ക്രൈസ്റ്റ് ചര്‍ച്ച്: ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പളളിയില്‍ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം ലോകം പുകഴ്ത്തിയ പേരാണ് ജസീന്ത ആർഡെൻ. വെടിവയ്പില്‍ 50 പേര് കൊല്ലപ്പെട്ടപ്പോള്‍ ഇരകളോടൊപ്പം നിന്ന പ്രധാനമന്ത്രി ഹൃദയങ്ങള്‍ കീഴടക്കി. വെടിവയ്പിന് ശേഷമുണ്ടായ ജസീന്തയുടെ ഓരോ നീക്കവും സഹാനുഭൂതിയും സ്നേഹവും നിറഞ്ഞതായിരുന്നു. രാജ്യത്തെ മുസ്ലിങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് ജസീന്ത നല്‍കിയത്.
ഭീകരാക്രമണ ഇരകളുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ ജസീന്ത തലയില്‍ തട്ടമിട്ടതും ശ്രദ്ധേയമായി. കഴിഞ്ഞ വെളളിയാഴ്ച രാജ്യത്തൊട്ടാകെ ബാങ്ക് വിളി സംപ്രേക്ഷണം ചെയ്യാന്‍ ആഹ്വാനം ചെയ്തതും ജസീന്തയെ വാര്‍ത്തകളില്‍ നിറച്ചു. ഇപ്പോള്‍ പുറത്തുവന്ന ഒരു വീഡിയോ ആണ് ജസീന്തയെ വീണ്ടും വാര്‍ത്താ തലക്കെട്ടുകളാക്കുന്നത്. 38കാരിയായ ജസീന്ത ഒരു മുസ്ലിം യുവാവിന് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമായത്.
ജസീന്തയോട് ഇസ്ലാം മതം സ്വീകരിക്കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടത്. ‘സത്യം പറഞ്ഞാല്‍ നിങ്ങള്‍ കാരണമാണ് ഞാന്‍ ഇന്നിവിടെ വന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഞാന്‍ കരയുകയായിരുന്നു. നിങ്ങളെ പോലെ മറ്റ് നേതാക്കളും കണ്ട് പഠിക്കട്ടേയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു. എന്റെ മറ്റൊരു ആഗ്രഹം നിങ്ങളും ഒരിക്കല്‍ ഇസ്ലാം മതം സ്വീകരിച്ച് നമ്മളെ അളളാഹു സ്വര്‍ഗത്തില്‍ ഒന്നിച്ച് ചേര്‍ക്കുമാറാകട്ടെ,’ യുവാവ് പറഞ്ഞു. ഇതിന് മനോഹരമായ ഒരു മറുപടിയും ജസീന്ത നല്കി.
‘ഇസ്ലാം പഠിപ്പിക്കുന്നത് മനുഷ്യത്വമാണ്. ആ മനുഷ്യത്വം എനിക്കുണ്ടെന്നാണ് എന്റെ വിശ്വാസം,’ ജസിന്ത മറുപടി നല്കി. ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന് ശേഷം ജസീന്തയെ പോലെ മറ്റ് രാഷ്ട്രീയ നേതാക്കളും രാജ്യത്തെ മുസ്ലിങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വെടിവയ്പ് ഉണ്ടായതിന് പിന്നാലെ ജസീന്ത കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ നേരിട്ടെത്തി ആശ്വസിപ്പിച്ചിരുന്നു. ആലിംഗനം ചെയ്താണ് അവര്‍ ഇരകളുടെ കുടുംബത്തെ സമാശ്വസിപ്പിച്ചത്.