ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രം പുറത്തിറങ്ങിയതു മുതൽ പലപ്പോഴായും മലയാളികളുടെ ചുണ്ടിൽ കയറിയിറങ്ങിപ്പോകുന്ന ഒരീണമാണ് ‘ബാവ്‌രാ മൻ…’ എന്ന ഗാനം. സുധീര്‍ മിശ്ര സംവിധാനം ചെയ്ത 2005ല്‍ പുറത്തിറങ്ങിയ ‘ഹസാരോം ഖ്വായിഷേന്‍ ഐസി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

സ്വാനന്ദ് കിര്‍കിറേ ആലപിച്ച ‘ബാവ്‌രാ മന്‍’ ആഷിക് അബു ചിത്രത്തിലൂടെ പുനര്‍ജനിച്ചപ്പോള്‍ തന്റെ സന്തോഷം അറിയിച്ച് ആ ഗായകന്‍ തന്നെ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് സ്വാനന്ദ് കിര്‍കിറേ ഇതേക്കുറിച്ച് പറഞ്ഞത്. ഈ പതിപ്പ് ഇഷ്ടമായതായും അദ്ദേഹം പറഞ്ഞു. യഥാർഥ ഗാനത്തിന് വരികളെഴുതിയതും സ്വാനന്ദ് കിര്‍കിറേ തന്നെയാണ്. ശന്തനു മൊയ്ത്രയാണ് സംഗീതം നിർവഹിച്ചത്.

Read More: കാത്തിരിപ്പിനൊടുവില്‍ ‘ബാവ്‌രാ മന്‍’ കവറുമായി ദര്‍ശന

ഇപ്പോഴിതാ ജെഎൻയുവിലെ വിദ്യാർഥികൾക്ക് പിന്തുണയറിയിച്ചുകൊണ്ട് കഴിഞ്ഞ രാത്രി മുംബൈയിൽ നടന്ന കൂട്ടായ്മയിലും ‘ബാവ്‌രാ മൻ…’ ഹൃദയം കവരുന്നു. ജെഎൻയുവിന് വേണ്ടി മുംബൈ ‘ബാവ്‌രാ മൻ…’ പാടുന്നു എന്ന തലക്കെട്ടോടെ ഗർവീത് ഗാർഗാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Read More: മായാനദിയിലെ ‘ബാവ്‌രാ മന്‍;’ സ്‌നേഹമറിയിച്ച് യഥാര്‍ത്ഥ ഗായകന്‍

മായാനദി എന്ന ചിത്രത്തില്‍ ദര്‍ശനാ രാജേന്ദ്രനാണ് ഗാനം പാടി അഭിനയിച്ചത്. പശ്ചാത്തല സംഗീതമില്ലാതെ പതിയെ ഒഴുകകയാണ് ആ പാട്ട്. സ്‌നേഹം മാത്രമേയുള്ളൂ അതില്‍. ലിയോണയും ഐശ്വര്യയും ദര്‍ശനയും തകര്‍ത്ത് അഭിനയിച്ച, അല്ല, ജീവിച്ച രംഗം. പരസ്പരം ഒന്നും പറയാതെ ഉള്ളറിയുന്ന സൗഹൃദം തീര്‍ച്ചയായും കണ്ടിരിക്കുന്നവരുടെ കണ്ണു നിറച്ചിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook