”ചുമ്മാ പറ്റിക്കാനാണെങ്കില്‍ പോലും ഇങ്ങനെയാന്നും ആരോടും പറയരുതെന്നു പറ സാറേ,” ആക്ഷന്‍ ഹീറോ ബിജുവെന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം നിവിന്‍ പോളിയുടെ എസ് ഐ ബിജു പൗലോസിനോട് പറയുന്ന സംഭാഷണം അത്രമേല്‍ പ്രശസ്തമാണ്.
അതേ വാക്കുകളാണ് ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം കണ്ട മിക്കവര്‍ക്കും നാവിൽ വന്നത്. ചിത്രത്തില്‍ എവിടെ പുലി, ചുമ്മാ കളിപ്പിക്കല്ലേ എന്നാണ് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്.
എന്നാല്‍, ഇത് കളിയല്ല, കാര്യം തന്നെയാണ്. മഞ്ഞുവീണുകിടക്കുന്ന ഈ പാറക്കെട്ടില്‍ ഒരു പുള്ളിപ്പുലിയുണ്ട്. 18 സെക്കന്‍ഡില്‍ കണ്ടുപിടിക്കാന്‍ പറ്റുമോയെന്നു ശ്രമിച്ചുനോക്കൂ. 18 സെക്കന്‍ഡില്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഒളിഞ്ഞിരിക്കുന്ന പുലിയേക്കാള്‍ വലിയ പുലിയാണു നിങ്ങള്‍.

ചിത്രം നോക്കിയോ? ഇപ്പോള്‍ മനസിലായില്ലേ വെല്ലുവിളി എത്രമാത്രം കഠിനമാണെന്ന്. കണ്ണിനും തലച്ചോറിനും മികച്ച വ്യായാമം നല്‍കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പൊതുവെ പ്രയാസമുള്ളവയാണ്. അതിന്റെ പതിന്മടങ്ങ് ബുദ്ധിമുട്ടാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ഹിമപ്പുലിയെ കണ്ടെത്തുന്നത്.
മണ്ണിനോട് സാദൃശ്യമുള്ള നിറത്തിലാണു പാറക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് അതേ നിറമാണു പുലിക്കും. അതുകൊണ്ടാണ് പുലിയെ കണ്ടുപിടിക്കുന്നതു വളരെ പ്രയാസകരമാവുന്നത്. സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ ചിത്രമെങ്കിലും പുലിയെ കണ്ടെത്തിയവര്‍ വളരെ അപൂര്‍വമാണ്.

റയാന്‍ ക്രാഗന്‍ എടുത്ത ഈ ചിത്രം ഐ എഫ് എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെയാണു ട്വിറ്ററില്‍ പങ്കുവച്ചത്. ”ഫാന്റം ക്യാറ്റ്…! അവയെ മലകളുടെ പ്രേതമെന്ന് വിളിക്കുന്നു. നിങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയുമോ?”എന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം പങ്കുവച്ച ചിത്രം നിരവധി പേരെയാണ് ആകര്‍ഷിച്ചിരിക്കുന്നത്.
എന്നാല്‍, മരം കണ്ടു കാട് കണ്ടില്ല എന്നു പറഞ്ഞതുപോലെ മിക്കവരും പാറ മാത്രമാണു ചിത്രത്തില്‍ കണ്ടത്. ക്ഷമനശിച്ച പലരും ചിത്രത്തില്‍ മഞ്ഞു പുള്ളിപ്പുലിയുണ്ടെന്നതു സത്യമാണോയെന്നും അത് എവിടെയാണെന്നും ചോദിച്ചുകഴിഞ്ഞു.
നിങ്ങളും ശ്രമിച്ചുകാണുമല്ലോ? കണ്ടെത്തിക്കഴിഞ്ഞോ? ഇല്ലാത്തവര്‍ നിശ്ചിത സമയത്തിനുള്ളില്‍ ഒരു ശ്രമം കൂടി നടത്തൂ. എന്നിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം പരിശോധിക്കൂ.

ഇപ്പോള്‍ മനസിലായില്ലേ ഇത് ഒന്നൊന്നര വെല്ലുവിളിയായിരുന്നും ഇവന്‍ ‘ശരിക്കും പുലിയല്ല, പുപ്പുലി’യാണെന്നും. ഇനി പുലിയെ കണ്ടുപിടിച്ചവരോട് പറയാന്‍ തോന്നുന്നില്ലേ, ‘എന്തൊരു കണ്ണുകളാ നിങ്ങളുടേത്’ എന്ന്.