മുംബൈ: ശുചിമുറിയിലെ വെളളം ഇഡലി ഉണ്ടാക്കാനായി ശേഖരിക്കുന്ന ഇഡലി വില്‍പ്പനക്കാരന്റെ വീഡിയോ പുറത്ത്. മുംബൈയിലെ ബോറിവാലി റെയില്‍വെ സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നാണ് ഇയാള്‍ വെളളം ശേഖരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം അന്വേഷണം പ്രഖ്യാപിച്ചു.
ഇഡലിക്കായുളള ചട്നി ഉണ്ടാക്കാനായാണ് ഇയാള്‍ വെളളം ശുചിമുറിയില് നിന്ന് ശേഖരിച്ചത്. 45 സെക്കന്റ് വീഡിയോ എപ്പോള്‍ പകര്‍ത്തിയതാണെന്ന് സ്ഥിരീകരണമില്ല. ഭക്ഷണ സുരക്ഷാ വിഭാഗം ഇതിനെതിരെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ‘വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അയാള്‍ക്കെതിരേയും ഇത്തരത്തില്‍ ഭക്ഷണം ഉണ്ടാക്കുന്ന മറ്റ് വില്‍പനക്കാര്‍ക്ക് എതിരേയും അന്വേഷണം നടത്തും. അത്തരത്തിലുളള വെളളം കുടിക്കാന്‍ യോഗ്യമല്ല. ജനങ്ങള്‍ക്ക് അത് ആരോഗ്യപ്രശ്നം ഉണ്ടാക്കും. അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. സാമ്പിള്‍ പരിശോധനയും നടത്തി വേണ്ട നടപടി സ്വീകരിക്കും,’ മുംബൈ ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സംഭവം എപ്പോള്‍ നടന്നതാണെന്ന് തിരിച്ചറിയാന്‍ വീഡിയോ വിശകലനം ചെയ്യും. ‘ഞങ്ങള്‍ ആ വീഡിയോ കണ്ടു. കൃത്യമായ പരിശോധന നടത്തി മാത്രമെ ബാക്കി സ്ഥിരീകരണം നടത്താന്‍ കഴിയുകയുളള. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും,’ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കി.