ആഢംബര കാറുകളിലും വിമാനങ്ങളിലും മാത്രമായിരിക്കും സെലിബ്രിറ്റികൾ പൊതുവേ യാത്ര ചെയ്യുക. എന്നാലിത് തെറ്റിച്ചിരിക്കുകയാണ് എം.എസ്.ധോണി. ധോണി നടത്തിയ ഒരു ട്രെയിൻ യാത്രയാണ് സോഷ്യൽ മീഡിയയിലെ പുതിയ സംസാര വിഷയം. നീണ്ട 13 വർഷങ്ങൾക്കു ശേഷമാണ് ധോണി ട്രെയിനിൽ യാത്ര ചെയ്യുന്നത്. ട്രെയിനിൽ യാത്ര ചെയ്യുന്ന ചിത്രം ധോണി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തത്.

സാധാരണയായി ഹമ്മറിൽ യാത്ര ചെയ്യാറുളള​ ധോണി ഇത്തവണ ഹട്ടിയയിൽ നിന്നു ഹൗറ വരെ എസി ക്ലാസിലാണ് യാത്ര ചെയ്‌തത്. തന്റെ സഹപ്രവർത്തകരുമായി നടത്തിയ ഈ ദീർഘയാത്ര താനേറെ ആസ്വദിച്ചുവെന്ന് ധോണി പറഞ്ഞു.

ഇന്ത്യൻ ടീം നായക സ്ഥാനത്ത് നിന്ന് മാറിയ ധോണി എന്നാൽ ക്രിക്കറ്റിനോട് വിട പറഞ്ഞിട്ടില്ല. ജാർഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ നായകനാണ് ഇപ്പോൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ. വിജയ് ഹസാരെ ട്രോഫിയ്‌ക്കുളള ഏകദിന മൽസരത്തിനായാണ് ജാർഖണ്ഡ് ടീമിനൊപ്പം ധോണി ട്രെയിനിൽ യാത്ര ചെയ്‌തത്.

ധോണി നയിക്കുന്ന ജാർഖണ്ഡ് ടീം ഫെബ്രുവരി 25ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ പങ്കെടുക്കാൻ പോകുന്ന വഴിയായിരുന്നു ധോണിയും സംഘവും സെൽഫിക്ക് പോസ് ചെയ്‌തത്. കർണാടകയ്‌ക്ക് എതിരെയാണ് ജാർഖണ്ഡിന്റെ ആദ്യ മത്സരം.

ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്തു നിന്ന് ജനുവരിയിൽ മാറിയതിനു പിന്നാലെ കഴിഞ്ഞ ദിവസം ഐപിഎല്ലിൽ റൈസിങ് പുണെ സൂപ്പർജയന്റ്സിന്റെ നായക സ്ഥാനത്തു നിന്നും ധോണിയെ മാറ്റിയിരുന്നു. നായകന്റെ തൊപ്പി അഴിച്ചുവച്ച ധോണി വിക്കറ്റ് കീപ്പറും ബാറ്റ്‌സ്‌മാനുമായി ടീമിൽ തുടരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ