മലപ്പുറത്തെ പെൺകുട്ടികളുടെ ഫ്ലാഷ്മോബിനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തു വന്നതിന് മതമൗലിക വാദികളുടെ ആക്രമണത്തിന് വിധേയനായ ആർ.ജെ.സൂരജിനെ പിന്തുണച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് രംഗത്ത്. സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പിലൂടെയാണ് ഫിറോസ് സൂരജിന് പിന്തുണ പ്രഖ്യാപിച്ചത്.

ആർ.ജെ.സൂരജ് മുസ്‌ലിം സുഹൃത്തുക്കളോട് മാപ്പ് ചോദിക്കുന്ന വിഡിയോ കണ്ട് സങ്കടവും അമർഷവും അടക്കാൻ സാധിക്കുന്നില്ലെന്ന് ഫിറോസ് പറയുന്നു. മാപ്പ് പറയേണ്ടത് സൂരജല്ലെന്നും വിശ്വാസികളെന്ന പേരിൽ ചിലർ  നടത്തിയ ആക്രമണത്തിന്  തങ്ങൾ മാപ്പ് ചോദിക്കുന്നുവെന്നും ഫിറോസ് കുറിക്കുന്നു.

പി.കെ.ഫിറോസിന്റെ കുറിപ്പ്:

ആർ.ജെ.സൂരജ് മുസ്ലിം സുഹൃത്തുക്കളോട് മാപ്പ് ചോദിക്കുന്ന വിഡിയോ കണ്ടു. സങ്കടവും അമർഷവും അടക്കാനാവുന്നില്ല. മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ ഏതാനും പെൺകുട്ടികളെ അവഹേളിച്ചവരെ വിമർശിച്ചതിനാണ് സൂരജിന് ഈ ഗതി വന്നത്. വിശ്വാസികൾ എന്ന് സ്വയം മേനി നടിക്കുന്നവർ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്?
വികാരം വ്രണപ്പെട്ടു വ്രണപ്പെട്ടു എന്ന് പേർത്തും പേർത്തും പറയുന്നവരോട് ചോദിക്കട്ടെ. നിങ്ങൾക്ക് വിശ്വാസം എന്നത് വ്രണപ്പെടുന്ന ഒരു വികാരം മാത്രമാണോ? വിമർശനത്തോട് എന്തിനാണ് നിങ്ങളിത്ര അസഹിഷ്ണുത കാണിക്കുന്നത്? വിമർശിച്ചതിന്റെ പേരിൽ അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഭാവിയെ വരെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്?
പ്രിയപ്പെട്ട ആർ.ജെ.സൂരജ്,
വിഡിയോയിൽ നിങ്ങൾ പറയുന്നത് കേട്ടു. ഇനി മുതൽ ആരെയും വിമർശിക്കില്ല എന്ന്. റേഡിയോ ജോക്കി എന്ന ജോലി ഉപേക്ഷിക്കുകയാണ് എന്ന്. നിങ്ങൾ ഉയർത്തിയ വിമർശനങ്ങൾ നിർത്തരുത്. ജോലി ഉപേക്ഷിക്കരുത്. നിങ്ങളെ പോലുള്ളവരുടെ നിലപാടുകളാണ് ഈ നാടിന് ഇപ്പോൾ ആവശ്യമായിട്ടുള്ളത്. നിങ്ങൾ ഭീരുവാകരുത്. നിങ്ങളുടെ ഭീരുത്വം പോലും ഉപയോഗപ്പെടുത്താൻ വർഗ്ഗീയ വാദികൾ കാത്തിരിക്കുകയാണ്. അതിനവസരം ഒരുക്കരുത്.
ഒരു കാര്യം കൂടി,
മാപ്പ് പറയേണ്ടത് നിങ്ങളല്ല, ഞങ്ങളാണ്.
വിശ്വാസികൾ എന്ന പേരിൽ ചിലർ നടത്തിയ ആക്രമണത്തിന് ഒരു വിശ്വാസി എന്ന നിലയിൽ മാപ്പു ചോദിക്കുന്നു.
#Sorry_RJ_Sooraj

കഴിഞ്ഞ ദിവസം എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി മലപ്പുറം ടൗണിന്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ച മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു കൂട്ടം മത മൗലിക വാദികള്‍ രംഗത്ത് വന്നിരുന്നു. ഇവരെ വിമര്‍ശിച്ചുകൊണ്ടാണ് സൂരജ് ലൈവ് വിഡിയോയില്‍ വന്നത്. എന്നാല്‍ അതിപ്പോള്‍ സൂരജിന്റെ ജോലിയെ ബാധിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്.

ഇമേജ് എന്ന് പറയുന്നത് തോട്ടിന്‍ കരയില്‍ വിരിയുന്ന ഒരു റോസാപ്പൂവ് പോലെയാണ്. എപ്പോള്‍ വേണമെങ്കിലും അത് തോട്ടിലേക്ക് വീഴാം. അത്രയേ അതിന് ആയുസ്സുള്ളൂ. അത് അനുഭവം കൊണ്ട് തനിക്ക് ബോധ്യപ്പെട്ടു എന്ന് പറഞ്ഞാണ് സൂരജ് തന്റെ പുതിയ വിഡിയോ തുടങ്ങുന്നത്. സപ്പോര്‍ട്ട് സൂരജ് എന്ന് പറഞ്ഞിരുന്നവര്‍ എല്ലാം ഇപ്പോള്‍ ഐ ഹേറ്റ് സൂരജ് എന്നാണ് പറയുന്നത്. കൂടാതെ ദോഹയില്‍ വച്ച് കത്തിക്കും കൊല്ലും തല്ലും എന്ന തരത്തിലുളള ഭീഷണികളും ഉയരുന്നുണ്ടെന്നും സൂരജ് വിഡിയോയിലൂടെ പറയുന്നു.

സൂരജിന്റെ വിവാദത്തിലായ വിഡിയോക്കെതിരായി സൂരജിനെ മാത്രമല്ല അദ്ദേഹം ജോലി ചെയ്യുന്ന റേഡിയോ മലയാളം 98.6 നെതിരെയും മതമൗലിക വാദികള്‍ രംഗത്ത വന്നിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദോഹ ജംഗ്ഷന്‍ എന്ന പരിപാടിയാണ് സൂരജ് അവതരിപ്പിക്കുന്നത്. അതില്‍ നിന്നും താന്‍ വിട്ടു നില്‍ക്കുന്നതായും മാനേജ്മെന്റ് തീരുമാനിക്കും വിധമാകും കാര്യങ്ങള്‍ എന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു. ഇനി അവിടെ തിരിച്ച് റേഡിയാ ജോക്കി ആയി വരാന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

തെറ്റിദ്ധരിക്കപ്പെട്ടാണ് താന്‍ വിമര്‍ശനത്തില്‍ ഒരു ഭാഗത്ത് പ്രഭാഷണ ശൈലി ഉപയോഗിച്ചതെന്നും അതില്‍ ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നതായും സൂരജ് അറിയിച്ചു. കൂടാതെ താന്‍ സംഘപരിവാര്‍ അനുഭാവിയല്ലെന്നും കമ്മ്യൂണിസ്റ്റ് അനുഭാവി ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിഷയം ഇപ്പോള്‍ വര്‍ഗീയ ചേരി തിരിവിലേക്ക് ചിലര്‍ ബോധപൂര്‍വ്വം കൊണ്ടെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനെ ഒരു കാരണ വശാലും അംഗീകരിക്കുകയില്ലെന്നും സൂരജ് വിഡിയോയില്‍ പറയുന്നു.

തനിക്കെതിരെ പറയുന്നവര്‍ റേഡിയോക്കെതിരെ അക്രമം നടത്തരുതെന്നും അവിടെ നിരവധി ചെറുപ്പക്കാര്‍ പ്രതീക്ഷകളോടെ ജോലി ചെയ്യുന്നുണ്ടെന്നും തന്റെ ഭാഗത്തു നിന്നുണ്ടായ പ്രവര്‍ത്തനത്തെ അറിവില്ലായ്മയായി കാണണമെന്നും അദ്ദേഹം പറയുന്നു. നിങ്ങളായി തന്ന സപ്പോര്‍ട്ട് നിങ്ങളായി തന്നെ തിരിച്ചെടുക്കുന്നു. ഇനി ഇത്തരത്തിലുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയില്ലെന്നും സൂരജ് വിഡിയോയിലൂടെ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook