ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലും പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. ദിവസവും വാർത്താസമ്മേളനം നടത്തുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മീഡിയ മാനിയ ആണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ചെന്നിത്തലയെ വിമർശിച്ചുകൊണ്ടുള്ള യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ആലപ്പുഴ സ്വദേശിയായ ഷെഫിൻ ജാഫർ എന്ന യുവാവാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ വിമർശിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്.
ശ്രീ. രമേശ് ചെന്നിത്തലക്കൊരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് ഷെഫിന്റെ കുറിപ്പ് തുടങ്ങുന്നത്. “ബഹുമാനപെട്ട ശ്രീ. രമേശ് ചെന്നിത്തല ജീ, ദീർഘകാലമായി കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യുകയും, ഗൃഹപ്രവേശനസമയത്തു ഇന്ദിരാ ഗാന്ധിയുടെയും നെഹ്റുവിന്റെയും ഫോട്ടോ ചുമരിൽ വെക്കുകയും ചെയ്യുന്ന ഒരുപാട് കോൺഗ്രസ് കുടുംബങ്ങളിൽ ഒരെണ്ണമാണ് എന്റേത്. അതുകൊണ്ട് താഴെ പറയുന്ന കാര്യങ്ങൾ കണ്ടു ഞാനൊരു ഇടത് അനുഭാവി ആണെന്നുള്ള മുൻവിധിയിൽ എത്തരുതെന്നു ആദ്യമേ അപേക്ഷിക്കുന്നു.”
“ശ്രീ. ഷൈലജ ടീച്ചറിന്റെയും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയും മുന്നിൽ അങ്ങ് അങ്ങെയേ തന്നെ തോൽപ്പിക്കുകയായിരുന്നു. താഴെ കാണുന്ന ചിത്രം ഞാൻ അങ്ങ് ആഭ്യന്തരമന്ത്രി ആയ സമയത്തു ഒപ്പമിരുന്നു എടുത്തതാണ്. അന്നത് നിധിപോലെ സൂക്ഷിച്ചിരുന്ന എന്നോട് എനിക്കിന്ന് തോന്നുന്നത് സഹതാപത്തിലും വിലകുറഞ്ഞതെന്തോ ആണ്. ആരോഗ്യമന്ത്രി അമിതമായി പത്രസമ്മേളനം നടത്തുന്നുവെന്നു മറ്റൊരു പത്രസമ്മേളനം നടത്തി അറിയിച്ച അങ്ങയെ കാണുമ്പോൾ ചെസ്സുകളിയിൽ തോറ്റ അരശുമ്മൂട്ടിൽ അപ്പുക്കുട്ടനെ ഓർമ വരുന്നത് കൊണ്ട്, ഞാനീ ചിത്രം എന്നന്നേക്കുമായി നശിപ്പിച്ചു കളയുന്നു,” എന്ന വാക്കുകളോടെയാണ് ഷെഫിൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Read more: ഗോ കൊറോണ ഗോ; പാട്ടു പാടി വൈറസിനെ തുരത്താൻ ശ്രമം, വീഡിയോ വൈറലാവുന്നു