നന്മയുടെ ആൾരൂപം എന്നൊരു പ്രയോഗമുണ്ട് മലയാളത്തിൽ. കഴിഞ്ഞ ദിവസം കേരളം അത് കണ്ടു. ബ്രോഡ്വേയിലെ തുണിക്കച്ചവടക്കാരനായ നൗഷാദ് ഇപ്പോൾ മലയാളികൾക്ക് നന്മയുടെ ആൾരൂപം തന്നെയാണ്. പ്രളയബാധിതർക്ക് കൈയ്യും കണക്കും നോക്കാതെ, പെരുന്നാൾ കച്ചവടത്തിന് കൊണ്ടുവന്ന തുണി മുഴുവൻ എടുത്തു കൊടുത്തുകൊണ്ടാണ് ഈ മനുഷ്യൻ നമുക്ക് പ്രിയപ്പെട്ടവനായത്. ഇദ്ദേഹത്തെ കുറിച്ചുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കും താഴെ പലരും പറയുന്ന ഒരു കാര്യം, നൗഷാദിന് മരിച്ചു പോയ നടനും മിമിക്രി താരവുമായ അബിയുടെ മുഖച്ഛായ ഉണ്ടെന്നാണ്
Read More: ‘തുണികള്‍ കൊണ്ടൊരു നൗഷാദ്’; ആദരം അര്‍പ്പിച്ച് ഡാവിഞ്ചി സുരേഷ്
കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ നൗഷാദും മകളും ലൈവായി എത്തിയപ്പോഴും ഇത് പലരും പറഞ്ഞു. എന്നാൽ ഇതൊന്നും തങ്ങൾ ആദ്യമായല്ല കേൾക്കുന്നതെന്ന് ഇവർ പറയുന്നു. അബിയാണെന്ന് തെറ്റിദ്ധരിച്ച് പലരും തന്റെ വാപ്പയോട് വന്ന് സംസാരിക്കാറുണ്ടെന്ന് മകൾ ഫർസാന പറയുന്നു. ഇതുകേട്ട് തൊട്ടടുത്തിരിക്കുന്ന നൗഷാദ് തമാശരൂപേണ പറയുന്നതിങ്ങനെ “ഞാൻ അബിയുടെ അമ്മായിയുടെ മോനാണ്,” ഇത് പറഞ്ഞുകൊണ്ട് വാപ്പയും മകളും ചിരിക്കുന്നു.
ഇപ്പോൾ വാപ്പ താരമായതിൽ സത്യത്തിൽ തനിക്ക് അദ്ഭുതമൊന്നും തോന്നുന്നില്ലെന്നും ചെറുപ്പം മുതലേ തങ്ങൾ കാണുന്ന വാപ്പ ഇങ്ങനെ തന്നെയാണെന്നും ഫർസാന പറയുന്നു. കഴിഞ്ഞ ദിവസം സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിട്ടാണെന്നും എങ്ങനെയാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് അറിയില്ലെന്നും ഫർസാന പറയുന്നു. എന്നാൽ, വാപ്പ പണ്ടുമുതലേ ഇങ്ങനെയാണെന്നും എല്ലാവരെയും സഹായിക്കുമെന്നും വേറെ പ്രശസ്തിക്കോ മറ്റെന്തിനെങ്കിലും വേണ്ടിയോ അല്ല ഇതെല്ലാം ചെയ്യുന്നതെന്നും ഫർസാന പറയുന്നു.
വാപ്പയ്ക്ക് പറയാനുള്ളത് പറയാൻ പിന്നീട് ഫർസാന നൗഷാദിനെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. ‘എല്ലാവരും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക’ എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് നൗഷാദ് പറയുന്നു. “എല്ലാവരും കാരുണ്യപ്രവർത്തനം ചെയ്യുക, നമ്മൾ ഇവിടെ നിന്ന് പോകുമ്പോൾ ഒന്നും കൊണ്ടു പോവുകയില്ല, നമ്മുടെ കൈയിലുള്ളതു കൊണ്ട് എല്ലാവരെയും സഹായിക്കുക. ഇത്രയുമാണ് പറയാനുള്ളത്’ – ചുരുങ്ങിയ വാക്കുകളിൽ നൗഷാദ് പറഞ്ഞുനിർത്തി. മറ്റുള്ളവരെ സഹായിച്ച് ദൈവത്തിന്റെ അനുഗ്രഹം മേടിച്ചെടുക്കുക”യെന്നും നൗഷാദ് പറയുന്നു. ഇത് കേട്ട് ചിരിച്ചു കൊണ്ട് ഫർസാന പറയുന്നു, വാപ്പയുടെ ഒരേയൊരു ലക്ഷ്യം അത് മാത്രമാണെന്ന്.