ഒരാളുടെ കണ്ണുകളും തലച്ചോറും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് കാണിച്ചു തരികയാണ് പലപ്പോഴും ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ നിങ്ങളുടെ തലച്ചോറിനെ കൂടുതൽ ഷാർപ്പാക്കുകയാണ്. ഒരു കാര്യത്തെ കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കാനും മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ മനസ്സിലാക്കാനും ഒപ്റ്റിക്കൽ ഇല്യൂഷൻ നിങ്ങളെ സഹായിക്കും. ‘നോക്കലും’ ‘കാണലും’ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ യഥാർത്ഥത്തിൽ സഹായിക്കുന്നുണ്ട്.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ കാണാനും അതിനകത്ത് ഒളിഞ്ഞിരിക്കുന്ന കൗതുകങ്ങൾ കണ്ടെത്താനും ഇഷ്ടമുള്ള ആളുകൾ ഏറെയാണ്. ലോകം ആകമാനം ദശലക്ഷക്കണക്കിന് ആളുകളെയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ആകര്‍ഷിക്കുന്നത്.
മസ്തിഷ്കത്തിന് അൽപ്പം ഉണർവ്വേകാൻ താഴെ നൽകിയിരിക്കുന്ന ഈ പിങ്ക് ഡോട്ട് ഇല്യൂഷൻ പരീക്ഷിച്ചു നോക്കൂ. ഈ ജിഫ് ഫയലിൽ കാണുന്ന കറങ്ങുന്ന പിങ്ക് ഡോട്ടിന്റെ ചലനം നിരീക്ഷിക്കൂ. ഡോട്ടുകളിലേക്ക് തന്നെ നോക്കിയിരിക്കുമ്പോൾ നിങ്ങൾക്ക് പിങ്ക് നിറം മാത്രമേ കാണാനാവൂ. എന്നാൽ ഡോട്ടുകളുടെ മധ്യഭാഗത്തായി നൽകിയ + ചിഹ്നത്തിലേക്ക് നോക്കൂ, അപ്പോൾ ചലിക്കുന്ന പിങ്ക് ഡോട്ടുകൾ പച്ചയായി മാറുന്നത് കാണാം. അൽപ്പസമയം +ൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചാൽ കുറച്ചുകഴിയുമ്പോൾ എല്ലാ പിങ്ക് ഡോട്ടുകളും സാവധാനം അപ്രത്യക്ഷമാകും, ഒരു പച്ച ഡോട്ട് മാത്രം കറങ്ങുന്നത് നിങ്ങൾക്ക് കാണാം.
നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും. കാരണം യഥാർത്ഥത്തിൽ അവിടെ പച്ച ഡോട്ട് ഇല്ല, പിങ്ക് നിറത്തിലുള്ളവ ശരിക്കും അപ്രത്യക്ഷമാകുന്നുമില്ല. എന്നിരുന്നാലും ഒരു നിമിഷത്തേക്ക് നിങ്ങളുടെ കാഴ്ചയെ കബളിപ്പിക്കാൻ മസ്തിഷകത്തിനു സാധിക്കും.
കുട്ടികളിലെ വൈജ്ഞാനികമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചില ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, സാധാരണയായി പലരും ഉപയോഗിക്കാത്ത തലച്ചോറിന്റെ വലതുഭാഗത്തെ ഉത്തേജിപ്പിക്കുന്നതിനും ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സഹായിക്കുന്നു. ഓർമശക്തി കൂട്ടുക, പ്രശ്‌നങ്ങൾ പരിഹാരിക്കാനുള്ള കഴിവ് വർധിപ്പിക്കുക, വിഷ്വൽ റീകോളിംഗ് എന്നിവ മെച്ചപ്പെടുത്താനൊക്കെ ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ ഉപയോഗപ്പെടുത്താറുണ്ട്.