ചാർലിയിലെ ദുൽഖർ നാടുമുഴുവൻ കറങ്ങിയതിനെ ചൂണ്ടി കേരളം ഉറക്കെ വിളിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്. “അല്ല സഹോ, പണമുണ്ടെങ്കിൽ ഞാനിങ്ങനെ ഇവിടെ വെറുതെ ഇരിക്കുമോ? പോകില്ലേ നാടായ നാട് മുഴുവൻ കാണാൻ. നിനക്കെവിടുന്നാ പണം കിട്ടിയതെന്ന് പറ. എനിക്കും പോകണം”, എന്ന്. അന്നത് ദുൽഖർ ആയിരുന്നെങ്കിൽ യഥാർത്ഥ ജീവിതത്തിൽ യാത്രകളെ ആഘോഷമാക്കിയ മറ്റൊരാളുണ്ട്. പേര് മുരളി തുമ്മാരുകുടി.

മുരളി തുമ്മാരുകുടി ചേട്ടൻ ഇന്നലെ പെട്ടെന്നൊരു പ്രഖ്യാപനം നടത്തി. “ഒരു ഭാഗ്യവാനെ ഞാൻ സ്വിറ്റ്സർലൻഡിൽ കൊണ്ടുപോകും. ഫുൾ ചെലവ് എന്റെ വക.” ഇങ്ങേർക്ക് എന്താ വട്ടാണോ എന്ന് ചിന്തിക്കക്കേണ്ട. സംഭവം ഒരു വലിയ പദ്ധതിയാണ്.

ലോകത്ത് നമുക്ക് ആയുസ്സ് മുഴുവൻ യാത്ര ചെയ്താലും കണ്ടുതീർക്കാനാകാത്ത എത്രയോ സ്ഥലങ്ങളുണ്ട്? യാത്ര പോകാൻ ആഗ്രഹമുണ്ടായിട്ടും സാധിക്കാത്തവരാണ് ഏറെയും. പണം തന്നെയാണ് എല്ലാവരുടെയും പ്രധാന പ്രശ്നവും. തുമ്മാരുകുടി ചേട്ടന് പറയാനുള്ളതും അതേക്കുറിച്ചാണ്. പക്ഷെ പറയുമ്പോൾ സ്ഥിരമായി കേൾക്കുന്ന ആൾക്കാർ മാത്രം പോര. അതിന് കൂടുതൽ പേർ വേണം. കൂടുതൽ പേർ കൂടുതൽ സ്ഥലങ്ങളിലേക്ക് പോകണം. അതിനായുള്ളതാണ് ഇപ്പോഴത്തെ മിഷൻ.

travel, trip, വിനോദയാത്ര, മുരളി തുമ്മാരുകുട്ടി, muralee thummarukudy, സൗജന്യ യാത്ര, സ്വിറ്റ്സർലന്റിൽ പോകാം,

സ്വന്തം അക്കൗണ്ടിൽ മുരളി തുമ്മാരുകുടി ഇതേക്കുറിച്ച് എഴുതിയത് ഇങ്ങിനെ. “യാത്ര എന്ന് പറഞ്ഞാൽ എന്റെ യാത്രയെ പറ്റി അല്ല. യാത്രകൾ പ്ലാൻ ചെയ്യുന്നതിനെ പറ്റിയാണ്. എന്തുകൊണ്ടാണ് നമ്മൾ യാത്ര ചെയ്യേണ്ടത് ?, എങ്ങനെയാണ് ചിലവ് കുറച്ച് യാത്ര ചെയ്യാൻ പറ്റുന്നത് ? വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?, യാത്രക്കിടയിൽ എന്തെങ്കിലും പ്രശ്നം (രോഗം, അപകടം, മോഷണം, പാസ്സ്‌പോർട്ട് നഷ്ടപ്പെടുക) ഉണ്ടായാൽ എങ്ങനെ നേരിടണം. കുട്ടികളും ആയി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, സ്ത്രീകൾ ഒറ്റക്കും കൂട്ടമായും യാത്ര ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, ഭിന്നശേഷി ഉള്ളവർക്ക് യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ എന്തൊക്കെയാണ് ? ബാങ്കോക്കും ആംസ്‌റ്റർഡാമും ഒക്കെ പോലെ ഉള്ള “അടിപൊളി” സ്ഥലങ്ങളിലേക്കുള്ള യാത്രക്കുള്ള പ്രത്യേക നിർദേശങ്ങൾ എന്നിങ്ങനെ അനവധി വിഷയങ്ങൾ പ്രതിപാദിക്കും, വായനക്കാർക്ക് കൂടുതൽ താല്പര്യമുള്ള വിഷയങ്ങൾ നിങ്ങളോട് അഭിപ്രായം ചോദിക്കുകയും ചെയ്യും. പതിവ് പോലെ ഞാൻ എഴുതുന്നത് മാത്രമല്ല അതിനു താഴെ യാത്രകൾ ചെയ്തിട്ടുള്ളവരുടെ അനുഭവങ്ങളും നിർദേശങ്ങളും ഉണ്ടാകും. ആകപ്പാടെ സൂപ്പർ ആകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.”

“പതിവ് പോലെ നിങ്ങളുടെ സഹായം വേണം. ഇപ്പോൾ എനിക്ക് അൻപതിനായിരം ഫോളോവേഴ്സ് ഉണ്ട്, അതിനെ ഒരു ലക്ഷം ആക്കി തരണം. അഹങ്കരിക്കാൻ ഒന്നുമല്ല, ഞാൻ എഴുതുന്നത് കൂടുതൽ പേർ അറിയണം, അത്രേ ഉള്ളൂ. നോക്കിയാൽ നിസ്സാരം ആണ്. ഇപ്പോൾ ഉള്ള അയ്യായിരം ഫ്രണ്ട്സും അൻപതിനായിരം ഫോളോവേഴ്സും ശരാശരി ഒരാളെ കൂടി കൂട്ടി തന്നാൽ മതി”, അദ്ദേഹം കുറിച്ചു.

ഇങ്ങിനെ ഫോളോവേഴ്സിനെ വർധിപ്പിക്കുന്നവർക്കാണ് വിദേശയാത്രയ്ക്ക് അവസരമുള്ളത്. “അടുത്ത ഒരാഴ്ചക്കകം എന്നെ ഫോളോ ചെയ്യാൻ നിർദേശിച്ച് പോസ്റ്റ് ഇടുകയും അതിൽ എന്നെ ടാഗ് ചെയ്യുകയും ചെയ്യുന്നവരുടെ പേരുകൾ എല്ലാം കൂട്ടി നറുക്കെടുത്ത് അതിൽ ഒരാൾക്ക് അടുത്ത സമ്മറിൽ ഒരാഴ്ച സ്വിസ് ടൂർ (ടിക്കറ്റും, വിസയും താമസവും ഉൾപ്പടെ) ഞാൻ സ്പോൺസർ ചെയ്യും. സ്വിസ്സിൽ ഉള്ളവർ വിഷമിക്കേണ്ട, നിങ്ങളുടെ പേരാണ് വരുന്നതെങ്കിൽ ഒരാഴ്ച ബാങ്കോക്ക് ടൂർ ആവാം. രണ്ടായാലും വേണമെങ്കിൽ രണ്ടാമനോടൊപ്പം ഒരാഴ്ച കൂടാൻ ഉള്ള ചാൻസ് കൂടി ഉണ്ട്”, അദ്ദേഹം പറഞ്ഞു.

ഇതോടെ പോസ്റ്റ് ഫെയ്സ്ബുക്കിൽ വൻ ഹിറ്റായി. 2800 ലധികം പേർ ലൈക്ക് ചെയ്ത പോസ്റ്റ് ഇതുവരെ 1300 ലേറെ പേർ ഷെയർ ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ