പൗരുഷം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കുറിച്ചിട്ട നടനാണ് ജയന്. മലയാളത്തില്‍ 120 ലേറെ സിനിമകളില്‍ ജയന് അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ അസാമാന്യ മെയ്വഴക്കമാണ് ജയന് കാണിച്ചിരുന്നത്. 1980 നവംബര്‍ 16 നു ഒരു ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന് മരിച്ചത്. മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന നായക കഥാപാത്രങ്ങളെ മാറ്റി എഴുതി കൊണ്ടായിരുന്നു ജയന്റെ വരവ്. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്നു ജയനെ വിളിക്കാം.
എന്നാല്‍ ജയനെ കേരളത്തിന്റെ ആദ്യ സൂപ്പര്‍ഹീറോയെന്ന് വിശേഷിപ്പിക്കുകയാണ് എഴുത്തുകാരന് എന്‍ എസ് മാധവന്. ജയനെ സൂപ്പര്‍ ഹിറോ എന്ന് വിളിക്കുന്നതിന്റെ കാരണവും എന്‍എസ് മാധവന് തന്റെ ട്വീറ്റില്‍ പറയുന്നുണ്ട്. ഒരു പക്ഷെ മലയാളികളായ ചിലര്‍ക്കെങ്കിലും ഇതൊരു പുതിയ അറിവായിരിക്കാം. 1961 ല്‍ ഇന്ത്യ ബ്രിട്ടനില്‍ നിന്നും പകുതി പണിത എച്ച്എംഎസ് ഹെര്‍ക്കുലീസ്(പിന്നീട് ഐഎന്‍എസ് വിക്രാന്ത് എന്ന് പേരിട്ടു) വാങ്ങിയപ്പോള്‍ കപ്പല്‍ കൊണ്ടുവരാന്‍ കൃഷ്ണന് നായര്‍ എന്ന ഒരു നാവികനും ബ്രിട്ടനിലേക്ക് പോയിയെന്നും പിന്നീട് അദ്ദേഹം ജയന് എന്ന മറ്റൊരു പേരില്‍ സിനിമയില്‍ ചേര്‍ന്നു, കേരളത്തിന്റെ ആദ്യ സൂപ്പര്‍ഹീറോ ആയി! മാറിയെന്നും എന്‍ എസ് മാധവന് കുറിച്ചു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ച പശ്ചാത്തലത്തിലായിരുന്നു എന്‍ എസ് മാധവന്റെ കുറിപ്പ്.
സ്കൂള്‍ കാലത്ത് എന്‍.സി.സിയില്‍ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണന് നായര്‍ എന്ന ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.പതിനഞ്ച് വര്‍ഷം ജയന് ഇന്ത്യന്‍ നേവിയില്‍ സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യന്‍ നേവിയില്‍ നിന്ന് രാജിവെക്കുമ്പോള്‍ ജയന് ചീഫ് പെറ്റി ഓഫീസര്‍ പദവിയില്‍ എത്തിയിരുന്നു.