ബന്ദിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ജോലിയില്ലാത്തവര്‍ ജോലിക്കു പോകുന്നവരെ ബുദ്ധിമുട്ടിക്കുന്നതിന്റെ പേരാണ് ഇപ്പോള്‍ ബന്ദെന്ന് കൈഫ് പറഞ്ഞു തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കൈഫ് രോഷം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ബന്ദിന്റെ പശ്ചാത്തലത്തിലാണ് കൈഫിന്റെ ട്വീറ്റ്.

ജോലിക്ക് പോകുന്നവര്‍ ജോലിസ്ഥലത്തോ തിരിച്ച് വീട്ടിലോ എത്താതിരിക്കാനുള്ള ശ്രമങ്ങളാണ് ബന്ദ് നടത്തുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ജോലിയില്ലാതെ വീട്ടിലിരിക്കുന്ന ഇവര്‍ റോഡിലിറങ്ങി ജോലിയുള്ളവരെക്കൂടി ബുദ്ധിമുട്ടിപ്പിക്കുന്നു. ബന്ദിന്റെ പുതിയ അര്‍ത്ഥം ഇതാണ്. ഇത് അവസാനിപ്പിക്കണം’ കൈഫ് ട്വീറ്റില്‍ പറയുന്നു.

നിരവധി പേരാണ് ഈ ട്വീറ്റിന് താഴെ കൈഫിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. നിലവിലെ അവസ്ഥയില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് കൈഫ് ഉന്നയിച്ചിരിക്കുന്നതെന്നാണ് ഒരു ആരാധകന്റെ കമന്റ്. കൈഫിന്റെ മറ്റൊരു സിക്സര്‍ എന്നാണ് വേറൊരു ആരാധകന്റെ ട്വീറ്റ്. അതേസമയം കൈഫ് പറയുന്നത് തെറ്റാണെന്നും അല്ലെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കൈഫിന് കഴിയണമെന്നും പറയുന്നവരുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ