ഒരു അധ്യയന വര്‍ഷം അവസാനിക്കുമ്പോള്‍ തന്നെ പല സ്കൂളുകളും അടുത്ത വര്‍ഷത്തിലേക്ക് കുട്ടികളെ എത്തിക്കാനുള്ള പരസ്യങ്ങളും മറ്റ് പരിപാടികളുമൊക്കെ ആരംഭിക്കും. പലരും ടിവിയില്‍ പരസ്യങ്ങള്‍ നല്‍കും, ചിലര്‍ പോസ്റ്ററുകളായിരിക്കും ഉപയോഗിക്കുക. എന്നാല്‍ വളരെ വ്യത്യസ്തമായ രീതിയില്‍ ഇക്കാര്യങ്ങളൊക്കെ നടപ്പിലാക്കിയിരിക്കുകയാണ് കോഴിക്കോട് ഒളവണ്ണ എയ്ഡഡ് എല്‍ പി സ്കൂള്‍.
കാര്യം എന്താണന്നല്ലെ? ഒളവണ്ണയിലെ സ്കൂളിനായി കുട്ടികളെ ക്യാന്‍വാസ് ചെയ്യുന്നത് സാക്ഷാല്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെയാണെങ്കിലൊ. സൂപ്പര്‍ താരങ്ങളുടെ അടിപൊളി ഡയലോഗുകളും കൂട്ടുപിടിച്ചാണ് ന്യൂജെന്‍ പോസ്റ്ററുകള്‍ സ്കൂള്‍ അധികൃതര്‍ പുറത്തിറക്കിയിരിക്കുന്നത്.
“പലരും പലവട്ടം ചന്തുവിനെ തോല്‍പ്പിച്ചു, പക്ഷെ ചന്തുവിന്റെ മകനെ ഇനി ആര്‍ക്കും തോല്‍പ്പിക്കാനാവില്ല മക്കളെ. എന്റെ മകന്‍ പഠിക്കുന്നത് ഒളവണ്ണ എഎല്‍പി സ്കൂളിലാണ്,” വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടിയിത് പറയുന്നത് ആരിലും ചിരിയും കൗതുകവുമൊക്കെ ഉണര്‍ത്തു. ഇങ്ങനെ നിരവധി ബ്രോഷറുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്കൂളിന്റെ സൈബര്‍ ടീമിന്റെ പ്രയത്നമാണ് ആശയത്തിന് പിന്നില്‍.
“എങ്ങനെ വ്യത്യസ്തമായ രീതിയില്‍ പോസ്റ്റര്‍ ഇറക്കാമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയത്. സ്കൂളിന്റെ സൈബര്‍ ടീമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ലിനോജ് സാറാണ് ടീമിന് നേതൃത്വം കൊടുത്തിരിക്കുന്നതും പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തതും. നല്ല സ്വീകാര്യതയാണ് പോസ്റ്ററുകള്‍ക്ക് ലഭിച്ചിട്ടുള്ളത്,” സ്കൂളിന്റെ ഹെഡ്മാസ്റ്ററായ രഞ്ജിത് എം ഇന്ത്യന്‍ എക്സപ്രസ് മലയാളത്തിനോട് പറഞ്ഞു.
-
Photo: Linoj B
-
Photo: Linoj B
“ഇതിനോടകം തന്നെ എണ്‍പത് ശതമനാത്തോളം അഡ്മിഷന്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. വിവിധ ഡിവിഷനുകളിലായി 918 വിദ്യാര്‍ഥികളാണ് നമ്മുടെ സ്കൂളില്‍ പഠിക്കുന്നത്. സബ് ജില്ലയില്‍ തന്നെ കലാമേള, ശാസ്ത്രമേള എന്നിവയില്‍ മുന്‍പന്തിയിലാണ് സ്കൂള്‍. അതുകൊണ്ട് തന്നെ പൊതുസമൂഹത്തില്‍ സ്കൂളിന് വലിയ സ്വീകാര്യതയാണുള്ളത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ വര്‍ഷവും സാധാരണയായി പുറത്തിറക്കുന്ന പോസ്റ്ററില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമായി ഒന്ന് സൃഷ്ടിക്കാമെന്ന ചിന്തയാണ് സൈബര്‍ ടീമിന്റെ നേതൃസ്ഥാനത്തുള്ള അധ്യാപകന്‍ ലിനോജ് എല്‍ എസ് സിനിമ ഡയലോഗുകളും താരങ്ങളേയും ഉപയോഗിച്ച് ഒരു കൈ നോക്കാമെന്ന ആശയത്തിലേക്ക് നയിച്ചത്.
“വര്‍ഷങ്ങളായി അഡ്മിഷന്‍ വിവരങ്ങള്‍ വച്ചാണ് പോസ്റ്ററുകള്‍ തയാറാക്കുന്നത്. എന്നാല്‍ ഇത്തവണ ഒരു വെറൈറ്റിയാകാമെന്ന് സൈബര്‍ ടീമിന്റെ കൂടിയാലോചനയില്‍ തീരുമാനിച്ചു. അധ്യാപകരും വിദ്യാര്‍ഥികളുമുള്ള ഗ്രൂപ്പുകളിലും പ്രാദേശിക ഗ്രൂപ്പുകളിലും മാത്രം പങ്കുവയ്ക്കുക എന്നതായിരുന്നു തീരുമാനം. അതാണല്ലൊ സ്കൂളിലേക്ക് കുട്ടികളെത്താന്‍ സഹായകരമാവുന്നതും,” ലിനോജ് ഇന്ത്യന്‍ എക്സപ്രസ് മലയാളത്തിനോട് പറഞ്ഞു.
-
Photo: Linoj B
-
Photo: Linoj B
“പക്ഷെ എങ്ങനെയോ മറ്റ് ഗ്രൂപ്പുകളിലേക്കും പോസ്റ്ററുകള്‍ ഷെയര്‍ ചെയ്യപ്പെട്ടു. വലിയ സ്വീകാര്യത ലഭിച്ചതിന് പിന്നാലെ വിവിധ ജില്ലകളില്‍ നിന്ന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള വിളികള്‍ ഉണ്ടായി. എഴുത്തുകാരും നാടക പ്രവര്‍ത്തകരും റേഡിയോകളില്‍ നിന്ന് വരെ അഭിനന്ദനം അറിയിച്ചുകൊണ്ട് പലരും വിളിച്ചു. വിമര്‍ശനങ്ങളും ഉണ്ടാകുന്നുണ്ട്, പക്ഷെ പോസിറ്റീവായി സമീപിക്കാനാണ് താല്‍പ്പര്യം,” ലിനോജ് വ്യക്തമാക്കി.
“സങ്കടപ്പെടുത്തുന്ന കാര്യം എന്തെന്നാല്‍ പലരും ഞങ്ങളുടെ സ്കൂളിന്റെ പേര് മാറ്റി മറ്റ് സ്കൂളുകളുടെ പേര് ചേര്‍ത്ത് ഇതേ പോസ്റ്റര്‍ ഉപയോഗിക്കുന്നുണ്ട്. അവര്‍ക്ക് എഡിറ്റ് ചെയ്യാന്‍ നിമിഷങ്ങള്‍ മതിയാകും. പക്ഷെ മണിക്കൂറുകള്‍ എടുത്താണ് ഞാന്‍ ഇത് തയാറാക്കുന്നത്,” ലിനോജ് തന്റെ നിരാശ പങ്കുവച്ചു.
-
Photo: Linoj B
-
Photo: Linoj B
എഡിറ്റിങ്ങില്‍ താല്‍പ്പര്യമുള്ള ലിനോജ് യുട്യൂബില്‍ നിന്നാണ് സാങ്കേതികവിദ്യയെല്ലാം പഠിച്ചെടുക്കുന്നത്. സമ്പൂര്‍ണ ഡിജിറ്റലായ ഒളവണ്ണ എഎല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായവയെല്ലാം ഒരുക്കുന്നത് ലിനോജിന്റെ നേതൃത്വത്തിലുള്ള സൈബര്‍ ടീമാണ്. അധ്യാപകരും പിടിഎ അംഗങ്ങളുമാണ് സൈബര്‍ ടീമിലുള്ളത്.