തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും മുക്തി നേടുന്ന കേരളം എലിപ്പനിയെ കുറിച്ചുള്ള ആശങ്കയുടെ വക്കിലാണ്. നാലുപാടും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണം നടത്തുന്ന തിരക്കിലുമാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. അതേസമയം ട്രോളുകളിലൂടെ എലിപ്പനി ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുന്നത് പിആര്‍ഡി (ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്) വകുപ്പ്‍. കഴിഞ്ഞ ദിവസം വ്യാപകമായ രീതിയില്‍ പിആര്‍ഡിയുടെ ട്രോളുകള്‍ പ്രചരിച്ചിരുന്നു.

ഇതില്‍ ഒരു ട്രോള്‍ മോഹന്‍ലാല്‍ ചിത്രമായ വന്ദനത്തിലെ രംഗമായിരുന്നു. ‘എന്നോട് പറ എലിപ്പനിക്കുളള ഡോക്സിസൈക്ലിന്‍ കഴിച്ചു എന്ന്’ എന്ന സംഭാഷണത്തോടെയുളള ട്രോളാണ് മോഹന്‍ലാല്‍ തന്നെ ട്വീറ്റ് ചെയ്തിരിക്കുന്നത്. എലിപ്പനി പ്രതിരോധിക്കാനായി ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതിന്റെ ആവശ്യകതയാണ് ട്രോളിലൂടെ പറയുന്നത്. മോഹന്‍ലാല്‍ ഈ ട്രോള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ശ്വഫലമില്ലാത്ത മരുന്നാണ് ഡോക്സിസൈക്ലിന്‍.

പ്രളയത്തിന് പിന്നാലെ എത്തുന്ന പനി പ്രതിരോധിക്കാന്‍ എന്തു ചെയ്യുമെന്നും പനി പ്രതിരോധിക്കാനുള്ള വിവരങ്ങള്‍ എങ്ങനെ ജനങ്ങളില്‍ എത്തിക്കുമെന്നുമുള്ള വെല്ലുവിളിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ട്രോള്‍ എന്ന ആശയം പ്രയോഗിച്ചു നോക്കാമെന്ന ബുദ്ധി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.അരുണില്‍ ഉദിച്ചത്. ഇതിന് കൂട്ടായി അരുണിനൊപ്പം അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.സി ജിപ്‌സണ്‍, അസിസ്റ്റന്റ് എഡിറ്റര്‍മാരായ ജി.ബിന്‍സിലാല്‍, മോത്തി രാജേഷ് എന്നിവരടങ്ങുന്ന പിആര്‍ഡി ടീം എത്തിയതോടെ പിറന്നു വീണത് കിടിലന്‍ ട്രോളുകളായിരുന്നു.

എലിപ്പനിയെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ വളരെ ലളിതമായാണ് ട്രോളുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ട്രോളുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി ആളുകളാണ് ട്രോളുകള്‍ ഷെയര്‍ ചെയ്യുന്നത്. എലിപ്പനിയുടെ ലക്ഷണങ്ങള്‍, രോഗം പരത്തുന്ന ജീവികള്‍, രോഗത്തിന്റെ സങ്കീര്‍ണതകള്‍, പ്രതിരോധം, മുന്‍കരുതലുകള്‍ തുടങ്ങിവയെല്ലാം ട്രോളുകളിലൂടെ മനസിലാക്കാം..

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook