കൊച്ചി: ആര്‍എസ്എസ് സംവാദകന്‍ ടി.ജി.മോഹന്‍ദാസിന്റെ അവകാശവാദം പൊളിച്ചടുക്കി വാര്‍ത്താ അവതാരകനും സിപിഎം സ്ഥാനാര്‍ത്ഥിയും ആയിരുന്ന എം.വി.നികേഷ്‍ കുമാര്‍. ‘ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണ് ആര്‍എസ്എസ്’ എന്ന പരാമര്‍ശമാണ് അവതാരകന്‍ ചോദ്യം ചെയ്തത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കേരളത്തിനെതിരെ നടത്തിയ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ചര്‍ച്ച നടത്തിയത്. ഭാഗവതിന്റെ പ്രസംഗം നാലാം വര്‍ഷവും ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തതിനെ കുറിച്ചായിരുന്നു അവതാരകന്റെ ചോദ്യം.

ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടന ആണെങ്കില്‍ അതില്‍ എത്ര പേര്‍ അംഗങ്ങളാണെന്ന് അവതാരകന്‍ തിരിച്ചു ചോദിച്ചു. എന്നാല്‍ ‘എത്ര പേരുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല’ എന്നായിരുന്നു മോഹന്‍ദാസിന്റെ മറുപടി. ആര്‍എസ്എസാണ് വലിയ സംഘനട എന്ന് വിദേശരാജ്യങ്ങളടക്കം സമ്മതിക്കുന്നുണ്ടെന്നും വേണമെങ്കില്‍ ഗൂഗിളില്‍ പരിശോധിച്ച് നോക്കാമെന്നും മോഹന്‍ദാസ് പറഞ്ഞു.

എന്നാല്‍ അംഗങ്ങളുടെ ശേഷി എത്രയാണെന്ന് വ്യക്തമാക്കാതെ എങ്ങനെ ഏറ്റവും വലിയ സംഘടനയാണെന്ന് അവകാശവാദം ഉന്നയിക്കാന്‍ കഴിയുമെന്ന് അവതാരകന്‍ തിരിച്ചു ചോദിച്ചു. എണ്ണം അപ്രസക്തമാണെന്നും 10 കോടി എന്ന് താന്‍ പറഞ്ഞാല്‍ അവതാരകന്‍ എന്ത് ചെയ്യുമെന്നുമാണ് മോഹന്‍ദാസിന്റെ മറുപടി. ‘എന്നെ ഒച്ചവെച്ച് തോല്‍പ്പിക്കാന്‍ ശ്രമിക്കണ്ട. എന്റെ ഒരു വാചകം താങ്ങാനുളള കരുത്ത് നികേഷിനില്ല. ആര്‍എസ്എസിന്റെ സംസ്ഥാന ഓഫീസ് നിങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ. എന്റെ ഒരു വാക്ക് താങ്ങാനുളള പ്രാപ്തി നിങ്ങള്‍ക്കില്ല”, ഇങ്ങനെയാണെങ്കില്‍ താനില്ലെന്ന് പറഞ്ഞ മോഹന്‍ദാസ് ഒരുവേള ഇറങ്ങിപ്പോവാനും ശ്രമിച്ചു.

“ഈ മനുഷ്യന്‍ തിണ്ണമിടുക്ക് കാണിച്ച് എന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ഇത് മാധ്യമപ്രവര്‍ത്തകര്‍ക്ക് അപമാനമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണ് ആര്‍എസ്എസ്. അതിന്റെ കണക്ക് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ലോകത്തിലെ ഒന്നാം നമ്പര്‍ സംഘടനയുടെ തലവന് ദൂരദര്‍ശന്‍ ഒരു മണിക്കൂര്‍ സംപ്രേഷണ സമയം കൊടുത്തെങ്കില്‍ അത് തെറ്റല്ല. പോയി പണി നോക്കാന്‍ പറ”, എന്നായിരുന്നു മോഹന്‍ദാസിന്റെ പ്രതികരണം.

ഇന്നലെയാണ് കേരളത്തിനെതിരെ ഭാഗവത് വിമര്‍ശനവുമായി രംഗത്തെത്തിയത്. ആർഎസ്എസിന്റെ സ്ഥാപക വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തിലും ബംഗാളിലും സംഘർഷം ഉണ്ടാക്കാൻ ജിഹാദി സംഘടനകൾ ശ്രമിക്കുകയാണ്. സർക്കാരുകൾ അവരുടെ ഉത്തരവാദിത്തം നിറവേറ്റാതെ ജിഹാദി ഘടകങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ജനങ്ങൾ മുന്നേറ്റം തുടങ്ങിയിട്ടുണ്ടെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ