സന്തോഷത്തോടെ പോകുന്ന ജീവിതത്തിന്റെ താളം തെറ്റിച്ചു കൊണ്ടായിരിക്കും ചിലപ്പോൾ ജീവിതത്തിലേക്ക് ഒരു രോഗം കയറിവരുന്നത്. എന്നാൽ ആ രോഗത്തെയും വെല്ലുവിളിച്ച് ഞാൻ ജീവിക്കും, എനിക്ക് ജീവിച്ചേ മതിയാകൂ എന്നു പറയുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നന്ദു മഹാദേവ എന്ന ചെറുപ്പക്കാരൻ.

നന്ദു മഹാദേവ എന്ന പേര് മലയാളികൾ ആദ്യം കേൾക്കുന്നതും ക്യാൻസർ പോരാട്ടത്തോടൊപ്പമാണ്. തലക്കു മീതെ വെള്ളം കയറിയാൽ അതിന് മുകളിൽ തോണിയിറക്കാം എന്ന ആത്മവിശ്വാസമാണ് നന്ദുവിന്. വളരെ ചെറിയ പ്രായത്തിൽ ജീവിതത്തിൽ വില്ലനായെത്തിയ ക്യാൻസറിന്, ഒരു കാൽ കൊടുത്താണെങ്കിലും നന്ദു ജീവിതം തിരിച്ചു പിടിച്ചു.

ഇപ്പോൾ വീണ്ടും ക്യാൻസർ തന്നെ തേടി എത്തിയിരിക്കുകയാണ് എന്നാണ് നന്ദു അറിയിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് നന്ദു ഇക്കാര്യം അറിയിച്ചത്.

നന്ദുവിന്റെ കുറിപ്പിന്റെ പൂർണരൂപം:

ചങ്കുകളേ..

വീണ്ടും ഞാൻ ക്യാൻസറുമായുള്ള യുദ്ധം തുടങ്ങുകയാണ്..!! ഇപ്രാവശ്യം വളരെ കഠിനമായ യുദ്ധമാണ്..!!നാളിതുവരെയുള്ള എന്റെ എല്ലാ കാര്യങ്ങളും ഇവിടെയുള്ള എന്റെ ബന്ധുക്കളോടാണ് ഞാൻ ആദ്യം പറയുക..!! ഈ കാര്യം അറിഞ്ഞ ശേഷം സങ്കടത്തോടെ ആരും എന്നോട് സംസാരിക്കരുത്..!! കാണാൻ വരരുത്!! നിറഞ്ഞ സന്തോഷത്തോടെ എപ്പോഴും വരുന്നതുപോലെ തന്നെയേ വരാൻ പാടുള്ളൂ.. എനിക്കതാണ് ഇഷ്ടം..

ശ്വാസകോശത്തിലേക്ക് ക്യാന്‍സര്‍ ബാധിച്ചിരുന്നത് ആദ്യമേ തന്നെ ഞാന്‍ എല്ലാവരോടും പങ്കു വച്ചിട്ടുള്ളതാണ്.. നാലാമത്തെ സ്റ്റേജ് ആയിരുന്നിട്ടും വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് വന്നത് എന്റെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും വരെ അത്ഭുതമാണ് എന്ന് പറഞ്ഞിട്ടുണ്ട്.. ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടിയുള്ള യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.. ശ്വാസകോശത്തില്‍ ഉണ്ടായിരുന്ന ട്യൂമര്‍ ഒരു നാലു സെന്റീമീറ്റര്‍ കൂടി വലുതായി പതിനഞ്ചു സെന്റീമീറ്റര്‍ ആയിട്ടുണ്ട്.. അതിനെ കീമോയിലൂടെ ചുരുക്കാന്‍ നോക്കിയെങ്കിലും ഒന്നു ചുരുങ്ങിയിട്ട് വീണ്ടും വലുതായി.. ഇനി ഒരേ ഒരു വഴിയേ മുന്നിലുള്ളൂ.. ഒരു മേജര്‍ സര്‍ജറി ചെയ്ത് അതിനെ അങ്ങെടുത്തു കളയണം.. സത്യത്തില്‍ ആരെയെങ്കിലും സ്‌നേഹത്തോടെ ആലിംഗനം ചെയ്യുവാണേല്‍ ക്യാന്‍സറിനെ പോലെ ആലിംഗനം ചെയ്യണം..! കാരണം ഉടുമ്പ് പിടിക്കും പോലെയാണ് അത്.. അത്ര തീക്ഷ്ണമാണ് ആ ആലിംഗനം.. പിടിച്ചാല്‍ ആ ഭാഗവും കൊണ്ടേ പോകുള്ളൂ..! എന്നെയും അവള്‍ അങ്ങനെ പിടിച്ചേക്കുവാണ്.. അതുകൊണ്ട് ഞാന്‍ ആ ഭാഗം അങ്ങു കൊടുത്തു വിടാന്‍ തീരുമാനിച്ചു..! വലതു ശ്വാസകോശത്തിന്റെ വലിയൊരു ഭാഗം മുഴുവന്‍ എടുത്തു മാറ്റണം.. ജീവിതത്തിലേക്ക് തിരിച്ചു വന്നാലേ പറ്റുള്ളൂ എന്ന വാശിയുള്ളത് കൊണ്ട് ആദ്യം പറഞ്ഞിട്ട് പോയത് പോലെ തന്നെ ഇപ്പോഴും ഞാന്‍ പറയുകയാണ് വളരെ എളുപ്പത്തില്‍ തന്നെ ഒരു കുഴപ്പവും ഇല്ലാതെ ഞാന്‍ പുഞ്ചിരിയോടെ തിരിച്ചു വരും..’,

ഈ മനോഹരമായ ഭൂമിയിൽ എനിക്ക് സ്നേഹിച്ചു കൊതിതീരാത്ത എന്റെ പ്രിയപ്പെട്ടവരെ ഇനിയും സ്നേഹിക്കാനും തളർന്നു പോകുന്ന ഒത്തിരിപ്പേരെ കൈപിടിച്ചുയർത്താനും എനിക്ക് തിരികെ വന്നാലേ പറ്റുള്ളൂ..! എനിക്ക് പലപ്പോഴും എന്റെ കാര്യം ആലോചിക്കുമ്പോൾ അത്ഭുതവും അതിലുപരി സർവ്വേശ്വരനോട് അടങ്ങാത്ത നന്ദിയും ഉണ്ട്..! കാരണം അതിശക്തമായ കീമോയും കഴിഞ്ഞു ഒരു കാൽ നഷ്ടമായിട്ടും ഈ ശരീരവും കൊണ്ട് ഞാൻ ഒതുങ്ങിയിരുന്നിട്ടില്ല.. കേവലം ഒരു വർഷം കൊണ്ട് ഒമാനിൽ പോയതുൾപ്പെടെ ഏകദേശം മുപ്പതിനായിരത്തോളം കിലോമീറ്റർ ദൂരം യാത്ര ചെയ്തു..! നൂറിലധികം പൊതുപരിപാടികളിൽ..! അനങ്ങുവാനോ പുറത്തേക്കു പോകുവാനോ കഴിയാത്ത ഒരുപാട് പേരെ അവരുടെ വീട്ടിൽ പോയി കണ്ട്‌ ആശ്വസിക്കാൻ കഴിഞ്ഞു..! പതിനഞ്ചിലധികം സ്ഥലത്ത് കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കാൻ കഴിഞ്ഞു..!പാഞ്ചാലിമേട് മലയുടെ ഏറ്റവും ഉയരെ 940 മീറ്റർ മുകളിൽ ഈ ക്രച്ചുമായി പോയി..! പഴനിമലയിലെ 1008 പടികളും കാവടി എടുത്തുകൊണ്ട് ചവിട്ടിക്കയറി…!

ദുർബലമായ ശരീരം ആയിരുന്നിട്ടും വിചാരിച്ച കാര്യങ്ങൾ എല്ലാം ഭംഗിയായി ചെയ്യാൻ കഴിഞ്ഞത് സർവ്വേശ്വരന്റെ കാരുണ്യമാണ്.. ആ സമയത്തൊക്കെ എന്റെ ഉള്ളിൽ ശ്വാസകോശത്തിൽ ഇരുന്നു അർബുദം വിങ്ങുകയായിരുന്നു…! എന്നിട്ടും ഇത്രയും ആക്റ്റീവ് ആയിരിക്കാൻ കഴിഞ്ഞത് തീർച്ചയായും മനസ്സിന്റെ ശക്തി കൊണ്ടു കൂടി തന്നെയാണ്.. ബോണസായി കിട്ടിയ ഓരോ നിമിഷവും വളരെയധികം സന്തോഷത്തോടെ ജീവിതം ആഘോഷിക്കാൻ കഴിഞ്ഞതിലും വല്ലാത്ത സംതൃപ്തിയാണ്. എന്റെ നിയോഗങ്ങൾ ഇനിയും ബാക്കിയാണ്..

ഇതിനെക്കാളും ഉഷാറോടെ എന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ വന്ന് നിന്ന് ഞാൻ വിളിച്ചു പറയും. ജീവിതം പൊരുതി നേടാനുള്ളതാണ് ! മരണം മുന്നിൽ വന്നു നിന്നാലും വിജയം മുന്നിൽ ഉണ്ടെന്ന് പറയാനും പ്രവർത്തിക്കുവാനും ആണിഷ്ടം…

പരാജയപ്പെട്ടു പിന്മാറുന്നവർക്കുള്ളതല്ല. പരിശ്രമിച്ചു മുന്നേറുന്നവർക്കുള്ളതാണ് ഈ ലോകം. വീഴാതിരിക്കുന്നതല്ല, വീണ്ടെടുക്കുന്നതാണ് വിജയം…!!

വേദനകളെയൊക്കെ നമുക്ക് ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ട് തുഴഞ്ഞു വിജയിക്കാം. മനസ്സുകൊണ്ട് നമ്മളെ തോല്പിക്കണേൽ ഇമ്മിണി പുളിക്കണം..! എനിക്ക് വേണ്ടത് എന്റെ ചങ്കുകളുടെ കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകൾ അല്ല. പുഞ്ചിരിയിൽ തെളിഞ്ഞ പ്രാർത്ഥനകളാണ്..

എല്ലാരോടും സ്നേഹം..
എല്ലാർക്കും ചക്കരയുമ്മ

കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഓരോ നിമിഷവും വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത അസഹനീയമായ വേദന എനിക്ക് കൂട്ടിനുണ്ട്. കൂടാതെ ചുമയുമുണ്ട്. ചുമക്കുമ്പോഴുള്ള വേദന ശരീരത്തിന് താങ്ങാവുന്നതിന് അപ്പുറമാണ്. അതുകൊണ്ട് പൂർണ്ണമായും സംസാരിക്കാൻ പാടില്ല എന്ന കർശനമായ നിർദേശനം ഡോക്ടറുടെ അടുത്ത് നിന്നുമുണ്ട്. വായ തുറക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് എന്റെ ഹൃദയങ്ങൾ വിളിച്ചാൽ എനിക്ക് സംസാരിക്കാൻ കഴിയില്ല. അതാണ് എന്റെ ഏറ്റവും വലിയ സങ്കടം..
ഉറപ്പുതരുന്നു ഞാൻ തിരിച്ചു വരും !!!

സ്നേഹപൂർവ്വം

നന്ദു മഹാദേവ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook