scorecardresearch

'കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ്" ന്യായീകരണത്തിലുറച്ച് സക്കറിയ

എന്‍ എസ് മാധവന്‍റെ ട്വീറ്റിനോടുള്ള പരോക്ഷ മറുപടിയാണ്‌ സക്കറിയയുടെ പുതിയ കുറിപ്പ്

എന്‍ എസ് മാധവന്‍റെ ട്വീറ്റിനോടുള്ള പരോക്ഷ മറുപടിയാണ്‌ സക്കറിയയുടെ പുതിയ കുറിപ്പ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
എഴുത്തച്ഛന്‍ പുരസ്കാരം സക്കറിയയ്ക്ക്

തിരുവനന്തപുരം : ദിലീപിനെ ന്യായീകരിക്കുകയായിരുന്നില്ല, മറിച്ച്  കോടതി തീർപ്പു കല്പിക്കും വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ് എന്ന സാർവലൗകിക തത്വം ഓര്‍മിപ്പിക്കുകയായിരുന്നുവെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയ. നേരത്തെ, ദിലീപിനെതിരെയുള്ള മാധ്യമ വിചാരണ സാമാന്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്നു സക്കറിയ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ വന്ന സാഹചര്യത്തിലാണ് സക്കറിയ കൂടുതല്‍ വിശദീകരണവുമായി മുന്നോട്ടു വന്നിരിക്കുന്നത്. തന്‍റെ ഫെയ്സ്ബുക്കില്‍ സക്കറിയ ഇപ്രകാരം കുറിച്ചു :

Advertisment

സുഹൃത്തുക്കളെ,

മറ്റേതു പൗരന്റെ കാര്യത്തിലുമെന്നപോലെ നടൻ ദിലീപിന്റെ കാര്യത്തിലും കോടതി തീർപ്പു കല്പിക്കും വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ് എന്ന സാർവലൗകിക തത്വം ബാധകമാണ് എന്ന് ഞാൻ അഭിപ്രായപെട്ടതിനെ എതിർത്തവരും അനുകൂലിച്ചവരും ഉണ്ട്. എതിർത്തവരാണ് കൂടുതൽ. ജനാധിപത്യ തത്വങ്ങളെ മറക്കുന്ന മലയാളികളുടെ എണ്ണം ഒരു പക്ഷെ വർധിക്കുകയായിരിക്കാം. അതുപോലെ തന്നെ മാധ്യമങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനത്തിനു അന്ധമായി അടിമകളാവുന്നവരുടെയും.

ചാരവൃത്തിക്കേസിലും സോളാർ കേസിലും - മറ്റു പല സംഭവങ്ങളിലും - മാധ്യമങ്ങൾ അഴിച്ചുവിട്ട കൂട്ട മദമിളകലുകളെ ഇത് ഓർമിപ്പിക്കുന്നു. സരിതയുടെ പൗരാവകാശങ്ങളെ പറ്റി ഞാൻ അന്ന് എഴുതുമ്പോൾ ഭൂരിപക്ഷം സ്ത്രീവേദികളും എത്ര അഗാധമായ മൗനത്തിലായിരുന്നു എന്നത് ഒരു ചെറു പുഞ്ചിരിക്ക് വക തരിക മാത്രം ചെയ്യുന്നു. ദിലീപിന്റെ വൃത്താന്തങ്ങൾ നാട് വാഴുമ്പോൾ ജനസേവകരായ നഴ്‌സുമാരുടെ അവകാശസമരം എത്ര സമർത്ഥമായിട്ടാണ് ഒറ്റപ്പെടുത്തപ്പെടുന്നത് എന്ന് കാണുക. ദിലീപിനോളം വരുമോ വെറുമൊരു നഴ്സ്.

ഞാൻ ആവർത്തിക്കട്ടെ. ഒരു ജനാധിപത്യത്തിൽ ഒരു പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണ്. അല്ലെങ്കിൽ ഗോ രക്ഷകർ നടത്തുന്ന അടിച്ചു കൊല്ലലുകൾക്കെന്തു പ്രശ്നം? പോലീസിന്റെ ജോലി കോടതിയിൽ തെളിവുകൾ ഹാജരാക്കുക എന്നതാണ്. കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ്. ജനാധിപത്യ തത്വങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ഇത് മാത്രമാണ് വാസ്തവം - കൂട്ടഭ്രാന്തുകൾ ഇളകുമ്പോളും.

നടൻ ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നവർ അപ്രകാരം ചെയ്യുന്നത് വ്യക്തമായ തെളിവില്ലാതെ ആയിരിക്കാൻ വഴിയില്ല. അവർക്കു സമൂഹത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യാവുന്നതാണ്. ആ തെളിവുകൾ പോലീസിനെ ഏൽപ്പിക്കുക. ദിലീപിനെ എത്രയും വേഗം പ്രോസിക്യൂട് ചെയ്യാനും ശിക്ഷിക്കാനും അത് സഹായിക്കും.

നന്ദി.

Read More : 'ഈ ന്യായബോധം ഉണരുന്നത് ഹീനകൃത്യം മറക്കാനാണ്' ദിലീപിനെ അനുകൂലിച്ച അടൂരിനും സക്കറിയക്കും എതിരെ എൻഎസ് മാധവൻ

സക്കറിയയുടെ നിലപാടുകള്‍ക്കെതിരെ നേരത്തെ എഴുത്തുകാരനായ എന്‍എസ് മാധവനും രംഗത്ത് വന്നിരുന്നു അടൂരിന്‍റെയും സക്കറിയയുടേയും ചിത്രത്തിനൊപ്പം ‘ദൈവം അകറ്റിയവരെ ദിലീപ് കൂട്ടിയോജിപ്പിച്ചു’ എന്നായിരുന്നു എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. "ഐസ്‌ക്രീം, സോളാർ തുടങ്ങി വമ്പന്മാർ സംശയിക്കപ്പെട്ട കേസുകളിൽ കണ്ട ജനരോഷവും പരദു:ഖഹർഷവും മാത്രമേ ദിലീപിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ള." "അസ്വാഭാവികമായിട്ടുള്ളത്‌ കഴിഞ്ഞ 2 ദിവസമായി ശിക്ഷിക്കുന്നത്‌ വരെ ദിലീപ്‌ കുറ്റക്കാരനല്ല എന്ന SMലും പുറത്തും നടക്കുന്ന ശക്തമായ പ്രചരണമാണു", "ആർക്കാണിത്‌ അറിയാത്തത്‌?ഇപ്പോൾ ഈ ന്യായബോധം ഉണരുന്നത്‌ പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാക്കുകയേയുള്ളൂ" എന്നിങ്ങനെയായിരുന്നു എന്‍ എസ് മാധവന്‍റെ ട്വീറ്റ്. ഇതിനുള്ള പരോക്ഷ മറുപടിയായാണ്‌ സക്കറിയയുടെ പുതിയ കുറിപ്പ്.

Advertisment

“യുവനടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചനയുടെ ഉത്തരവാദിത്തം നടന്‍ ദിലീപിലാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ദിലീപിനെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്തിരിക്കയാണ്. തെളിവെടുപ്പ് നടക്കുന്നതേയുള്ളു. കുറ്റപത്രം നല്‍കിയിട്ടില്ല. കുറ്റവിചാരണയുടെ ഘട്ടം ഇനിയും അകലെയാണ്. പക്ഷേ ദിലീപ് തന്നെയാണ് കുറ്റവാളി എന്നു വിധിയെഴുതിക്കഴിഞ്ഞതു പോലെയാണ് മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതും അതു വിശ്വസിക്കുന്ന ജനങ്ങള്‍ പ്രതികരിക്കുന്നതും. ഇത് സാമാന്യ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് പറയാതെ വയ്യ. പൗരന്മാരായ നമ്മെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരവുമാണ്. കാരണം ആരുടെ മേലും ഇത്തരമൊരു മുന്‍വിധി അടിച്ചേല്‍പിക്കപ്പെട്ടേക്കാം. കുറ്റം ആരോപിക്കപ്പെട്ടവനില്‍ നിന്ന് നിഷ്‌കളങ്കതയുടെ സാദ്ധ്യത തന്നെ എടുത്തു കളയുന്ന അവസ്ഥ ഗരുതരമായ മനുഷ്യാവകാശ ലംഘനമാണ്” എന്നായിരുന്നു സക്കറിയയുടെ വിവാദങ്ങള്‍ക്ക് വഴിവെച്ച അഭിപ്രായപ്രകടനം.

Read More : 'അനിതാ, അസഭ്യം പറയരുത്'; ഉപദേശവുമായി ഭാഗ്യലക്ഷ്മി

Dileep Zacharia Ns Madhavan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: