കൊച്ചി: രാജസ്ഥാന്‍ റോയല്‍സിന് വിജയം സമ്മാനിച്ച മലയാളി താരം സഞ്ജു സാംസണിന് അഭിനന്ദനവുമായി മോഹന്‍ലാല്‍. മഴ വില്ലനായി എത്തിയ മൽസരത്തില്‍ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനമായിരുന്നു രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഇതോടെയാണ് താരത്തിന് അഭിനന്ദനം അറിയിച്ചു കൊണ്ട് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

മാന്‍ ഓഫ് ദ മാച്ചായ സഞ്ജുവിന്റെ ചിത്രവും മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മഴ കളിച്ച കളിയില്‍ പത്ത് റണ്‍സിനായിരുന്നു രാജസ്ഥാന്റെ വിജയം. മഴനിയമം അനുസരിച്ച് വിജയലക്ഷ്യം പുനര്‍നിർണയിച്ച മൽസരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 71 റണ്‍സായിരുന്നു. എന്നാല്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്ത് ഡല്‍ഹിയുടെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 17.5 ഓവറില്‍ 153/5 എന്ന സ്‌കോറില്‍ നില്‍ക്കെയാണ് മഴയെത്തിയത്. കളിയില്‍ ടോസ് നേടിയ ഡല്‍ഹി, രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 45 റണ്‍സെടുത്ത നായകന്‍ രഹാനെയും, 22 പന്തില്‍ 37 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണുമാണ് രാജസ്ഥാന്റെ വിജയശില്‍പ്പികള്‍. സഞ്ജു തന്നെയാണ് കളിയിലെ താരവും.

ഇടയ്ക്ക് സഞ്ജുവിന്റെ കിടിലന്‍ ഷോട്ടുകൾക്കും മൈതാനം സാക്ഷ്യം വഹിച്ചു. സഞ്ജു 22 പന്തില്‍ 37 റണ്‍സ് നേടി പുറത്തായെങ്കിലും തുടര്‍ന്ന് വന്ന ജോയ് ബട്‌ലര്‍ 27 റണ്‍സ് നേടി. റോയല്‍സ് ഇന്നിങ്സ് കുതിക്കുന്നതിനിടെയായിരുന്നു 18-ാം ഓവറില്‍ മഴയെത്തുന്നത്.

കളി മഴയ്ക്ക് ശേഷം പുനരാരംഭിച്ചപ്പോള്‍ ഡല്‍ഹിയ്ക്ക് ജയിക്കാന്‍ വേണ്ടത് 6 ഓവറില്‍ 71 റണ്‍സ്. ആദ്യ പന്തില്‍ത്തന്നെ ഓപ്പണര്‍ കോളിന്‍ മണ്‍റോയുടെ വിക്കറ്റ് നഷ്ടമായ അവര്‍ക്ക് പിന്നീടൊരിക്കലും മൽസരത്തില്‍ ജയിക്കുമെന്ന തോന്നലുണര്‍ത്താന്‍ കഴിഞ്ഞില്ല. അഞ്ചാം ഓവറിലെ അവസാന പന്തില്‍ 14 പന്തില്‍ 20 റണ്‍സെടുത്ത പന്തും വീണു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ