ഡാൻസ് കളിക്കാനും പാട്ടു പാടാനുമൊക്കെ പ്രായം ഒരു തടസ്സമല്ലെന്ന് പലരും തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ സ്വയം മറന്ന് നൃത്തം ചെയ്യുന്ന ഒരു വൃദ്ധയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ഒരു പൊതുപരിപാടിയ്ക്കിടെ നൃത്തം ചെയ്യുകയാണ് ഈ വനിത. ബ്ലൗസ്സും മുണ്ടും ഒരു തോർത്തുമാണ് അവരുടെ വസ്ത്രം. കേരളത്തിന്റെ പരമ്പാരാഗത വസ്ത്രമാണ് ധരിച്ചിട്ടുള്ളതെങ്കിലും അവരുടെ നൃത്തം അങ്ങ് ബോളിവുഡ് ഗാനത്തിനാണ്. ചെന്നൈ എക്സപ്രസ് എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലെ ലുങ്കി ഡാൻസ് എന്ന ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്.
വയലറ്റ് മീഡിയ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ‘പ്രായം വെറും നമ്പർ ആണ്’ എന്നാണ് വീഡിയോയുടെ അടികുറിപ്പ്. മൂന്ന് ദിവസങ്ങൾക്കു മുൻപ് പേജിൽ അപ്പ്ലോഡ് ചെയ്ത വീഡിയോയ്ക്ക് 59,455 ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. ലുങ്കി ഉടുത്ത് നൃത്തം ചെയ്യുന്ന ചേച്ചിയാണ് ഈ ഗാനത്തിനോട് നീതി പുലർത്തിയതെന്ന രസകരമായ കമന്റും നെറ്റിസൺസ് പറയുന്നുണ്ട്.
ഇപ്പോഴാ ശെരിക്കും ലുങ്കി ഡാൻസ് കണ്ടത്, ലെ അമ്മൂമ്മ: ഞാനും ഒരു വർണ്ണ പട്ടമായിരുന്നു തുടങ്ങിയ കമന്റുകൾക്കൊപ്പം സുഹൃത്തുക്കളുടെ പേരുകളുടെ വീഡിയോയ്ക്ക് താഴെ ടാക് ചെയ്യുന്നുണ്ട് നെറ്റിസൺസ്.