കൊച്ചി: വിമാനത്തിൽവച്ച് ഹൃദയാഘാതമുണ്ടായ വൃദ്ധയ്‌ക്ക് മുൻപിൽ രക്ഷകരായി മലയാളി നഴ്‌സ് ദമ്പതികൾ. മലയാളി നഴ്‌സായ ഷിന്റുവും ഭർത്താവ് ഷിന്റോയുമാണ് വിമാനത്തിൽവച്ച് ഒരു ജീവൻ രക്ഷിച്ചത്. ഇരുവരും സാമൂഹ്യമാധ്യമങ്ങളിൽ താരങ്ങളായി. ഇരുവരുടെയും കരുതലും ആതുരശുശ്രൂഷ മനോഭാവവും മാതൃകയാണെന്ന് നിരവധിപേർ പ്രശംസിച്ചു.

കാനഡയിലെ ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽവച്ച് പഞ്ചാബ് സ്വദേശിനിയായ വൃദ്ധയ്ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. വൃദ്ധയുടേത് ഹൃദയാഘാതലക്ഷണങ്ങളാണെന്ന് മനസിലാക്കിയ ഷിന്റു ഓടിയെത്തി പ്രാഥമിക ചികിത്സ നൽകുകയായിരുന്നു. കോവിഡ് ഭീഷണി നിലനിൽക്കെയാണ് സ്വന്തം ജീവന്റെ സുരക്ഷ പോലും പരിഗണിക്കാതെ ഷിന്റു ഓടിയെത്തിയത്. ഭർത്താവും സ്റ്റാഫ്‌ നഴ്‌സുമായ ഷിന്റോയും ഷിന്റുവിനെ സഹായിക്കാൻ എത്തി.

Read Also: പേശികൾ ഉറങ്ങുകയായിരുന്നു, പഴയ താളത്തിലേക്ക് എത്താൻ കഠിന പ്രയത്‌നം; ആർത്തിയോടെ ബാറ്റുവീശി കോഹ്‌ലി, വീഡിയോ

വൃദ്ധയുടെ ആരോഗ്യനില മോശമായതിനാൽ വിമാനം ഇടയ്ക്ക് ഇറക്കാനുള്ള ആലോചന പോലും ഉണ്ടായിരുന്നു. പക്ഷേ, ഷിന്റുവിന്റെയും ഷിന്റോയുടെയും ഇടപെടൽ ഒരു ജീവൻ രക്ഷിക്കുകയായിരുന്നു. മലയാളി നഴ്‌സ്‌ ദമ്പതികളുടെ തക്കസമയത്തുള്ള ഇടപെടലാണ് വൃദ്ധയുടെ നില മെച്ചപ്പെടാൻ കാരണമായത്.

വൃദ്ധയുടെ ആരോഗ്യനില സാധാരണ നിലയിൽ ആയതോടെ വിമാനം നേരെ ഡൽഹിക്ക് തന്നെ യാത്ര തുടരുകയുമായിരുന്നു. മലയാളി നഴ്‌സ് ദമ്പതികളുടെ ഇടപെടലിനെ നിരവധി നഴ്‌സുമാർ അടക്കം അഭിനന്ദിച്ചു.

ചുങ്കം ആലപ്പാട്ട് എൻ.എം.ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ പത്തുമക്കളിൽ ഏറ്റവും ഇളയവളാണ് ഷിന്റു. ചുള്ളിക്കര ഉള്ളാട്ടിൽ ഷിന്റോയുടെ ഭാര്യയാണ് ഷിന്റു. ഇരുവർക്കും മിഖേല, മാർക്കോസ് എന്നീ പേരുകളുള്ള രണ്ട് മക്കളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook