സ്വന്തം ഡെത്ത് സര്‍ട്ടിഫിക്കറ്റ് തേടി പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുകയാണ് അസാം സ്വദേശിയായ രഞ്ജിത് കുമാര്‍. പരസ്യം പത്രത്തില്‍ വന്നതോടെ ചിരിയടക്കാനാവാത്ത സ്ഥിതിയിലാണ് നെറ്റിസണ്‍സും.
ഇത്തരം കാര്യങ്ങള്‍ ഇന്ത്യയില്‍ മാത്രമെ സംഭവിക്കുകയുള്ളെന്നാണ് പരസ്യം പങ്കുവച്ചുകൊണ്ട് പൊലീസ് സര്‍വീസ് ഓഫിസറായ റുപിന് ഷര്‍മ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഡെത്ത് സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട സ്ഥലവും സമയവും, എന്തിന് റജിസ്ട്രേഷന് നമ്പര്‍ വരെ പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്.
പരസ്യത്തില്‍ പറയുന്നത് ഇപ്രകാരമാണ്, 2022 സെപ്തംബര്‍ ഏഴാം തീയതി രാവിലെ പത്ത് മണിക്ക് ലൂമിങ് ബസാറില്‍ വച്ച് സീരിയല്‍ നമ്പര്‍ 0068132, റജസ്ട്രേഷന് നമ്പര്‍ 93/18 വരുന്ന എന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. രഞ്ജിത് കുമാറെന്നാണ് പരസ്യത്തില്‍ നല്‍കിയിരിക്കുന്ന പേര്.
ട്വീറ്റിന്റെ താഴയുള്ള കമന്റ് സെക്ഷനില്‍ പൊട്ടിച്ചിരിക്കുള്ളതൊക്കെ നെറ്റിസണ്‍സ് ഒപ്പിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാല്‍ സ്വര്‍ഗത്തിലാണോ നരകത്തിലാണോ എത്തിക്കേണ്ടതെന്നാണ് ഒരാളുടെ കമന്റ്. ടൈം ട്രാവല്‍ എന്നൊന്ന് യാഥാര്‍ത്ഥ്യമാണെന്ന് മറ്റൊരാളും കുറിച്ചു.