ഹോംവര്‍ക്കുകളോട് അലര്‍ജ്ജിയുളളവരാണ്  മിക്ക കുട്ടികളും. നമ്മളില്‍ പലരും പഠിച്ചിരുന്ന കാലത്ത് ഹോംവര്‍ക്കുകളോട് അനിഷ്ടമുണ്ടായിരുന്നവര്‍ തന്നെയാണ്. അന്നൊക്കെ അധ്യാപകരുടെ തല്ല് പേടിച്ച് മടിച്ച് മടിച്ചാണെങ്കിലും നമ്മള്‍ ഹോംവര്‍ക്ക് ചെയ്യുകയും ചെയ്യും. ചിലപ്പോള്‍ ക്ലാസില്‍ എത്തിയതിന് ശേഷം സഹപാഠികളുടെ ബുക്ക് നോക്കി പകര്‍ത്തി എഴുത്തായിരിക്കും ശരണം. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ ശരിക്കും ഹൈടെക് ആണ്. ഹോംവര്‍ക്ക് ചെയ്ത് ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് അമേരിക്കയിലെ ന്യൂജഴ്സിയില്‍ നിന്നുളള ഒരു ആണ്‍കുട്ടി.

ആമസോൺ ഡിജിറ്റല്‍ സഹായിയായ അലക്സയുടെ സഹായത്തോടെയാണ് കുട്ടി കണക്കിലെ ഹോംവര്‍ക്ക് ചെയ്യുന്നത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ വൈറലായി മാറി. ട്വിറ്റര്‍ ഉപയോക്താവായ യെരലിന്‍ ആണ് തന്റെ അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ മകനായ ആറ് വയസുകാരന്‍ ജരിയെലിന്റെ വീഡിയോ ആണ് ഇവര്‍ പോസ്റ്റ് ചെയ്തത്.

മകന്‍ കാണാതെ പിന്നില്‍ നിന്നാണ് യെരലിന്‍ വീഡിയോ പകര്‍ത്തിയിരിക്കുന്ന്. ‘അലക്സാ, അഞ്ചില്‍ നിന്ന് മൂന്ന് കുറച്ചാല്‍ എത്രയാണ്?’ എന്നാണ് കുട്ടി ചോദിച്ചത്. ഉത്തരം ‘രണ്ട്’ ആണെന്ന് അലക്സ പറഞ്ഞ് കൊടു്കകുകയും ചെയ്തു. മുറിക്ക് പുറത്തിരിക്കുകയായിരുന്ന താന്‍ മകന്‍ ആരോടോ സംസാരിക്കുന്നത് കേട്ടാണ് അകത്തേക്ക് വന്നചെന്ന് യെരലിന്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞത്. അപ്പോഴാണ് മകന്‍ അലക്സയുടെ സഹായത്തോടെ ഹോംവര്‍ക്കെ ചെയ്യുന്നത് കണ്ടത്. ലക്ഷക്കണക്കിന് പേരാണ് ഇപ്പോള്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കുട്ടിയെ പലരും ട്വിറ്ററില്‍ പുകഴ്ത്തിയെങ്കിലും ഇനിയൊരു കുട്ടിയും ഈ ആര് വയസുകാരനെ കണ്ട് പഠിക്കാതിരിക്കട്ടെ എന്നും കമന്റുകള്‍ നിറഞ്ഞു. എന്തായാലും ആറ് വയസുകാരന്റെ ബുദ്ധിയെ പ്രശംസ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook