വ്യാഴാഴ്ച്ചയാണ് ടെന്നിസ് താരം സാനിയ മിര്‍സ തന്റെ 32ാം ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചത്. സാനിയ മിർസയുടെ ജന്മദിനത്തിൽ ആരാധകർക്കായി മനോഹര ചിത്രം ഷൊയ്ബ് മാലിക് പങ്കുവെക്കുകയും ചെയ്തു. സാനിയയുടെയും മകൻ ഇസാന്റെയും ചിത്രമാണ് ഷൊയ്ബ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സാനിയയുടെ 32-ാമത് ജന്മദിന ആഘോഷവേളയിൽനിന്നും പകർത്തിയ ചിത്രങ്ങൾ രസകരമായ കുറിപ്പോടെയാണ് ഷൊയ്ബ് പങ്കുവച്ചത്.

”എന്റെ മകൻ പിറന്നിട്ട് 16 ദിവസം തികയുന്ന അതേ ദിവസമാണ് എന്റെ ഭാര്യ 16 വയസ്സുളള ചെറുപ്പക്കാരിയായത്, ഒപ്പം എന്റെ അമ്മായിയമ്മയും. ദൈവത്തിന് നന്ദി,” ഇതായിരുന്നു ഷൊയ്ബിന്റെ ട്വീറ്റ്. പിറന്നാൾദിനത്തിൽ ആശംസ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് സാനിയയും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ജന്മദിനത്തിന്റെ പിറ്റേന്ന് തന്നെ സാനിയ മറ്റൊരു ചിത്രം കൂടെ പങ്കുവെച്ചു.

ജിമ്മില്‍ വീണ്ടും തിരികെ എത്തിയതിന്റെ ചിത്രമാണ് സാനിയ ഷെയര്‍ ചെയ്തത്. ഇസ്ഹാന്‍ ജനിച്ചതിന് ശേഷം ആദ്യമായാണ് സാനിയ ജിമ്മിലെത്തുന്നത്. ട്വിറ്ററിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ‘മാസങ്ങള്‍ക്ക് ശേഷം, എന്റെ കുഞ്ഞ് വന്നതിന് ശേഷം ഇന്നലെ ആദ്യമായി ജിമ്മിലെത്തി. മിഠായി കടയിലെത്തിയ കുട്ടിയെ പോലെയായിരുന്നു എന്റെ മാനസികാവസ്ഥ. മാനസികമായും ശാരീരികമായും പഴയ നിലയിലെത്തുക എന്നത് വലിയ യാത്രയാണ്. അത് എന്റെ ജന്മദിനത്തില്‍ തന്നെ എന്ത് കൊണ്ട് ആയിക്കൂട,’ സാനിയ ട്വീറ്റ് ചെയ്തു.

2010 ഏപ്രിൽ 12 നാണ് ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബർ 30 നായിരുന്നു ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ എന്ന പേരിന് അര്‍ത്ഥം. ഒരു പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു തങ്ങള്‍ക്ക് ആഗ്രഹം എന്ന് ഇരുവരും നേരത്തേ പറഞ്ഞിരുന്നു. കുഞ്ഞിന് മിര്‍സ മാലിക് എന്ന് പേരിടുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആൺകുഞ്ഞാണ് പിറന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook