ചുറ്റും നടക്കുന്ന കാര്യങ്ങളൊന്നും ശ്രദ്ധിക്കാനാകാതെ തങ്ങളുടേതായ ജീവിതത്തിൽ മുഴുക്കിയിരിക്കുന്ന കാഴ്ച്ച തിരക്കുള്ളൊരു നഗരത്തെ സൂചിപ്പിക്കുന്നു. പക്ഷെ ആരെങ്കിലും ബുദ്ധിമുട്ട് നേരിടുന്നതു കണ്ടാൽ അവരെ സഹായിക്കാനും പലരും മടിയ്ക്കാറില്ല. മുംബൈ നഗരത്തിൽ നിന്നുള്ളൊരു കാഴ്ച്ചയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഒരു കൂട്ടം ആളുകൾ ബ്രേക്ക് ഡൗണായി കിടക്കുന്ന ബസ്സ് തള്ളി നീക്കുകയാണ്.
@medohh777 എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. “നമസ്കാരം, തങ്ങളുടെ തിരക്കുകളെല്ലാം മാറ്റിവച്ച് ആളുകൾ പരസ്പരം സഹായിക്കുന്ന ഒരു മനോഹര നിമിഷമാണിത്. കുറച്ചു വൈകിയായിരിക്കാം ആ ദിവസത്തേ കാര്യങ്ങളെല്ലാം നടക്കുക, പക്ഷെ സഹായിക്കാനുള്ള മനസ്സെല്ലാവരും കാണിച്ചു.”
ആയിര കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടത്. മുംബൈ നഗരത്തിന്റെ കരുത്ത് എല്ലാ മുംബൈക്കാരിലുമുണ്ടെന്നാണ് വീഡിയോ ട്വീറ്റ് ചെയ്ത് മുംബൈ പൊലീസ് കുറിച്ചത്.
“മുംബൈക്കാരാണ് നഗരത്തിന്റെ ജീവവായു. എനിക്കും വ്യക്തിപര്യമായി ഒരു അനുഭവമുണ്ടായിട്ടുണ്ട്, അന്ന് എന്നെ ആളുകൾ വന്ന് സഹായിച്ചിരുന്നു” ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.