ശക്തമായ സമൂഹബോധത്തിനും കുടുംബ ബന്ധത്തിനും പേരുകേട്ടവയാണ് ആനകള്‍. അപകട ഘട്ടത്തില്‍ കൂട്ടത്തിലുള്ളയെ സുരക്ഷിതരാക്കാന്‍ കാവല്‍ നില്ക്കുന്ന കൊമ്പന്മാരുടെ വീഡിയോകളും ചിത്രങ്ങളും നാം നിരവധി കണ്ടിട്ടുണ്ട്. അതുപോലെ കുഞ്ഞുങ്ങളെ തങ്ങളുടെ ഇടയില്‍ നടത്തി സുരക്ഷിമായി കൊണ്ടുപോകുന്ന ആനകളുടെ കൂട്ടത്തെയും.
ഇവിടെ മറ്റൊരു വ്യത്യസ്ത ആനദൃശ്യമാണ്. നവജാത ശിശുവിനെ മഴയില്‍നിന്ന് ഒരു കുടയ്ക്കു കീഴിലെന്ന പോലെ വയറിനു താഴെ സംരക്ഷിക്കുകയാണ് ഈ ആന.
കേരളത്തിനോടു ചേര്‍ന്ന തമിഴ്നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂരില്‍നിന്ന് എടുത്ത ഈ വീഡിയോ ഐ എ എസ് ഉദ്യോഗസ്ഥ സുപ്രിയ സാഹുവാണ് ട്വിറ്ററില്‍ പങ്കുവച്ചത്.
”ഒരു ആനക്കുട്ടിയുടെ ജനനത്താല്‍ ഭൂമി അനുഗ്രഹിക്കപ്പെട്ട അപൂര്‍വ നിമിഷങ്ങളിലൊന്ന്. കുഞ്ഞിനെ കനത്ത മഴയില്‍നിന്ന് വയറിനു താഴെ വലിയ കുട പോലെ സംരക്ഷിക്കുകയാണ് അമ്മ ആന,” 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് സുപ്രിയ സാഹു എഴുതി.
തിങ്കളാഴ്ച രാവിലെ പങ്കുവച്ച വീഡിയോ പതിനയ്യായിരത്തോളം പേര് കണ്ടു. ”കുട്ടികളെ സ്നേഹത്തോടെയും വാത്സല്യത്തോടെയും എങ്ങനെ പരിപാലിക്കണമെന്ന് ചിലപ്പോള്‍ മൃഗങ്ങള്‍ പോലും നമ്മെ പഠിപ്പിക്കുന്നു. പണത്തെക്കുറിച്ചുള്ള പതിവ് ചിന്താഗതിയുള്ള ഈ ലോകത്ത് ഈ കാഴ്ച മനോഹരമാണ്,” വീഡിയോ കണ്ട ഒരാള്‍ കുറിച്ചു.
സ്നേഹത്തിന്റെ യഥാര്‍ത്ഥ ആവിഷ്കാരമെന്നാണ് മറ്റൊരാള്‍ എഴുതിയത്. ” കുട്ടികളോടുള്ള അമ്മയുടെ സ്നേഹം ആര്‍ക്കും മറയ്ക്കാന്‍ കഴിയില്ല. പ്രകൃതിയുടെ സ്നേഹത്തിന്റെ സമ്മാനം തിരിച്ചറിയുക. ആകര്‍ഷണീയമായ ചിത്രം പങ്കിട്ടതിനു നന്ദി,”എന്നും ആ ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.
സമാനമായ വീഡിയോ കഴിഞ്ഞമാസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുഞ്ഞാനയെ എല്ലാ വശങ്ങളില്‍നിന്നും പൂര്‍ണമായും കാലുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകൊണ്ട് ആനക്കൂട്ടം റോഡിലൂടെ നീങ്ങുന്നതൊയിരുന്നു തമിഴ്നാട്ടിലെ സത്യമംഗലത്തുനിന്നുള്ള ആ ദൃശ്യത്തിലുള്ളത്.
പി ബി എസ് പറയുന്നതനുസരിച്ച്, ആനക്കുട്ടികള്‍ രണ്ട് വയസ് വരെ ഭക്ഷണത്തിനായി അമ്മയെ പൂര്‍ണമായും ആശ്രയിക്കുന്നു. ശരാശരി, പതിനാറാം വയസില്‍ അവര്‍ കൂട്ടം വിട്ട് സ്വതന്ത്രരാകുന്നു.