ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർകാവ്, കോന്നി മണ്ഡലങ്ങളിൽ എൽഡിഎഫ് നേടിയ അട്ടിമറി വിജയത്തിന്റെ ആവേശത്തിലാണ് അണികളും ഇടതുപക്ഷ സഹയാത്രികരും. പലയിടങ്ങളിലും വിജയാഘോഷങ്ങളും ആവേശ പ്രകടനങ്ങളും. അതിനിടയിൽ എവിടെയാണെന്നറിയില്ല, ഒരു കൊച്ചു കവലയിൽ ഇടത് അണികൾക്ക് ആവേശം ചോരാതെ മുദ്രാവാക്യം വിളിച്ചു കൊടുക്കുകയാണ് ഒരു അമ്മൂമ്മ.
“അരിവാൾ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്
അതിനെ തൊട്ടുകളിച്ചവരെ, ആരായാലും സൂക്ഷിച്ചോ,” എന്നാണ് അമ്മൂമ്മ ചൊല്ലിക്കൊടുക്കുന്നത്. പ്രായം തളർത്താത്ത ആവേശം. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. ആരാണ് ഈ അമ്മൂമ്മയെന്നോ എവിടെയാണ് വിജയാഘോഷം നടക്കുന്നതെന്നോ വ്യക്തമല്ല.
വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു കഴിഞ്ഞ തവണ. ഇത്തവണ ചരിത്ര വിജയമാണ് നേടിയത്. കോന്നിയിലും വിജയിക്കാന്‍ കഴിഞ്ഞത് വലിയ മുന്നേറ്റത്തിന് തെളിവാണ്. കോന്നിയിൽ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാർ വിജയിച്ചത്. വട്ടിയൂർക്കാവിൽ 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് വിജയിച്ചത്. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
അരൂർ മാത്രമാണ് എൽഡിഎഫിന്റെ സിറ്റിങ് സീറ്റ്. മറ്റ് നാല് സീറ്റുകളും യുഡിഎഫിന്റെ കെെവശമാണ്. ഇതിൽ, മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ബിജെപിയായിരുന്നു കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത്. ഇവിടെ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.