ബോട്ട് സവാരിക്കിടെ കടലില്‍ വീണ യുവതിയെ രക്ഷപ്പെടുത്തിയ പൊലീസ് സംഘം സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരുന്നു. മുംബൈ പൊലീസ് ഉദ്യോഗസ്ഥരാണു കഥയിലെ നായകര്‍.
മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്കു സമീപമായിരുന്നു സംഭവം. ഇരുപത്തിയാറുകാരി ബോട്ട് സവാരിക്കിടെ അബദ്ധത്തില്‍ കടലില്‍ വീഴുകയായിരുന്നു.
യുവതി വീണ സ്ഥലത്തേക്ക് ഒരു ബോട്ട് അതിവേഗം കുതിക്കുന്നതും ലൈഫ് ജാക്കറ്റ് ധരിച്ച യുവതിക്കു നേരെ പൊലീസ് ഉദ്യോഗസ്ഥന്‍ കയര്‍ എറിഞ്ഞുകൊടുക്കുന്നതും ഇന്റര്‍നെറ്റില്‍ വൈറലായ വിഡിയോയില്‍ കാണാം. ഒപ്പം നീന്തുന്ന രണ്ടുപേര്‍ കയര്‍ പിടിച്ച് യുവതിക്കു നല്‍കുന്നു. കയറില്‍ മുറുകെപ്പിടിച്ച് രക്ഷാബോട്ടിനടുത്ത് എത്തുന്ന യുവതി അതില്‍ കയറാന്‍ ശ്രമിക്കുന്നതു കാണാം.
ജനുവരി ഒന്‍പതിനാണു സംഭവം നടന്നത്. ശക്തമായ തിര ബോട്ടിലിടിച്ചതിനെത്തുടര്‍ന്ന് യുവതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Also Read: മഞ്ഞുമൂടിയ സ്റ്റേഷനുകളുടെ അതിശയകരമായ കാഴ്ചകൾ; യൂറോപ്പ് ആണോയെന്ന് നെറ്റിസണ്‍സ്
”മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കു സമീപം കടലില്‍ മുങ്ങിത്താഴുകയായിരുന്ന വിനോദസഞ്ചാരിയെ തീരദേശ പൊലീസിന്റെയും കൊളാബ പൊലീസിന്റെയും സംഘം രക്ഷപ്പെടുത്തി. ശക്തമായ തിര ഇടിച്ചതിനെത്തുടര്‍ന്ന് ബോട്ട് നിയന്ത്രണം വിട്ടതോടെ യുവതി വെള്ളത്തില്‍ വീഴുകയായിരുന്നു,” മുംബൈ പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ ട്വീറ്റ് ചെയ്തു.
എഎന്‍ഐ രക്ഷാദൗത്യത്തിന്റെ വിഡിയോ ഇതുവരെ 68,000ല്‍ അധികം പേര്‍ കണ്ടു. യുവതിയുടെ ജീവന്‍ രക്ഷിച്ച മുംബൈ പൊലീസിനെ നെറ്റിസണ്‍സ് അഭിനന്ദിച്ചു. ‘മുംബൈ പൊലീസിന്റേത് വളരെ മികച്ച പ്രവൃത്തിയാണ്. ഇത് മുംബൈ പൊലീസിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തും,” ഒരാള്‍ കുറിച്ചു.
Also Read: കനാലില്‍നിന്ന് പുറത്തുകടക്കാനാവാതെ ആനക്കൂട്ടം; രക്ഷകരായി വനപാലകര്‍