അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസി മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയ വാർത്തക്ക് പിന്നാലെ ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫെയ്സ്ബുക്കിൽ സിപിഎം സൈബർ പ്രവർത്തകർ പൊങ്കാലയിട്ടെന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്ന് റിപ്പോർട്ടുകൾ. ബിജെപി ഐടി സെല്ലും ജനം ടിവിയും ചേർന്നൊരുക്കിയ തിരക്കഥയായിരുന്നു ഇതെന്ന് ആൾട്ട് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളും സോഷ്യൽ മീഡിയാ വിദഗ്ധരും തെളിവ് സഹിതം സമർത്ഥിക്കുന്നു.

13 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജ്യത്തിന്റെ റേറ്റിംഗില്‍ മൂഡി വ്യത്യാസം വരുത്തുന്നത്. ഇതേത്തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ സി.പി.ഐ.എം അജന്‍ഡയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച ബി.ജെ.പി തന്ത്രങ്ങള്‍ ആണ് പൊളിഞ്ഞിരിക്കുന്നത്. മൂഡി റേറ്റിംഗിനെത്തുടര്‍ന്ന് ക്രിക്കറ്റര്‍ ടോം മൂഡിയെ സൈബര്‍ സഖാക്കള്‍ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ സജീവമായിരുന്നു. എന്നാല്‍ സൈബര്‍ സഖാക്കളുടെ പേരില്‍ അക്രമം നടത്തിയത് ബി.ജെ.പിയുടെ ഐ.ടി. സെല്ലാണെന്നാണ് കണ്ടെത്തല്‍.

സത്യം അന്വേഷിച്ചിറങ്ങിയ മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയക്കും ഇത് സംഘപരിവാർ അജണ്ടയാണെന്ന് വ്യക്തമാവുകയായിരുന്നു. കമന്റുകളെല്ലാം വ്യാജ പ്രൊഫൈലുകളിൽ നിന്നാണ് വന്നിരിക്കുന്നത്. ഇവയിൽ മിക്കതും ആർഎസ്എസിനും മോദിക്കും അനുകൂലമായ പോസ്റ്റുകൾ നിറഞ്ഞതായിരുന്നു. ചിലതാകട്ടെ, മണിക്കൂറുകൾക്ക് മുൻപ് മാത്രം ഉണ്ടാക്കിയതും. ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയും സംഘപിവാർ ചാനലായ ജനം ടിവിയുമാണെന്നാണ് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

മുസ്‌ലിം, ക്രിസ്ത്യന്‍ പേരുകളുള്ള വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് മിക്ക കമന്റുകളും ചെയ്തിട്ടുള്ളത്. സിപിഎം മൂഡിയെ പൊങ്കാലയിട്ടെന്ന് ചില ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ സംഘപരിവാര്‍ അജന്‍ഡയാണ് ഇതിനു പിന്നിലെന്നറിഞ്ഞതോടെ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു. വാർത്തകൾ വ്യാജമാണെന്ന് തെളിഞ്ഞതോടെ കമന്റുകൾ ഡിലീറ്റ് ചെയ്ത് നാണക്കേട് ഒഴിവാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ