മോഹന്‍ലാലോ മമ്മൂട്ടിയോ? ഇവരില്‍ ആരാണ് നല്ല നടന്‍ എന്ന കാര്യത്തില്‍ മലയാളികൾക്കിടയിലുള്ള തര്‍ക്കം ഒരിക്കലും അവസാനിക്കില്ല. ഈ വാക് പോരുകള്‍ക്ക് പുതിയ കളം തുറന്ന് നല്‍കിയിരിക്കുകയാണ് അമൃത ടിവിയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ‘ലാൽസലാം’ എന്ന പരിപാടിയിലെ രഞ്ജിത്തുമായുള്ള അഭിമുഖം.

മോഹന്‍ലാല്‍ രഞ്ജിത്തിനോട് തൊടുത്തുവിട്ട റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ക്കിടെ ആയിരുന്നു ആ ചോദ്യവും. ‘മോഹൻലാലോ മമ്മൂട്ടിയോ?’ ഒട്ടുമാലോചിക്കാതെ വന്നു രഞ്ജിത്തിന്റെ മറുപടി.. ‘മമ്മൂട്ടി..!’ ഒരു കുസൃതി ചിരിയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

താങ്കള്‍ക്ക് ഇഷ്ടപ്പെട്ട എന്റെ ചിത്രം ഏതെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ‘ഇരുവര്‍’ എന്നും മലയാളത്തിലെ മികച്ച സംവിധായകന്‍ ആരെന്ന ചോദ്യത്തിന് കെ.ജി.ജോർജ് എന്നുമായിരുന്നു രഞ്ജിത്തിന്റെ മറുപടി. മലയാളത്തില്‍ അടുത്തിടെ കണ്ട മികച്ച ചിത്രം ഏതെന്ന ചോദ്യത്തിന് ‘ഒരുപാടുണ്ടെന്നും’. അതിന് ശേഷമായിരുന്നു മോഹൻലാലോ മമ്മൂട്ടിയോ എന്ന ചോദ്യം ലാലേട്ടൻ ഉന്നയിച്ചത്.

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളിലൊരാളായി തിളങ്ങി നിന്ന രഞ്ജിത് സംവിധായകനായി മാറിയത് മോഹന്‍ലാല്‍ ചിത്രം രാവണപ്രഭുവിലൂടെയായിരുന്നു. 2001ല്‍ പുറത്തിറങ്ങിയ ചിത്രം ദേവാസുരത്തിന്റെ തുടര്‍ച്ചയായിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത ചിത്രങ്ങളധികവും മമ്മൂട്ടിക്ക് വേണ്ടിയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തപ്പോള്‍ മമ്മൂട്ടിക്കൊപ്പം ഏഴ് സിനിമകള്‍ ചെയ്തു. രഞ്ജിത് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ പുത്തന്‍പണമായിരുന്നു.

mohanlal

എന്തായാലും രഞ്ജിത്തിന്റെ തുറന്ന് പറച്ചിൽ സോഷ്യൽ മീഡിയയിൽ ഫാൻ ഫൈറ്റിനുള്ള പുതിയ വിഷയമായി മാറിയിരിക്കുകയാണ്. മോഹൻലാൽ വടി കൊടുത്ത് അടി വാങ്ങിയെന്ന് മമ്മൂട്ടി ഫാൻസ് കളിയാക്കുന്പോൾ കൃത്യം മറുപടികളുമായി മോഹൻലാൽ ഫാൻസും രംഗത്തുണ്ട്. സോഷ്യൽ മീഡിയയിൽ വിഷയം കത്തുന്പോൾ പിന്നെ ട്രോളർമാർക്ക് വെറുതെയിരിക്കാനാകുമോ? ‘കിടുവേ’ പറയാവുന്ന നിരവധി ട്രോളുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ചില ട്രോളുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook