തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നെന്ന് ആരോപിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടങ്ങല്‍ വെട്ടിപ്പൊളിച്ചതില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മുദ്രാവാക്യം വിളിയോ ഒന്നുമുള്ള പ്രതിഷേധമായിരുന്നില്ല അത്. ഇരിപ്പിടം പൊളിച്ചവര്‍ക്ക് കൃത്യമായി മറുപടി ലഭിക്കുന്ന തരത്തിലായിരുന്നു ഈ വ്യത്യസ്തമായ പ്രതിഷേധം.
തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീറിങ്ങ് കോളജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകര്‍ത്തത്. നീളത്തിലുണ്ടായിരുന്നു സ്റ്റീല്‍ ഇരിപ്പിടം മൂന്നായി ഭാഗിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന തരത്തിലാക്കുകയായിരുന്നു. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ് സദാചാരവാദികള്‍ക്ക് മറുപടി നല്‍കിയത്.
ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന ബഞ്ചില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരസ്പരം മടിയിലിരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. അടുത്ത് ഇരിക്കരുതെന്നല്ലേ, മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു ചിത്രത്തിന് വിദ്യാര്‍ഥികള്‍ നല്‍കിയ തലക്കെട്ട്. ചിത്രം വൈറലാകുകയും മറ്റ് വിദ്യാര്‍ഥികള്‍ പിന്തുണയുമായി എത്തുകയും ചെയ്തു.
കുട്ടികള്‍ക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുമെത്തി. ദുരാചാരവും കൊണ്ടു വന്നാൽ പിള്ളേര് പറപ്പിക്കും, തിരുവനന്തപുരം സിഇടി വിദ്യാർഥികൾക്ക് അഭിവാദ്യങ്ങൾ, എന്ന് തലക്കെട്ടും കൊടുത്ത് വിദ്യാര്‍ഥികളുടെ ചിത്രവും മന്ത്രി പങ്കുവച്ചു. വിദ്യാര്‍ഥികളെ മിടുക്കിനെ പുകഴ്ത്തി മുന്‍ എംഎല്‍എ കെ എസ് ശബരിനാഥനും ഫെയ്സ്ബുക്ക് കുറിപ്പിട്ടു.
അതേസമയം, ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. പകരം ജെന്‍ഡര്‍ ന്യൂട്രല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ പണിയുമെന്നും മേയര്‍ പ്രഖ്യാപിച്ചു. സംഭവസ്ഥലത്ത് നേരിട്ടെത്തിയായിരുന്നു മേയറുടെ പ്രഖ്യാപനം.