ചെന്നൈ: ഉയര്‍ന്ന മാര്‍ക്ക് ഉണ്ടായിട്ടും ഡോക്ടര്‍ മോഹം പൂവണിയാന്‍ സാധിക്കാതെ മരിച്ച അനിതയെന്ന ദലിത്‌ വിദ്യാര്‍ഥിക്ക് വേണ്ടി സംസാരിക്കുകയാണ് തെന്നിന്ത്യയിലെ ട്വിറ്റര്‍ ഉപയോക്താക്കള്‍. #NEETkilledAnitha എന്നും #NEETkillsAnitha എന്നുമുള്ള ഹാഷ്ടാഗുകള്‍ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ ട്വിറ്റര്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്. #Neet, #BanNeet, #RIPAnita, #BJPKilledAnitha എന്നീ ഹാഷ്ടാഗുകളും ഇതിനോടൊപ്പം ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ്.

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്‌ ടെസ്റ്റ്‌ എന്നതിന്‍റെ ചുരുക്കപ്പേരായ നീറ്റ് പരീക്ഷാസംവിധാനത്തിലെ നീതികേടുകളാണ് മിക്കവരും ആരോപിക്കുന്നത്. മികച്ച കുട്ടികളെ തിരഞ്ഞെടുക്കുവാനുള്ള സംവിധാനമല്ല, മറിച്ച് പൊതുവിദ്യാലയങ്ങളില്‍ പഠിച്ചവരും ഇംഗ്ലീഷ് ഇതര മാധ്യമങ്ങള്‍ ഒന്നാം ഭാഷയായി പരിശീലിച്ചവരേയും ഒഴിവാക്കുവാനുള്ള പരീക്ഷയാണ് നീറ്റ് എന്നാണ് പൊതുവേ ഉയര്‍ന്നു കാണുന്ന ആരോപണം.

അറിയലൂര്‍ ജില്ലയില്‍ നിന്നുമുള്ള അനിത എന്ന ദലിത് വിദ്യാര്‍ഥിനി പത്താംക്ലാസും പന്ത്രണ്ടാം ക്ലാസും പാസാവുന്നത് ഉയര്‍ന്ന മാര്‍ക്കോടുകൂടിയാണ്. മെഡിസിന്‍ പഠിച്ചശേഷം ഒരു ഡോക്ടര്‍ ആവണം എന്നായിരുന്നു അനിതയുടെ സ്വപ്നം. എന്നാല്‍ നീറ്റ് പരീക്ഷയെഴുതി വിജയിക്കാന്‍ സാധിക്കില്ലെന്നു തിരിച്ചറിഞ്ഞതിനാല്‍ താന്‍ സ്വപ്നം ഉപേക്ഷിക്കുന്നു എന്നും കൃഷിപഠനത്തിനോ മറ്റും പോവുകയാണ് എന്നും പറയുന്ന അനിതയുടെ അഭിമുഖ വിഡിയോയും പലരും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

“നീറ്റ് എന്താണ് എന്ന് എനിക്കറിയില്ല. അത് എന്തായാലും അത് പഠിക്കുന്നതിനായി കൊച്ചിങ് ക്ലാസിലൊക്കെ പോകുവാനുള്ള അവസ്ഥയും എന്നെപ്പോലുള്ളവര്‍ക്കില്ല. പന്ത്രണ്ടാം ക്ലാസ് എല്ലാത്തിന്‍റെയും പ്രാഥമികമായൊന്നാണ്. അതിലെനിക്ക് മികച്ച മാര്‍ക്കുമുണ്ട്. നീറ്റ് പഠിച്ചാലേ പറ്റൂ എന്നുള്ളത് എന്നെ പോലുള്ളവരെ വളരെയധികം ബാധിക്കുന്ന കാര്യമാണ്. അതിനാല്‍ സ്റ്റേറ്റ് സ്കൂളുകളില്‍ ലഭിച്ച മാര്‍ക്ക് വച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് മെഡിക്കല്‍ കൗണ്‍സില്‍ എന്നെപ്പോലുള്ള വിദ്യാര്‍ഥികളെ സഹായിക്കണം” മറ്റൊരു വിഡിയോ അഭിമുഖത്തില്‍ അനിത പറയുന്നു.

സൈബറിടങ്ങളില്‍ മാത്രമല്ല, തമിഴ്നാട്ടിലെ പല നഗരങ്ങളിലും നീറ്റിനെതിരായ പ്രതിഷേധം കത്തികയറുകയാണിപ്പോള്‍. നീറ്റ് പരീക്ഷ നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിവിധ തമിഴ് സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ പതിനഞ്ചുശതമാനം വരുന്ന മെഡിക്കല്‍ ബിരുദ സീറ്റുകളും, അമ്പത് ശതമാനം വരുന്ന മെഡിക്കല്‍ ബിരുദാനന്തര ബിരുദ സീറ്റുകളും നൂറു ശതമാനം സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ സീറ്റുകളും കേന്ദ്രത്തിനു കൈമാറിയതാണ്. ഇതിന്‍റെ അനന്തരഫലമാണ് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നത് എന്നും നീറ്റ് പോലുള്ള പരീക്ഷകള്‍ സംസ്ഥാനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് വഴി കഴിവുള്ള പാവപ്പെട്ട വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുകയാണ് എന്നുമാണ് പരക്കെ ഉയരുന്ന ആരോപണം.

അതിനിടയില്‍, തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും ചര്‍ച്ചകളിലേക്ക് വരുന്നുണ്ട്. നീറ്റ് പരീക്ഷ അടിച്ചേല്‍പ്പിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ടു അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിനെക്കുറിച്ചുള്ള വാര്‍ത്തയും. നീറ്റ് പരീക്ഷ തമിഴ്നാട്ടിലെ ഗ്രാമീണരായ വിദ്യാര്‍ഥികളുടെ പ്രതീക്ഷ തല്ലിക്കെടുത്തും എന്നുപറഞ്ഞുകൊണ്ട് ഡിഎംകെ നേതാവ് കരുണാനിധി നടത്തിയ പ്രസ്താവനയുടെ വാര്‍ത്തയും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ‘ഇരുനേതാക്കളുടെയും അഭാവത്തില്‍ തമിഴനാട് നരേന്ദ്ര മോദിയുടെ സ്വേച്ഛാധിപത്യത്തിനു കീഴടങ്ങി എന്നാരോപിച്ചുകൊണ്ടാണ് ട്വീറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ