രണ്ട് ദിവസം മുൻപാണ് ചെന്നൈ സൂപ്പർ കിങ്‌സ് താരം ഡേവിഡ് കോൺവോയുടെ വിവാഹാഘോഷം ചെന്നൈയിൽ വച്ച് നടന്നത്. തമിഴ്‌നാട് ശൈലിയിലായിരുന്നു ആഘോഷങ്ങൾ. മുണ്ടും ഷർട്ടും കുർത്തയുമൊക്കെ അണിഞ്ഞുള്ള ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും ഒക്കെ അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ മറ്റൊരു വീഡിയോയും ശ്രദ്ധനേടുകയാണ്. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുല രണ്ടു കാതൽ’ എന്ന ചിത്രത്തിലെ ‘ടു ടു ടു’ എന്ന ഗാനത്തിന് ചുവടുവെക്കുന്ന ധോണി ബ്രാവോ അടക്കമുള്ള ചെന്നൈതാരങ്ങളാണ് വീഡിയോയിൽ.ചെന്നൈ സൂപ്പർ കിങ്‌സ് ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്.
ഋതുരാജ് ഗെയ്ക്‌വാദ്, ഡ്വെയ്ൻ ബ്രാവോ തുടങ്ങിയ താരങ്ങളാണ് ഡാൻസുമായി തകർക്കുന്നത്. തോൾ അനക്കികൊണ്ടുള്ള ‘സ്പെഷ്യൽ സ്റ്റെപ്പു’മായി ധോണിയും വീഡിയോയിൽ ഇടം നേടിയിട്ടുണ്ട്. നിരവധി പേരാണ് ക്രിക്കറ്റ് താരങ്ങളുടെ ഡാൻസിന് കയ്യടിച്ചു രംഗത്തെത്തിയത്. നടി സാമന്തയും ഇൻസ്റ്റാഗ്രാമിൽ ഡാൻസ് വീഡിയോ പങ്കുവച്ചിരുന്നു. ‘ഏറ്റവും മികച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
വിജയ് സേതുപതിക്കും നയൻതാരയ്ക്കുമൊപ്പം വിഘ്‌നേശ് ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സാമന്ത റൂത്ത് പ്രഭുവും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
‘കാത്തുവാക്കുല രണ്ടു കാതൽ’ തമിഴിലും തെലുങ്കിലുമായി ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും.
Also Read: ആപത്തിൽ രക്ഷകനാകും ഭീഷ്-മാൻ, വില്ലൻ ജോക്കർ ഷമ്മി; വീഡിയോ