മുംബൈ: റെയില്‍വേ പരിസരത്ത് പ്രാങ്ക് വീഡിയോ പിടിച്ച് യാത്രക്കാരേയും റെയിൽവേ ഉദ്യോഗസ്ഥരേയും ബുദ്ധിമുട്ടിക്കുന്ന യുവാവിനായി അന്വേഷണം. വി.ജെ.പവന്‍ സിങ് എന്നയാളാണ് യാത്രക്കാരേയും റെയിൽവേ ഉദ്യോഗസ്ഥരേയും മുള്‍മുനയില്‍ നിര്‍ത്തുന്ന ‘തരികിട’ പരിപാടികള്‍ നടത്തി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നത്.

റെയില്‍ പാളത്തില്‍ ആത്മഹത്യ ചെയ്യാനെന്ന പോലെ കിടന്നും റെയിൽവേ ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന രീതിയിലുളള ചോദ്യങ്ങള്‍ ചോദിച്ചും ഇയാള്‍ വീഡിയോ പകര്‍ത്തിയിട്ടുണ്ട്. ട്രെയിനില്‍ ഹോക്കി സ്റ്റിക്കുമായി കയറി മാനസിക വിഭ്രാന്തിയുളള ആളെ പോലെ അഭിനയിച്ച് യാത്രക്കാരെ പേടിപ്പെടുത്തുന്ന വീഡിയോയും ഇയാള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇയാളുടെ ശല്യം സഹിക്കാനാവാതെ ചില യാത്രക്കാരാണ് ആര്‍പിഎഫിന് പരാതി നല്‍കിയത്. ട്വിറ്ററിലും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നു. തുടര്‍ന്നാണ് ആര്‍പിഎഫ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വി.ജെ.പവന്‍ സിങ് എന്ന പേരിലുളള ഇയാളുടെ യുട്യൂബ് അക്കൗണ്ടില്‍ 3,90,000 സബ്സ്ക്രൈബേഴ്സ് ഉണ്ട്. തങ്ങള്‍ക്കും ഇയാളെ കുറിച്ച് പരാതി ലഭിച്ചതായി സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ സച്ചിന്‍ ബലോദെ പ്രതികരിച്ചു. തുടര്‍ന്ന് സിആര്‍പിഎഫിന് പരാതി കൈമാറിയതായും അദ്ദേഹം അറിയിച്ചു.

താനെയിലെ വിത്തല്‍വാദി റെയിൽവേ സ്റ്റേഷനിലാണ് ഇയാള്‍ വീഡിയോ പകര്‍ത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. റെയില്‍ പാളത്തില്‍ കിടന്നുറങ്ങുന്ന ഇയാളുടെ വീഡിയോ 4 ലക്ഷത്തിലധികം പേര്‍ കണ്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook