ഒമർ ലുലു സംവിധാനം നിർവഹിക്കുന്ന ‘ഒരു അഡാറ് ലവ്’ലെ “മാണിക്യ മലരായ പൂവി” എന്ന വൈറൽ ഹിറ്റ് ഗാനം സൗത്ത് ഇന്ത്യയിൽ നിന്നും യൂട്യൂബിൽ ഏറ്റവും വേഗത്തിൽ 5 കോടി വ്യൂസ് കരസ്ഥമാക്കിയ വീഡിയോയായി മാറി. വെറും 28 ദിവസങ്ങൾക്കുള്ളിലാണ് ഗാനം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ ഫെബ്രുവരി 9നാണ് ഗാനം റിലീസ് ചെയ്തത്. അതിനു ശേഷം അടുത്ത നാല് ദിവസവും തുടർച്ചയായി യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്തെ സ്ഥാനത്തു തന്നെ തരംഗമായി തുടർന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, യുഎഇ, നേപ്പാൾ എന്നിവിടങ്ങളിലും ഗാനം ട്രെൻഡിങ് ആയി. ഒരാBd; തികയും മുമ്പേ ഗാനം 2.5 കോടി വ്യൂസും നേടി. ഇപ്പോൾ വീഡിയോക്ക് 645,000ൽ അധികം ‘ലൈക്‌സ്’ ലഭിച്ചിട്ടുണ്ട്. ഒരു മലയാളം വീഡിയോക്ക് ഇതുവരെ യൂട്യൂബിൽ കിട്ടിയിട്ടുള്ള ഏറ്റവും കൂടുതൽ ലൈക്കുകളാണിത്.

പി.എം.എ.ജബ്ബാർ രചിച്ച “മാണിക്യ മലരായ പൂവി” എന്ന ഈ മാപ്പിള പാട്ടിന്റെ യഥാർത്ഥ സംഗീത സംവിധായകൻ തലശ്ശേരി കെ.റഫീഖ് ആണ്. ഷാൻ റഹ്‌മാൻ മനോഹരമായി ഈ ഗാനത്തിന് പുതിയൊരു ഭാവം നൽകി പുനരവതരിപ്പിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനം റിലീസ് ചെയ്ത ഉടനെ തന്നെ ചിത്രത്തിൽ അഭിനയിച്ച പുതുമുഖം പ്രിയ പ്രകാശ് വാരിയർ ഒരു ദിവസം കൊണ്ട് തന്നെ ഇന്റർനെറ്റ് സെൻസേഷൻ ആയി മാറി. ഗൂഗിളിൽ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ നടി എന്ന റെക്കോര്‍ഡും പ്രിയ ഇപ്പോള്‍ സ്വന്തമാക്കിയിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് പ്രിയയുടെ ഇൻസ്റ്റാഗ്രാമിൽ 606,000 അധികം ഫോളോവേഴ്സും കൂടിയിരുന്നു.

ഒമർ ലുലു കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ‘ഒരു അഡാറ് ലവ്’ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. പുതുമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേർന്നാണ്. സിനു സിദ്ധാർഥ് ഛായാഗ്രഹണവും അച്ചു വിജയൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. ഔസേപ്പച്ചൻ മൂവി ഹൌസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴിയാണ് ഈ ചിത്രം നിർമിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook