ധാരാളം ചൊല്ലുകളുണ്ട്‌, പൂച്ചകളെക്കുറിച്ച്. എങ്ങനെ പോയാലും കറങ്ങി തിരിഞ്ഞുവരുന്ന മനുഷ്യരെക്കുറിച്ച് പറയാറുള്ളത് ” പൂച്ചയെ കൊണ്ട് കളഞ്ഞത് പോലെ ആയല്ലോ” എന്നാണ്. എവിടെ നിന്ന് വീണാലും പൂച്ചയെപ്പോലെ നാലുകാലില്‍ വീണ് പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെടുന്നവര്‍ “പൂച്ചയുടെ ജന്മമാണ്”. സാമൂഹ്യമാധ്യമങ്ങളില്‍ മനുഷ്യരുടെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പങ്കുവെക്കുന്ന ചിത്രം പൂച്ചകളുടെതാകും. അതുകൊണ്ടൊക്കെയാകാം എന്തുകൊണ്ടും ബോധവത്കരണ പരിപാടികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ അനുയോജ്യരാണ് പൂച്ചകള്‍ എന്ന് മുംബൈ പൊലീസിന് തോന്നിയത്. ആ ചിന്തയെ  ഇപ്പോള്‍ പഴിക്കുകയാകും അവര്‍ എന്നാണ് അടക്കം പറച്ചില്‍.

തിരക്കുള്ള റോഡില്‍ വണ്ടികള്‍ ഒഴിയുന്നത് വരെ കാത്ത് നിന്ന ശേഷം കൃത്യമായി സീബ്രാ ക്രോസിങ്ങില്‍ കൂടെ റോഡ്‌ മുറിച്ചുകടക്കുന്ന പൂച്ചയുടെ വീഡിയോ ആണ് ട്രാഫിക് ബോധവത്കരണത്തിനായി മുംബൈ പൊലീസ് ഉപയോഗിച്ചത്. പൊലീസിന്റെ പോസ്റ്റ്‌ ട്വിറ്ററില്‍ സൂപ്പര്‍ ഹിറ്റായി ആയിരത്തിലധികം റീട്വീറ്റുകളും മൂവായിരത്തിന് മുകളില്‍ ലൈക്കുകളും വന്ന പോസ്റ്റില്‍ ഗംഭീര ചര്‍ച്ചയും നടന്നു.

കമന്റുകളൊക്കെ പൊലീസിനെ പ്രശംസിച്ചുകൊണ്ടാണ് എന്ന് ധരിച്ചെങ്കില്‍ തെറ്റി. മുംബൈയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയും കാല്‍നട യാത്രക്കാരുടെ പ്രശ്നങ്ങളും ആയിരുന്നു മിക്കവാറും കമന്റുകള്‍. “നമ്മള്‍ കൂടുതലായി എന്തെങ്കിലും പറയേണമോ ?” എന്ന് ചോദിച്ചുള്ള മുംബൈ പൊലീസിന്‍റെ സമര്‍ത്ഥമായ ട്വീറ്റിന് അതിലും സമര്‍ത്ഥമായി ട്വിറ്റര്‍ ഉപഭോക്താക്കളുടെ മറുപടി.

മുംബൈയില്‍ ഇതുപോലെ സീബ്രാ ക്രോസിങ്ങുകള്‍ ഇല്ല എന്ന് തുടങ്ങി സിഗ്നലുകളുടെ അഭാവവും കാല്‍നടക്കാരോടുള്ള അവഗണനയുമായിരുന്നു അതില്‍ മിക്കതും.

“പൊലീസ് വാഹനങ്ങള്‍ തന്നെ നിയമം പാലിക്കാത്ത ഈ രാജ്യത്ത് എന്തിനാണ് നിങ്ങള്‍ സാധാരണക്കാരെ പഠിപ്പിക്കാന്‍ നടക്കുന്നത് ” എന്നുവരെ ചോദ്യം ഉയര്‍ന്നു.

വീഡിയോയിലെ പൂച്ച ഇന്ത്യയിലേതല്ല എന്നായിരുന്നു മറ്റൊരു രസികന്‍ കമന്റ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ