ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം സംഭവ ബഹുലമായിരുന്നു. ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൾഡിങ്ങിലും ഇന്ത്യൻ താരങ്ങൾ ആധിപത്യം ഏറ്റെടുത്തപ്പോൾ ആദ്യ ദിനം തന്നെ ബംഗ്ലാദേശിനെ പുറത്താക്കി ഇന്ത്യ ലീഡ് സ്വന്തമാക്കി. രസകരമായ ഒരുപാട് കാര്യങ്ങളാണ് ഇന്നലെ മൈതാനത്ത് അരങ്ങേറിയത്. അതിലൊന്നായിരുന്നു രോഹിത്തിന്റെ വണ്ടർ ക്യാച്ച്. ബംഗ്ലാദേശ് നായകൻ മൊമിനുൾ ഹഖിനെ പുറത്താക്കാൻ രോഹിത്തെടുത്ത ക്യാച്ച് ഇന്നലെ തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ആ വണ്ടർ ക്യാച്ചിന് ശേഷമുള്ള ഇന്ത്യൻ താരങ്ങളുടെ ആഘോഷത്തിന് ഫെയ്സ്ബുക്കിലൂടെ വളരെ രസകരമായ ഒരു കമന്ററി നൽകിയിരിക്കുകയാണ് ഒരു മലയാളി.
Also Read: ബംഗ്ലാദേശ് താരത്തിന് പരുക്ക്; ഓടിയെത്തിയത് ഇന്ത്യന് ഫിസിയോ, കയ്യടിച്ച് ക്രിക്കറ്റ് ലോകം
“രോഹിതും കോഹ്ലിയും തമ്മിൽ കളിക്കിടെ വാക്ക് തർക്കം, രോഹിത്തിന്റെ കാല് വാരി നിലത്തിട്ട് അടിക്കുന്ന കോഹ്ലി, തനിക്ക് വന്ന ക്യാച്ച് രോഹിത് ഡൈവ് ചെയ്തു പിടിച്ചതിനാണ് വാക്ക് തർക്കതിന് കാരണം. ഇരുവരെയും പിടിച്ച് മാറ്റുന്ന സാഹ അടി കണ്ട് ഓടി വരുന്ന രഹാനെ, ഇതെല്ലാം കണ്ട് നോക്കി നിൽക്കുന്ന ബംഗ്ലാദേശ് താരം മൊമിനുൾ” ഇതായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.
Also Read: സൂപ്പർ ഹീറോയെ പോലെ; രോഹിത്തിന്റെ വണ്ടർ ക്യാച്ചിൽ അന്തംവിട്ട് ക്രിക്കറ്റ് ലോകം
ക്യാച്ചെടുത്ത രോഹിത്തിനെ നായകൻ വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും ചേർന്ന് അഭിനന്ദിക്കുന്ന ചിത്രത്തിനാണ് രസകരമായ വിവരണം നൽകിയിരിക്കുന്നത്. സ്പോർട്സ് പാരഡൈസോ ക്ലബ്ബ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവം ഇങ്ങനെ, ബംഗ്ലാദേശിന്റെ നായകൻ മൊമിനുൾ ഹഖിനെ പുറത്താക്കുന്നതിന് വേണ്ടിയായിരുന്നു രോഹിത്തിന്റെ അവിശ്വസനീയ ക്യാച്ച്. മത്സരത്തിന്റെ 11-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ ആദ്യ പന്ത് തന്നെ പ്രതിരോധിക്കുന്നതിനായിരുന്നു മൊമിനുള്ളിന്റെ ശ്രമം. എന്നാൽ ബാറ്റിന്റെ എഡ്ജിൽ തട്ടി പന്ത് നേരെ ഫസ്റ്റ് സ്ലിപ്പിനും സെക്കൻഡ് സ്ലിപ്പിനുമിടയിലേക്ക്. ഒന്നാം സ്ലിപ്പിൽ നിലയുറപ്പിച്ചിരുന്ന വിരാട് കോഹ്ലി ക്യാച്ചിന് തയ്യാറായി. എന്നാൽ നായകനെ മുന്നേ രോഹിത് വലത് വശത്തേക്ക് എടുത്ത് ചാടി ഒറ്റക്കൈയ്യിൽ പന്ത് പിടിച്ചു. അവിടെയാണ് ബംഗ്ലാദേശിന്റെ തകർച്ചയും തുടങ്ങിയത്.