ഈ ദിനം കേള്‍ക്കാതെ പോകരുത് ഈ ഗാനം. അത്രയ്ക്ക് അലിവോടെയും സ്നേഹത്തോടെയുമാണ് ആലപിക്കപ്പെട്ടിരിക്കുന്നത്. ക്ഷമയും പരിത്യാഗവുമാണ് അതിലെമ്പാടും നിഴലിക്കുന്നത്.
സ്നേഹത്തിനും സമാധാനത്തിനും വേണ്ടി പോരാടി, വേദനിക്കുന്നവര്‍ക്കും വേട്ടയാടപ്പെടുന്നവര്‍ക്കും നിത്യരക്ഷയുടെ പ്രതീകമായി ഈശോ ഉയിര്‍ത്തെഴുന്നേറ്റ ദിനമാണിന്ന്. ഈസ്റ്റർ ആശംസകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്ന ഒരു വീഡിയോയാണ് ചുവടെ.
ജോര്‍ജിയയിലെ തിബ്ലിസിയിലെ സെന്റ്റ് സൈമണ്‍ ചാല്‍ദിയന്‍ ദേവാലയത്തില്‍ 2016 സെപ്റ്റംബര്‍ 30ന് റെക്കോര്‍ഡ് ചെയ്യപ്പെട്ടതാണിത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ അക്രമങ്ങളില്‍ നിന്നും പലായനം ചെയ്തു വരുന്നവര്‍ക്ക് അഭയകേന്ദ്രമാണ് തിബ്ലിസി നഗരം. മുന്നോറോളം പേര് ആണ് ഒരു ചെറിയ പള്ളിയില്‍ ഒത്തു കൂടിയത്, തിബ്ലിസി സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്പ്പാപ്പയെക്കാണാന്. ഇറാക്കിലെയും സിറിയയിലെയും വൈദികര്‍ക്കൊപ്പം അവിടെ പ്രാര്‍ത്ഥനയ്ക്കെത്തിയതായിരുന്നു പോപ് ഫ്രാന്‍സിസ്.
അറാമിയ ഭാഷയിലാണ് ഈ ആലാപനം. ക്രിസ്തു സംസാരിച്ചിരുന്ന ഭാഷയാണ് അറാമിയ. 53-ാം സങ്കീര്‍ത്തനമാണ് പാടുന്നത് എന്ന് പറയുന്നവരുണ്ട്. അല്ല, 16-ാം സങ്കീര്‍ത്തനമാണ് എന്ന് പറയുന്നവരുമുണ്ട്. എന്തായാലും ഈ മനോഹരമായ ആലാപനം കേട്ട് പോപ് ഫ്രാന്‍സിസിന്റെ കണ്ണുകള്‍ നിറഞ്ഞു. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും തിബ്ലിസിയിലെത്തിയ കുടുംബങ്ങളാണ് ലോക ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടി ഇതാലപിച്ചത്. മൈക്കോ മറ്റു ശബ്ദക്രമീകരണങ്ങളോ ഇല്ലാതെയാണ് ആലാപനം എന്നതും ശ്രദ്ധേയമാണ്.