‘നീ ഇരിക്കുന്ന കസേര മോശയുടെ പെട്ടകത്തിലെയാണെന്ന് പറഞ്ഞിട്ട് ഒരു വിശ്വാസവുമില്ലാത്ത പോലെ.. ഇത് വിശ്വസിച്ചില്ലെങ്കിൽ നീ ചായ കുടിച്ച ഗ്ലാസ് ധൃതരാഷ്ടരുടെ ആണെന്ന് പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കില്ല..” ‘ഹോം’ സിനിമയിൽ ഇന്ദ്രൻസിന്റെ കഥാപാത്രം മകനോട് കഥപറയാൻ ശ്രമിക്കുന്ന രംഗം വെച്ചുകൊണ്ടുള്ള ട്രോളാണിത്. ഇത്തരത്തിൽ നിരവധി ട്രോളുകളാണ് പുരാവസ്തുക്കള്‍ മറയാക്കി കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോൺസൺ മാവുങ്കലിനെ വെച്ച് ട്രോളന്മാർ ഇറക്കിയിരിക്കുന്നത്.
മോൺസണിന്റെ തട്ടിപ്പു കഥകൾ വാർത്തകളിൽ നിറയുമ്പോൾ അതിനു ചേരുന്ന ട്രോളുകളുമായി ട്രോളന്മാരും സജീവമാണ്. വ്യാജ പുരാവസ്തു ശേഖരം കാണിച്ചു ഉന്നത ഉദ്യോഗസ്ഥരെ മുതൽ സെലിബ്രിറ്റികളെ വരെ കബളിപ്പിച്ച മോൺസന് ചില ട്രോളന്മാർ ഹീറോ പരിവേഷമാണ് നൽകിയിരിക്കുന്നത്. “നാട്ടുകാരെ പറ്റിക്കാൻ ആർക്കും പറ്റും.. ഡിജിപി അടക്കം നാട്ടിലെ സകല സെലിബ്രിറ്റികളെയും പറ്റിക്കാൻ മിനിമം റേഞ്ച് വേണം” എന്നാണ് ഒരു ട്രോൾ പോസ്റ്റ്.
യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിനു ലഭിച്ച 30 വെള്ളിക്കാശിലെ രണ്ടെണ്ണം, കുരിശില്‍ നിന്നിറക്കിയ യേശുവിന്റെ മുഖം തുടച്ച തുണി, ഗാഗുല്ത്തയില് യേശുവിന്റെ കാലടി പതിഞ്ഞ മണ്ണുകൊണ്ടുണ്ടാക്കിയ കുരിശ്, യേശുവിന്റെ മുഖം തുടച്ച തൂവാലയിലെ നൂലു കൊണ്ടുണ്ടാക്കിയ മാല, യേശു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി, മോസയുടെ അംശവടി, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തല്‍ വിളക്ക്, രാജാരവിവര്‍മയുടെ ചിത്രങ്ങള്‍, ടിപ്പുവിന്റെ സിംഹാസനം തുടങ്ങി മോൺസൺ തന്റെ കൈവശം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന എല്ലാ വ്യാജ പുരാവസ്തുക്കളും ട്രോളായി കാണാം.
ട്രോൾ മലയാളം, ഇന്റർനാഷണൽ ചളു യൂണിയൻ, ട്രോൾ സംഘ് തുടങ്ങി സോഷ്യൽ മീഡിയയിലെ എല്ലാ പ്രമുഖ ട്രോൾ പേജുകളിലും ഗ്രൂപ്പുകളിലും ഇന്നലെ മുതൽ മോൺസൺ ട്രോളുകൾ നിറയുകയാണ്. അവയിൽ ചിലത് താഴെ കാണാം.
Also Read: ബിലാലിക്ക ആ പറഞ്ഞത് തെറ്റ്; തെളിവ് നിരത്തി ട്രോളന്മാർ
ചേര്‍ത്തല സ്വദേശിയായ വല്ലയില്‍ മാവുങ്കല്‍ വീട്ടില്‍ മോൺസൺ (52) എന്ന വ്യാജ ഡോക്ടറെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു അറസ്റ്റ്. മകളുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയിലെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മോണ്‍സനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. തങ്ങളില്‍നിന്ന് 2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറു പേര് മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലാണ് മോണ്‍സന്റെ അറസ്റ്റ്.