കേരളത്തിലെ റോഡിലെ കുഴികളായിരുന്നു അടുത്തിടം വരെ സോഷ്യൽ മീഡിയയിൽ ചിരികോളൊരുക്കിയത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ കുഴി പരസ്യവും ഉണ്ണിയപ്പ ചട്ടിയിലെ കുഴികളെ ഓർമ്മിക്കുന്ന റോഡിന്റെ ചിത്രങ്ങളുമൊക്കെയായപ്പോൾ സംഭവമങ്ങ് കൊഴുത്തു. ഇപ്പോഴിതാ, വീണ്ടും റോഡിലെ കുഴികളാണ് സോഷ്യൽ മീഡിയയിൽ രസകരമായൊരു ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തവണ കേരളത്തിലെ റോഡ് മാത്രമല്ല കഥയിലെ നായകൻ, ഇന്റർനാഷണൽ താരങ്ങളുമുണ്ട് സീനിൽ.
Super News Supes എന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ‘ഇന്റർനാഷണൽ റോഡ്’ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. ‘ഇതുപോലുള്ള റോഡുകൾ ബ്രിട്ടനിലേ കാണൂ’ എന്ന അടിക്കുറിപ്പോടെയാണ് ചർച്ചയ്ക്ക് ആധാരമായ ചിത്രം ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. കുഴികളിൽ പാച്ച് വർക്ക് ചെയ്ത ബ്രിട്ടനിലെ ഒരു റോഡാണ് ചിത്രത്തിൽ കാണാൻ കഴിയുക.
രസകരമായ കമന്റുകളോടെ മറ്റു രാജ്യക്കാരും സംഭവം ഏറ്റുപിടിച്ചതോടെ ചർച്ച കൊഴുത്തു.
ഓഹോ! നിങ്ങൾക്ക് റോഡൊക്കെയുണ്ടല്ലേ എന്നാണ് ഒരു ഈജിപ്തുകാരന്റെ കമന്റ്.
“രാജ്യങ്ങൾ നമ്മളെ വേർപിരിച്ചു, പക്ഷേ രാജ്യത്തെ ഷിറ്റി റോഡുകൾ നമ്മളെ ഒന്നിപ്പിച്ചു,” എന്നാണ് മറ്റൊരു രസകരമായ കമന്റ്.

ബൾഗേറിയ, പാക്കിസ്ഥാൻ, കേരള, കൊൽക്കത്ത, മലേഷ്യ, ബംഗ്ലാദേശ്, നൈജീരിയ, ഫിലിപ്പീൻസ്, ഇറാക്, ഇറാൻ, റോം എന്നു തുടങ്ങി വിവിധ നാടുകളിൽ നിന്നുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ പോസ്റ്റിനു താഴെ അവരുടെ നാടുകളിലെ റോഡിന്റെ ശോചനീയാവസ്ഥ വെളിവാക്കുന്ന ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.
ഇതൊക്കെ കാണുമ്പോൾ ഒരാശ്വാസമുണ്ടെന്നാണ് ചില മിടുക്കന്മാരുടെ കമന്റ്. ഈ കമന്റ് സെക്ഷൻ പ്രിസർവ് ചെയ്തു വയ്ക്കണമെന്നാണ് അർജുൻ ദാസ് ഗുപ്ത എന്നയാൾ കമന്റ് ചെയ്യുന്നത്. എന്തായാലും പോസ്റ്റ് ഇതിനകം വൈറലായി കഴിഞ്ഞു.