കുട്ടികൾ വളർന്ന് അവരുടെ മാതാപിതാക്കളെ പുതിയ കാര്യങ്ങൾ പരിചയപ്പെടുത്തുക എന്നത് വളരെ മനോഹരമായ കാര്യമാണ്. വിമാനത്തിൽ കയറണമെന്ന് ആഗ്രഹിച്ച തന്റെ അച്ഛന്റെ സ്വപ്ന സാധിച്ചു കൊടുക്കുന്ന മകന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അച്ഛനരികിൽ ഇരിക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം. വലിയ ആകാംഷയോടെ തന്റെ ആദ്യ വിമാനയാത്ര ആസ്വദിക്കാനൊരുങ്ങുകയാണ് പിതാവ്. ബെർഗർ കഴിക്കുകയാണ് പ്രായമായ വ്യക്തി, പിന്നീട് ചിരിച്ച മുഖത്തോടെ സെൽഫിയും പകർത്തുന്നുണ്ട്. വിമാനത്തിൽ ഇരുന്ന് പുറത്തെ ഭംഗി ആസ്വദിക്കുകയാണ് ഇരുവരും. മുംബൈയിലെ വീട്ടിൽ ഒരുമിച്ച് സമയം ചെലവിടുന്ന ഇരുവരെയും വീഡിയോയിൽ കാണാം.
“വിമാനയാത്ര എന്ന അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുത്തു. അതുവഴി മുംബൈയിലെത്തുകയും ചെയ്തു” എന്നാണ് വീഡിയോയിൽ കുറിച്ചിരിക്കുന്നത്. ‘മകനായതിൽ നിങ്ങൾ ഒരുപാട് അഭിമാനിക്കുന്നു’ എന്നാണ് വീഡിയോ പങ്കുവച്ച് ജതിൻ ലംബ കുറിച്ചത്.
ഏപ്രിൽ 10 നു സോഷ്യൽ മീഡിയയിൽ അപ്പ്ലോഡായ വീഡിയോ 1.63 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. എന്തുകൊണ്ടാണെന്ന് അറിയില്ല ഈ വീഡിയോ കണ്ടപ്പോൾ ഞാൻ വളരെ ഇമോഷ്ണലായി പോയി, നിങ്ങൾ ജീവിതത്തിൽ വിജയിച്ചൂ സുഹൃത്തേ, എന്റെ പപ്പയ്ക്കും മമ്മിയ്ക്കും വേണ്ടി ഇങ്ങനെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
അമ്മയുമായി മൂന്നു മക്കൾ വിമാന യാത്ര പോകുന്ന വീഡിയോ കുറച്ചു നാളുകൾക്കു മുൻപാണ് വൈറലായത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട വനിതയായിരുന്നു അവർ. ഭർത്താവിനു തലച്ചോറിൽ കാൻസർ ബാധിച്ചതിനു പിന്നാലെ പല വീടുകളിലായി അവർ ജോലിയ്ക്കു പോയി. പക്ഷെ ഭർത്താവിനz നഷ്ടമാവുകയും തുടർന്ന് മൂന്ന് കുട്ടികളെ അവർ ഒറ്റയ്ക്ക് വളർത്തുകയായിരുന്നു.