രതീഷ് ബാലകൃഷ്ണന് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന് നായകനായ ‘ന്നാ താന്‍ കേസ് കൊട്’ ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വിവാദത്തിന്റെ കുഴിയിൽ വീണുകൊണ്ടാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിനായി നല്കിയ പരസ്യമാണ് വിവാദങ്ങള്‍ക്കു വഴിവച്ചത്. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്നായിരുന്നു പത്ര പരസ്യം.
സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യം വൈറലായതോടെ ‘കടന്നലുകൾ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍നിന്ന് ചിത്രത്തിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിനെ ഇകഴ്ത്തിക്കാണിക്കുന്നുവെന്ന് ചൂണ്ടികാണിച്ചാണ്
വിമര്‍ശനം.
ചിത്രത്തിന്റെ പരസ്യം പങ്കുവച്ചാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നത്. പരസ്യം ജനവിരുദ്ധ ക്യാമ്പയിനാണ്, കേരളം മുഴുവന്‍ റോഡില്‍ കുഴികളാണെന്നതു തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിമര്‍ശകര്‍ പറയുന്നു. പരസ്യം പിന്‍വലിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ മാപ്പു പറയട്ടെ എന്നിട്ടാകാം സിനിമ കാണുന്നതിനെക്കുറിച്ചാലോചിക്കുന്നതെന്നും അടക്കമുള്ള പോസ്റ്റുകളാണ് പരസ്യത്തെ വിമര്‍ശിച്ച് വരുന്നത്. സി പി എം മുഖപത്രമായ ദേശാഭിമാനിയിൽ ഉൾപ്പെടെ പരസ്യം വന്നിരുന്നു.
‘സൗകര്യല്ല; ന്തേ? ബിരിയാണിച്ചെമ്പില്‍ പിണറായി സ്വര്‍ണം കടത്തി എന്നപോലെ, സി.പി.എം.തീരുമാനിച്ചിട്ട് എല്ലാ പെണ്‍കുട്ടികളെയും പാന്റിടീക്കുന്നു എന്നപോലെ, സില്‍വര്‍ലൈന്‍ എന്നാല്‍ റെയില്‍വേ അറിയാതെ എല്‍.ഡി.എഫ് നടത്തും പരിപാടിയാണെന്ന പോലെ, കൃത്യമായ ലക്ഷ്യങ്ങളോടെ, വൃത്തിയായി കാര്യങ്ങള്‍ ചെയ്യാന്‍ നോക്കുന്നവരെ അധിക്ഷേപിക്കാന്‍ ചിലര്‍ കഥയെഴുതി, വേറെ ചിലര്‍ സംവിധാനം ചെയ്ത്, മാപ്രകള്‍ വിതരണം നടത്തുന്ന ജനവിരുദ്ധ ക്യാമ്പയിനാണ് കേരളം മുഴുവന്‍ റോട്ടില് കുഴികളാണെന്നത്. ഇങ്ങനെ പോകുന്നു ചിത്രത്തിന്റെ പരസ്യത്തിനെതിെരയുള്ള പരിഹാസങ്ങള്‍.
അതേസമയം, ‘കടന്നലുകളുടെ’ വിമർശനങ്ങൾക്കെതിരെ ഒരു വിഭാഗം സി പി എം സഹയാത്രികർ സമൂഹമാധ്യങ്ങളിൽ രംഗത്തുവന്നിട്ടുണ്ട്. സിനിമ കാണുമെന്നും പരസ്യത്തെ അതായി മാത്രം കണ്ടാൽ മതിയെന്നുമാണ് ഇവർ പറയുന്നത്. “പരസ്യത്തിൽ സർക്കാർ നിന്ദ കാണുന്ന ഭജന സംഘത്തിൽ ഞാനില്ല,”ഒരാൾ ഫെയ്സ്ബുക്കിൽ കുറിച്ചു.
” റോഡിൽ കുഴിയുണ്ടെന്നു പറയുന്നതും പൊലീസിന്റെ പ്രവർത്തനം മോശമാണെന്നു പറയുന്നതും തങ്ങൾക്കെതിരായ എന്തോ യുദ്ധമാണെന്ന് ഒരു വിഭാഗം ധരിക്കാൻ തുടങ്ങിയാൽ അടിയന്തിര ചികിത്സ ആവശ്യമുള്ള ഘട്ടത്തിലേക്ക് സമൂഹമെത്തി എന്നാണർത്ഥം. സ്വയം കടന്നലുകളെന്നു വിളിക്കുന്ന ,തലയ്ക്കു വെളിവില്ലാത്ത, പരനോയിയ ബാധിച്ച ആൾക്കൂട്ടം സർക്കാരിനും പാർട്ടിക്കുമുണ്ടാക്കുന്ന ഡാമേജ് ചെറുതല്ല,” മറ്റൊരാൾ കുറിച്ചു.
എന്നാൽ സിനിമയുടെ പരസ്യത്തെ ആ നിലയിൽ കണ്ടാൽ മതിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സിനിമക്കെതിരായ സൈബർ ആക്രമണത്തെ കുറിച്ചറിയില്ല. അതേക്കുറിച്ച് അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യ വിവാദമാണ് നടക്കുന്നത്. പലകാലങ്ങളിലും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് സിനിമകളില്‍ ട്രോളുകള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ സംബന്ധിച്ച് കേരളത്തിന്റെ ദീര്‍ഘകാലത്തെ ഈ പ്രശ്നം പരിഹരിക്കപ്പെടണം. അതുതന്നെയാണ് വകുപ്പിന്റേയും അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ സിനിമയുടെ പരസ്യത്തെ ആ നിലയിൽ കണ്ടാൽ മതിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സിനിമക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ല. അതേക്കുറിച്ച് അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യ വിവാദമാണ് നടക്കുന്നത്. പലകാലങ്ങളിലും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് സിനിമകളില്‍ ട്രോളുകളുണ്ടായിട്ടുണ്ട്. ജനങ്ങളെ സംബന്ധിച്ച് കേരളത്തിന്റെ ദീര്‍ഘകാലത്തെ ഈ പ്രശ്നം പരിഹരിക്കപ്പെടണം. അതുതന്നെയാണ് വകുപ്പിന്റേയും അഭിപ്രായം. നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചിത്രത്തിനെതിരായ വിവാദങ്ങള്‍ അനാവശ്യമാണെന്നാണ് കുഞ്ചാക്കോ ബോബന്റെ പ്രതികരണം. ചിത്രം ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളില്‍ സത്യമുണ്ട്. അത് കണ്ട് മനസിലാക്കി പ്രതികരിക്കുകയെന്നുള്ളത് ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ്. അതിനെക്കാള്‍ ഉപരി ബ്രോഡ് ആയി ചിന്തിച്ച് മറ്റുള്ള തലങ്ങളിലേക്കു കൊണ്ടുപോകുകയാണ്. ഈ സിനിമയില്‍ കുഴിമാത്രമല്ല പ്രശ്നം. കുഴി ഒരു പ്രധാനകാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധാരണക്കാരനെ ബാധിക്കുന്നുവെന്നത് കോമഡിയുടെയും സറ്റയറിന്റെയും പിന്തുണയോടെ പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് സിനിമയെന്നും കുഞ്ചാക്കോ ബോബന് പ്രതികരിച്ചു.
ചിത്രത്തിനെതിരെയുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും സിനിമയെ സിനിമയായി കാണണമെന്നുമാണ് പ്രേക്ഷക പ്രതികരണം. ചിത്രം ചര്‍ച്ച ചെയ്യുന്നത് റോഡുകളുടെ യഥാര്‍ത്ഥ അവസ്ഥയാണെന്നും ഇത് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രാചരണമാണെന്ന് പറയുന്ന വാദങ്ങളില്‍ കഴമ്പില്ലെന്നുമാണ് പ്രതികരണങ്ങള്‍.