ഏതാണ്ട് 180 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ്, കനത്ത മഴ, ഫോനി ചുഴലക്കാറ്റില്‍ ഒഡീഷയുടെ കിഴക്കന്‍ തീരത്ത് വന്‍ മരങ്ങള്‍ പോലും കടപുഴകി വീണു. കറന്റും ആശയവിനിമയ മാര്‍ഗ്ഗങ്ങളുമെല്ലാം തടസപ്പെട്ടു. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം നാശം വിതച്ച കാറ്റ് എട്ട് പേരുടെ ജീവനുമെടുത്തു.

സമീപകാലത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡീഷ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാര്‍പ്പിച്ചു. സര്‍ക്കാരും അധികൃതരും ജാഗരൂകരായിരുന്നു.

ചുഴലിക്കാറ്റ് തീരത്ത് ആഞ്ഞ് വീശിയപ്പോള്‍ ദുരന്തനിവരാണ സേനയും പൊലീസും മറ്റ് സേനകളും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചു. സഹായം വേണ്ടിടത്തേക്ക് സേന ഓടിയെത്തി. അങ്ങനെ അപകടത്തില്‍ കുടുങ്ങി പോയ രണ്ട് സ്ത്രീകളെ രക്ഷിക്കാന്‍ എത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രമിപ്പോള്‍ വൈറലാവുകയാണ്. കേന്ദ്രപരയിലെ താല്‍ചുവ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് തന്റെ ബൈക്കില്‍ രണ്ട് സ്ത്രീകളെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്. ഇതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മറ്റൊരു ചിത്രത്തില്‍ ഒരു വൃദ്ധയെ കൈകളിലെടുത്ത് വണ്ടിയിലേക്ക് കൊണ്ടു പോകുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രമുണ്ട്. പിഞ്ചു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നടക്കുന്ന പൊലീസുകാരന്റെ ചിത്രമാണ് മറ്റൊന്ന്. ഇങ്ങനെ ഒഡീഷയെ ഫോനിയില്‍ നിന്നും രക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ അവര്‍ക്ക് നന്ദി പറയുകയാണ് ലോകം.

കഴിഞ്ഞ രണ്ട് ദിവസത്തിനകം 12 ലക്ഷത്തോളം പേരെയാണ് 10000 ഗ്രാമങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ഫോനി തീര്‍ത്ത നാശം വളരെ വലുതാണ്. അതേസമയം, ഫോനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലേക്ക് നീങ്ങുകയാണ്. ഒഡീഷയില്‍ ആഞ്ഞടിച്ച ഫോനി തീവ്രത കുറഞ്ഞാണ് ബംഗാളിലേക്ക് നീങ്ങുന്നത്. വടക്ക് കിഴക്ക് ദിശയിലാണ് കാറ്റിന്റെ സഞ്ചാരം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഫോനി തീവ്രത കുറഞ്ഞ് 130 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാളിലേക്ക് നീങ്ങുന്നത്. കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും ഒഡീഷയില്‍ ഇപ്പോഴും കനത്ത മഴയുണ്ട്. ടെലിഫോണ്‍ ബന്ധമടക്കം പലയിടത്തും പൂര്‍ണമായും താറുമാറായിരിക്കുകയാണ്.

നാല് കമ്പനിയോളം സുരക്ഷാ പ്രവര്‍ത്തകരെ ഇരു സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുണ്ട്. നേതാക്കള്‍ രാഷ്ട്രീയ പരിപാടികള്‍ മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇന്നത്തെയും നാളെത്തെയും രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

11 ലക്ഷത്തോളം ആളുകളെയാണ് തീരപ്രദേശത്ത് നിന്നും മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. കിഴക്കന്‍ തീരപ്രദേശത്തുള്ള പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളേയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലേക്ക് കാറ്റ് എത്തുന്നതോടെ തീവ്രത കുറയുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാശനഷ്ടങ്ങളുണ്ടാകാതിരിക്കാൻ ബംഗാളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി നല്‍കാനും അവധിക്കാല പരിപാടികള്‍ റദ്ദാക്കാനും ഉത്തരവ് നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook