊലപാതകവും തെളിയിക്കപ്പെടാത്ത പോകുമോ എന്നൊരു ഭയം ആ കേസ് അന്വേഷിക്കുന്ന അച്യുതൻകുട്ടിയും പ്രകടിപ്പിക്കുന്നുണ്ട്. കഥയുടെ അവസാനം കുറ്റവാളി ( അതാരാണെന്ന് ഇവിടെ പറയുന്നില്ല ) എഴുതിയ ആത്മഹത്യാ കുറിപ്പ് അവന്റെ തന്നെ ചിതയിലെറിയുന്ന അച്യുതൻകുട്ടി ആ നോവലിലെ അന്ത്യമാണ് യഥാർത്ഥത്തിൽ പുനരാവിഷ്കരിക്കുന്നത്.

അപരൻ

സ്വന്തം മുഖച്ഛായയുള്ള വേറൊരാൾ കാരണം കുഴപ്പങ്ങളിൽ ചെന്ന് ചാടുന്ന വിശ്വനാഥനാണ് ഈ സിനിമയിലെ സിനിമയിലെ പ്രധാന കഥാപാത്രം. സ്വന്തം അപരൻ ഒരു സാധാരണക്കാരനല്ല, എണ്ണം പറഞ്ഞൊരു ക്രിമിനലാണ്! അയാൾ വരുത്തിവയ്‌ക്കുന്ന കുഴപ്പങ്ങൾക്കെല്ലാം പ്രതിഫലം കിട്ടുന്നത് പാവം വിശ്വനാഥനും. അയാളെ കണ്ടുപിടിക്കാനുള്ള കള്ളനും പൊലീസും കളിയിൽ എപ്പോഴും പരാജയപ്പെടുന്നതും വിശ്വനാഥൻ തന്നെ. ജീവിതം വഴിമുട്ടിയ അയാളുടെ മുന്നിൽ ഒടുവിൽ രക്ഷകനായി അവതരിക്കുന്നതും മരണമാണ്. ഒരു സംഘട്ടനത്തിൽ മരണമടയുന്ന അപരൻ താൻ തന്നെയാണ് എന്ന് സ്വയം പറഞ്ഞുകൊണ്ട് പുതിയ ജീവിതത്തിലേയ്ക്ക് പുഞ്ചിരിയോടെ നടക്കാൻ തുടങ്ങുന്ന വിശ്വത്തിലാണ് കഥ അവസാനിക്കുന്നത്. ഒരുപക്ഷേ ഒരു ശുഭാന്ത്യം സൃഷ്ടിക്കാൻ വേണ്ടി മരണം രംഗപ്രവേശം ചെയ്യുന്ന ആദ്യത്തെ കഥകളിലൊന്ന്.

‘കൂടെവിടെ’യും ‘ഈ തണുത്ത വെളുപ്പാൻ കാലത്തും’ വേറെ ചില സിനിമകളും

ഒരു അധ്യാപികയും വിദ്യാർഥിയും തമ്മിലുള്ള ബന്ധത്തെ തെറ്റിധരിച്ചു ഒടുവിൽ അവനെ വകവരുത്തുന്ന ക്യാപ്റ്റൻ തോമസാണ് ‘കൂടെവിടെ’യുടെ ദാരുണമായ അന്ത്യരംഗത്തിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ അതുപോലെയല്ല പത്മരാജൻ രചന നിർവഹിച്ച ‘ഈ തണുത്ത വെളുപ്പാൻ കാലത്ത്’. സ്വന്തം ജീവിതത്തിൽ ദുരന്തം വിതച്ച സുഹൃത്തുക്കളെ വർഷങ്ങൾക്കു ശേഷം പിന്തുടർന്ന് കൊന്നു തള്ളുന്ന കൊലപാതകി. കൊന്നതിനു ശേഷം മൃതശരീരത്തിന്റെ വായ തുറന്നു ഒരുപിടി ചകിരി തിരുകി വച്ചിട്ടു കടന്നു പോകുന്ന ഒരാൾ. ഓരോ മരണത്തിലും ജഡങ്ങളുടെ വായിൽ അവശേഷിച്ചു പോകുന്ന ആ ചകിരിക്കഷണം നൽകുന്ന ഫീൽ ഭീകരമാണ്. അന്നത്തെ അപസർപ്പക ചിത്രങ്ങളിൽ സർവസാധാരണമായ കോട്ടും ബൂട്ടും കൗബോയ് ഹാറ്റുമൊക്കെ ജോഷി കൊലപാതകിയിൽ പിടിപ്പിച്ചു കൊടുത്തിട്ടുണ്ടെങ്കിലും പ്രതികാരത്തിന്റെ ഒരു കഥയാണ് പറയുന്നതെന്ന സൂചനകൾ നൽകാൻ ആ ചകിരിക്കഷണങ്ങൾ സഹായിച്ചിട്ടുണ്ട്. ‘ഞാൻ ഗന്ധർവൻ’ എന്ന അദ്ദേഹത്തിന്റെ അവസാന ചിത്രത്തിലും നായകനായ ഗന്ധർവനെ ആകാശത്തു നിന്ന് അശരീരിയായി വരുന്ന ബ്രഹ്മകൽപ്പനയുടെ പശ്ചാത്തലത്തിൽ മായ്ച്ചു കളയുകയാണ്.

വന്യമായ രീതിയിൽ കഥ പറയുന്ന, തന്നിലെ വിഹ്വലതകൾ അതേ ഡിഗ്രിയിൽ, അല്ലെങ്കിൽ ഒരു നില കൂടി മുകളിൽ അവതരിപ്പിച്ചിട്ടുള്ള ബ്രില്ല്യന്റ് ആയ ചലച്ചിത്രകാരന്മാരിൽ ഒരാളാണ് പത്മരാജൻ. ഇങ്ങനെയൊക്കെയുള്ള കഥകൾ പറഞ്ഞിട്ടുണ്ടെങ്കിലും നമ്മൾ അതൊന്നും ഓർമയിൽ സൂക്ഷിക്കുന്നില്ലെന്നതിന്റെ തെളിവാണെന്ന് തോന്നുന്നു തൂവാനത്തുമ്പികളും മുന്തിരിത്തോപ്പുകളും മാത്രം ചർച്ച ചെയ്യപ്പെടുന്നത്. ചില നിരീക്ഷണങ്ങൾ എഴുതിയെന്നേയുള്ളൂ. വ്യക്തിപരമായ അഭിപ്രായങ്ങളാണ്. കേവലം മരണത്തിന്റെ കറുത്ത കഥ പറഞ്ഞ ഒരാൾ മാത്രമായി പത്മരാജനെ അവതരിപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടില്ല എന്ന് കൂടി പറഞ്ഞുകൊള്ളട്ടെ.

Sanuj Suseelan 

Web Title: P padmarajan memory death in padmarajan films

Next Story
അന്നത്തെ ഈ ചുള്ളൻ ചെക്കനാണ് ഇന്നത്തെ കോടീശ്വരനായ വ്യവസായിratan tata, രത്തൻ ടാറ്റ, ratan tata instagram, രത്തൻ ടാറ്റ ഇൻസ്റ്റഗ്രാം, ratan tata old pic, ratan tata instagram throwback thursday, ratan tata throwback thrusday old pic, ratan tata young pic, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com