തൃശൂർ: തൃശൂർ പാലപ്പിള്ളിയിലെ റബർ തോട്ടത്തിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം. നാൽപതിലേറെ കാട്ടാനകളാണ് തോട്ടത്തിൽ തമ്പടിച്ചിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവയെ കാടു കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
തിങ്കളാഴ്ച പുലർച്ചെയാണ് കുട്ടിയാനകൾ അടക്കം നാൽപതിലേറെ വരുന്ന കാട്ടാനക്കൂട്ടം പാലപ്പിള്ളിയിൽ ഇറങ്ങിയത്. റോഡിലൂടെ ഇറങ്ങി നടന്ന കാട്ടാനകൾ വഴിയോരത്തെ മീൻ കടകൾ തകർത്തു. പിന്നീടാണ് റബർ തോട്ടത്തിൽ കയറി തമ്പടിച്ചത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുള്ള ജനവാസമേഖലയാണ് പാലപ്പിള്ളി.
ഇതിനു മുൻപും കാട്ടാനകൾ ഇവിടെ ഇറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും അധികം ആനകൾ ഒന്നിച്ചിറങ്ങുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സാധാരണ പത്തോ പതിനഞ്ചോ ആനകളുടെ സംഘത്തെയാണ് കാണുന്നത്. ഇത്രയും അധികം ആനകൾ ഒന്നിച്ചിറങ്ങാനുള്ള കാരണം വ്യക്തമല്ലെന്നും അവർ പറഞ്ഞു.

തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയ്ക്ക് സമീപമാണ് ആനകൾ തമ്പടിച്ചിരിക്കുന്നത്. ഇന്ന് രാവിലെ രണ്ട് വശങ്ങളിൽ നിന്നെത്തിയ ആനകളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴിയ്ക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. ആനകളെ തുരത്തുന്നത് ശ്രമകരമായ കാര്യമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പടക്കം പൊട്ടിക്കൽ പോലുള്ള സാധാരണ നടപടികൾ എല്ലാം നടത്തുന്നുണ്ടെങ്കിലും അല്പം ഓടിയ ശേഷം ആനകൾ ഇറങ്ങിവരുകയാണെന്ന് അധികൃതർ പറയുന്നു.

വിനോദ സഞ്ചാര കേന്ദ്രമായ ചിമ്മിനി ഡാമിന് സമീപമാണ് പാലപ്പിള്ളി. അതുകൊണ്ട് തന്നെ ധാരാളം സഞ്ചാരികളും ഈ വഴി കടന്നുപ്പോകുന്നുണ്ട്. കാട്ടാനക്കൂട്ടം കൂട്ടത്തോടെ വീണ്ടും റോഡിലേക്ക് ഇറങ്ങിയാൽ വലിയ അപകടങ്ങൾ സൃഷ്ടിക്കും. കുട്ടിയാനകൾ കൂടെയുള്ളത് കൊണ്ട് തന്നെ ആക്രമിക്കാനുള്ള സാധ്യതയും കൂടുതൽ ആണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Also Read: നിങ്ങൾ ഒറ്റയ്ക്കല്ല; ബ്ലാസ്റ്റേഴ്സിനെയും ആർസിബിയേയും ചേർത്ത് ട്രോൾ പൂരം