രാജ്യാന്തര വേദികളിൽ കലാപ്രകടനങ്ങളാൽ കൈയ്യടി നേടിയ ഇന്ത്യക്കാർ നിരവധിയാണ്. അമേരിക്കയിലെ ഗോട് ടാലന്റ് ഷോയിൽ വിസ്മയിപ്പിക്കുന്ന ഡാൻസ് കൊണ്ട് വിധികർത്താക്കളെയും കാണികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് മുംബൈയിൽനിന്നുളള വി അൺബീറ്റബിൾ ഡാൻസ് ടീം. മുംബൈയിലെ ചേരിപ്രദേശത്ത് നിന്നുളളവരാണ് ഡാൻസ് സംഘത്തിലെ ഭൂരിഭാഗം പേരും. 12 നും 27 നും ഇടയിൽ പ്രായമുളള 28 ഡാൻസർമാരാണ് സംഘത്തിലുളളത്.
ഷോയുടെ ഓഡിഷനിലായിരുന്നു കിടിലൻ ഡാൻസിനാൽ സംഘം കൈയ്യടി നേടിയത്. രൺവീർ സിങ് നായകനായ ‘ബാജിറാവോ മസ്താനി’ സിനിമയിലെ ‘മൽഹാരി’ ഗാനത്തിനാണ് കുട്ടികൾ ഡാൻസ് കളിച്ചത്. ഡാൻസിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.
കലാപ്രകടനം തുടങ്ങുന്നതിനു മുൻപായി ചേരിയിലെ തങ്ങളുടെ ജീവിതം എങ്ങനെയാണെന്ന് സംഘത്തിലെ ഒരാൾ പറഞ്ഞു. ”വളരെ വൃത്തികെട്ട സാഹചര്യത്തിലാണ് ഞങ്ങളുടെ ജീവിതം. ഒരു ചെറിയ മുറിയിൽ 7 മുതൽ 10 പേർവരെ താമസിക്കുന്നു. നല്ലൊരു ജീവിതം ഉണ്ടാവണമെന്ന് ഞങ്ങൾ ഓരോരുത്തരും ഓരോ ദിവസവും പ്രാർഥിക്കുന്നു. ഡാൻസ് കളിക്കുമ്പോൾ ഞങ്ങൾ എല്ലാ വിഷമവും മറക്കുന്നു. യൂട്യൂബിലാണ് അമേരിക്കൻ ഗോട് ടാലന്റ് ഷോ കാണുന്നത്. അപ്പോൾ മുതൽ ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഈ വേദി ഞങ്ങളുടെ ജീവിതം മാറ്റിമറിക്കുമെന്നാണ് വിശ്വാസം.”
ഫെയ്സ്ബുക്കിൽ മാത്രം 10 മില്യനിലധികം പേരാണ് ഡാൻസ് വീഡിയോ കണ്ടത്. നിരവധി പേരാണ് കുട്ടികളെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ബ്രിട്ടൻസ് ഗോട് ടാലന്റ് ടിവി റിയാലിറ്റി ഷോയിൽ ഇന്ത്യയിൽനിന്നുളള പതിനാലുകാരൻ വിധികർത്താക്കളെ അമ്പരപ്പിച്ചിരുന്നു. വണ്ണമുളളവർക്കും ഡാൻസ് കളിക്കാമെന്നത് തന്റെ പ്രകടനത്തിലൂടെയാണ് ഇന്ത്യയിൽനിന്നുളള അക്ഷത് സിങ് തെളിയിച്ചത്. ‘അഗ്നീപത്’ എന്ന സിനിമയിലെ ‘ദേവ ശ്രീ ഗണേശ’ എന്നു തുടങ്ങുന്ന ഗാനത്തിന് നൃത്തച്ചുവടുകൾവച്ചാണ് അക്ഷത് തന്റെ ഡാൻസ് തുടങ്ങിയത്. ഇതിനുപിന്നാലെ ഫാസ്റ്റ് നമ്പരുകൾക്ക് അനുസരിച്ച് ചുവടുകൾ മാറ്റി.
Read: ബ്രിട്ടൻസ് ഗോട് ടാലന്റ് വേദിയെ ഇളക്കി മറിച്ച് പതിനാലുകാരൻ
അക്ഷതിന്റെ പ്രകടനം നാലു വിധി കർത്താക്കളും കാണികളും അതിശയത്തോടെയാണ് നോക്കിയിരുന്നത്. എന്തുകൊണ്ട് ഷോയിൽ പങ്കെടുക്കാനെത്തി എന്ന വിധികർത്താക്കളുടെ ചോദ്യത്തിന് അക്ഷതിന്റെ മറുപടി ഇതായിരുന്നു, ”ജീവിതത്തിൽ എനിക്ക് രണ്ടു ലക്ഷ്യങ്ങളാണുളളത്. എല്ലാവരെയും സന്തോഷിപ്പിക്കുക, ജീവിതത്തിൽ അസാധ്യമായി ഒന്നുമില്ല എന്നത് എല്ലാവർക്കും ബോധ്യപ്പെടുത്തുക.”