ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച പെണ്‍കുട്ടിയെ ഒരു രാഷ്ട്രത്തിന്റെ പ്രസിഡന്റ് നേരിട്ട് സ്കൂളില്‍ കൊണ്ടുചെന്നാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പതിനൊന്നുകാരി സ്കൂളില്‍ ഉപദ്രവം നേരിടുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഈ പ്രവൃത്തിയെന്നതിനാല്‍ അദ്ദേഹം അഭിനന്ദനങ്ങള്‍കൊണ്ട് മൂടപ്പെടുകയാണ്.
റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മാസിഡോണിയയുടെ പ്രസിഡന്റ് സ്റ്റീവോ പെന്ഡറോവ്സ്കിയാണ് എംബ്ല അഡെമിയെന്ന പെണ്‍കുട്ടിക്കു പിന്തുണ നല്കുന്ന പ്രവൃത്തിയിലൂടെ വാര്‍ത്തയില്‍ ഇടം നേടിയത്. ഗോസ്തിവാറില് താമസിക്കുന്ന എംബ്ല അഡെമിയെ സന്ദര്‍ശിച്ച പ്രസിഡന്റ് അവളുടെ കൈപിടിച്ച് ‘എഡിന്സ്റ്റോ’ എന്ന പ്രൈമറി സ്കൂളിലേക്കു പോകുകയായിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനത്തിനത്തില്നിന്നുള്ളതാണ് ഈ വലിയ ചുവടുവയ്പെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
പെണ്‍കുട്ടിയുടെ കുടുംബത്തോട് സംസാരിച്ച പ്രസിഡന്റ്, സ്കൂളിലെ ഉപദ്രവം ഉള്‍പ്പെടെയുള്ള അവളുടെ ദൈനംദിന വെല്ലുവിളികള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
”നമ്മുടെ മുന്‍വിധികളെക്കുറിച്ചും കുട്ടികള്‍ക്കു കൂടുതല്‍ സംരക്ഷണത്തിന്റെയും പരിചരണത്തിന്റെയും ആവശ്യകതയെക്കുറിച്ചും എംബ്ലയുടെ കേസ് നമ്മെ ഓര്‍മിപ്പിക്കുന്നു,” കുട്ടിയെ സന്ദര്‍ശിച്ചതിന്റെ വീഡിയോ പങ്കിട്ടുകൊണ്ട് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമ വ്യവസ്ഥകള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തിലും സാമൂഹിക ഉത്തരവാദിത്തത്തിലും ഊന്നല്‍ നല്കിയ പെന്ഡറോവ്സ്കി, കുട്ടികളുടെ അവകാശങ്ങളെ അപകടപ്പെടുത്തുന്നവരുടെ പെരുമാറ്റം അസ്വീകാര്യമാണെന്ന് പറഞ്ഞു. ഒരു കുട്ടിയും പിന്നാക്കം പോകരുതെന്നു പറഞ്ഞ അദ്ദേഹം പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ അര്‍ഹമായ അവകാശങ്ങള്‍ ആസ്വദിക്കുക മാത്രമല്ല, പഠനസ്ഥലങ്ങളില് തുല്യത അനുഭവിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
”ഇത് ഒരു രാജ്യമെന്ന നിലയിലും വ്യക്തികളെന്ന നിലയിലും നമ്മുടെ കടമയാണ്. ഈ പൊതു ദൗത്യത്തിലെ പ്രധാന ഘടകം സഹാനുഭൂതിയാണ്. ഇത് എംബ്ലയെപ്പോലുള്ള കുട്ടികളെ സഹായിക്കും. എന്നാല്‍ ആത്മാര്‍ത്ഥമായി എങ്ങനെ സന്തോഷിക്കണമെന്നും പങ്കിടാമെന്നും അവരില്‍നിന്ന് പഠിക്കാന്‍ ഇത് നമ്മെ സഹായിക്കും,” പറഞ്ഞു.
സന്ദര്‍ഭങ്ങളിലെ മുന്‍വിധികളാണ് എല്ലാവര്ക്കും തുല്യവും നീതിയുക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന തടസമെന്നു പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ പ്രസിഡന്റ് പറഞ്ഞു. എംബ്ല അഡെമിക്കൊപ്പമുള്ള സ്റ്റീവോ പെന്ഡറോവ്സ്കിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ എല്ലാ കോണുകളില്‍നിന്നും ധാരാളം പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചിരിക്കുന്നത്.
Also Read: രത്തന്‍ ടാറ്റയുടെ ഓഫീസ് പങ്കാളി; ചില്ലറക്കാരനല്ല ഗോവ