തിരുവനന്തപുരം: പാലക്കാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി മെട്രോമാൻ ഇ.ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കൂടുതൽ ശക്തി പകർന്ന് നടൻ മോഹൻലാലും. ഓരോ ഭാരതീയനും അഭിമാനിക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ഇ. ശ്രീധരനെന്ന് മോഹൻലാൽ പറഞ്ഞു. മെട്രോമാന് വിജയാശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോയിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ ഇ ശ്രീധരന്റെ സേവനങ്ങൾ ആവശ്യമുണ്ടെന്നും വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറഞ്ഞിരിക്കുന്നു.

അസാധ്യമെന്ന് കരുതിയ കൊങ്കൺ​ റെയിൽവെ ഉൾപ്പെടെയുള്ള ഇ.ശ്രീധരന്റെ നേട്ടങ്ങൾ​ എണ്ണിപ്പറഞ്ഞുകൊണ്ടാണ് മോഹൻലാൽ വോട്ടഭ്യർഥിച്ചത്. വികസനങ്ങളുടെ പാതയിലേക്ക് നാടിനെ കൈപിടിച്ച് കൊണ്ടു പോകാൻ ഇ. ശ്രീധരന് സാധിക്കുമെന്ന് പറഞ്ഞ മോഹൻലാൽ അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേർന്നു.

Read Also: ‘കുക്കൂ… കുക്കൂ…’  ഗാനവുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജീവയും കൺമണിയും; വീഡിയോ

“ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്ക് ഓരോ വ്യക്തിത്വമുണ്ട്, ഇ.ശ്രീധരന്‍ സര്‍. കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 46 ദിവസങ്ങള്‍ കൊണ്ട് പുനര്‍നിര്‍മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വേ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിയ ധീക്ഷണശാലി. ഡല്‍ഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശില്‍പി. ഏല്‍പ്പിച്ച ജോലി സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കി ബാക്കി വന്ന തുക സര്‍ക്കാരിനെ തിരികെ ഏല്‍പ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം. ഭാരതം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാന്‍ ശ്രീ. ഇ. ശ്രീധരന്‍ സര്‍. വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ട്. ശ്രീധരന്‍ സാറിന് എന്റെ എല്ലാ വിജയാശംസകളും,” വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറയുന്നു

അതേസമയം, പാലക്കാട് സീറ്റിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇ. ശ്രീധരൻ. മണ്ഡലത്തിലെ അവസാന ഘട്ട പ്രചാരണം പുരോഗമിക്കുകയാണ്. യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് ഇ. ശ്രീധരൻ അടക്കമുള്ള ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook