കൊച്ചി: ഹര്‍ത്താലുകള്‍ക്ക് പേരുകേട്ട കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അപൂർവങ്ങളില്‍ അപൂര്‍വമായ കാര്യമാണ്. ‘ഇത് കേരളം തന്നെയാണോ’ എന്നാണ് ഈ കണക്കുകള്‍ കണ്ട് പലരും ചോദിക്കുന്നത്. 2016 ന് ശേഷം കേരളത്തില്‍ ഒരു പ്രാദേശിക ഹര്‍ത്താല്‍ പോലുമില്ലാത്ത മൂന്ന് മാസം പൂര്‍ത്തിയായതായി കണക്കുകള്‍. ‘Say No to Harthal’ പ്രവര്‍ത്തകനായ മനോജ് രവീന്ദ്രനാണ് ഈ കണക്കുകള്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.

Read Also: മിന്നൽ ഹർത്താൽ വേണ്ട, 7 ദിവസം മുമ്പ് നോട്ടീസ് നൽകണം: ഹൈക്കോടതി

കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ ഒരു ഹര്‍ത്താല്‍ പോലുമില്ലാതെ 130 ലേറെ ദിവസങ്ങള്‍ പിന്നിട്ടു. ഈ വര്‍ഷം ഇതുവരെ അഞ്ച് ഹര്‍ത്താലുകള്‍ മാത്രമാണ് നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഹര്‍ത്താലുകളുടെ എണ്ണം 100 ന് മുകളില്‍ പോയിരുന്നു. കേരളത്തില്‍ അവസാന ഹര്‍ത്താല്‍ നടന്നത് മാര്‍ച്ച് മൂന്നിനാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. അതൊരു പ്രാദേശിക ഹര്‍ത്താല്‍ കൂടിയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലും ഹൈക്കോടതി ഇടപെടലുമാണ് ഹര്‍ത്താലുകള്‍ കുറയാന്‍ കാരണമെന്നാണ് മനോജ് രവീന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതെങ്കിലും വിധത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായി തോന്നുന്നില്ല എന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

മിന്നൽ ഹർത്താലുകൾക്ക് കൂച്ച് വിലങ്ങിട്ടുള്ള ഉത്തരവായിരുന്നു കേരള ഹൈക്കോടതിയുടേത്. മുൻകൂർ നോട്ടീസ് നൽകാതെ ഇനിമുതൽ ഹർത്താൽ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജനങ്ങളുടെ മൗലികാവകാശത്തെ സമരങ്ങൾ ബാധിക്കരുത്. അതുകൊണ്ട് ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ നടത്താനാകില്ലെന്ന് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബഞ്ച് വിധിച്ചു.

തൊഴിൽ സമരങ്ങൾക്കുള്ള ചട്ടങ്ങൾ ഹർത്താലിനും ബാധകമാണെന്നും കോടതി വ്യക്തമാക്കി. നാളെ ആരംഭിക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്ക് ഹർത്താലാകില്ലെന്ന ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചു. ഹർത്താലിനെതിരെ കേരള ചേംബർ ഒഫ് കൊമേഴ്സും മലയാളവേദിയും നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി പരാമർശം.

Read Also: മിന്നൽ ഹർത്താൽ ആഹ്വാനങ്ങൾ വാർത്തയാക്കരുത്; മാധ്യമങ്ങളോട് ഹൈക്കോടതി

ഹർത്താലിനെ തുടർന്നുണ്ടാകുന്ന നാശഷ്‌ടങ്ങൾക്ക് അത് ആഹ്വാനം ചെയ്യുന്ന രാഷ്‌ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും ഉത്തരവാദിത്വമുണ്ടെന്നും കോടതി വ്യക്തമാക്കി. അത്തരത്തിൽ ഹർത്താലിൽ ഉണ്ടാകുന്ന നാശനഷ്‌ടങ്ങൾക്ക് ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനകളിൽ നിന്നും പണം ഈടാക്കുമെന്നും കോടതി അറിയിച്ചു.

ഹർത്താൽ നിയന്ത്രിക്കുന്നതിന് സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹർത്താൽ സംബന്ധിച്ച് കേസുകൾ തീർപ്പാക്കുന്നത് വരെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നാളത്തെ ഹർത്താലിനെ നേരിടാൻ എന്തൊക്കെ നടപടികളെടുത്തിട്ടുണ്ടെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പണിമുടക്കിൽ തുറക്കുന്ന കടകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹർത്താലിനെ നേരിടാൻ സമഗ്രപദ്ധതി തയ്യാറാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook